കോഴിക്കോട്: ഏപ്രില്‍ 28-നാണ് കടമേരി സ്വദേശി യഹ്യയുടെ ആറുമാസത്തെ അവധി അവസാനിക്കുന്നത്. 27-ന് കോഴിക്കോട് വിമാനത്താവളംവഴി യു.എ.ഇ.യിലേക്ക് പോവാനിരുന്നതായിരുന്നു. യാത്രാവിലക്ക് വന്നതോടെ അവസാന രണ്ടുദിവസം ടിക്കറ്റിന് നാല്പതിനായിരവും അന്‍പതിനായിരവുമൊന്നും കൊടുത്ത് പോകാന്‍ കഴിയാത്തതിനാല്‍ കഫ്റ്റീരിയ ജീവനക്കാരനായ യഹ്യ യാത്ര മാറ്റിവെച്ചിരിക്കുകയാണ്.

ഇങ്ങനെ ടിക്കറ്റ് നിരക്ക് ഉയര്‍ന്നതുകൊണ്ട് യാത്ര മാറ്റിവെച്ച ഒട്ടേറെപ്പേരുണ്ട്. ചെറിയപെരുന്നാള്‍ കഴിഞ്ഞ് മടങ്ങാമെന്നു കരുതുന്നവരൊക്കെ യു.എ.ഇ.യിലേക്കുള്ള യാത്രാവിലക്കില്‍ 10 ദിവസം കൊണ്ടുതന്നെ ഇളവുവരുത്തുമെന്ന പ്രതീക്ഷയില്‍ തുടരുകയാണ്.

വാണിമേല്‍ സ്വദേശി ബഷീര്‍ മുളിവയല്‍ 26-നു പോകാനായി എണ്ണായിരം രൂപയ്ക്കാണ് കോഴിക്കോട് വിമാനത്താവളംവഴി ടിക്കറ്റ് ബുക്ക് ചെയ്തത്. പക്ഷേ, പെട്ടെന്നു മടങ്ങേണ്ടതിനാല്‍ ടിക്കറ്റ് റദ്ദാക്കി കണ്ണൂര്‍ വിമാനത്താവളംവഴി 32,000 രൂപ മുടക്കി പോകേണ്ടിവന്നു. ചില യാത്രക്കാര്‍ക്ക് അവസാനദിവസം ട്രാവല്‍ ഏജന്‍സികള്‍ വിമാനം ചാര്‍ട്ട് ചെയ്തതും എയര്‍ അറേബ്യയും എയര്‍ ഇന്ത്യയുമൊക്കെ അധിക സര്‍വീസുകള്‍ നടത്തിയതും വലിയ ആശ്വാസമായി. രണ്ടുവീതം സര്‍വീസുകളാണ് എയര്‍ അറേബ്യയും എയര്‍ഇന്ത്യയും കോഴിക്കോടുനിന്ന് അധികമായി നടത്തിയതെന്ന് അല്‍ഹിന്ദ് ട്രാവല്‍സ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ എം.പി.എം. മുബാഷിര്‍ പറഞ്ഞു.

പെട്ടെന്ന് വിലക്കേര്‍പ്പെടുത്തേണ്ടിവന്ന സാഹചര്യമുണ്ടായതിനാല്‍ യു.എ.ഇ. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് കഴിഞ്ഞതവണ പോലെയുള്ള ഉദാര സമീപനമുണ്ടാവുമെന്നാണ് പ്രതീക്ഷയെന്ന് ദുബായ് കെ.എം.സി.സി. വൈസ് പ്രസിഡന്റ് ഇബ്രാഹിം മുറിച്ചാണ്ടി പറയുന്നു.