അബുദാബി: മനാറത് അല്‍ സാദിയാത്തില്‍ ഒരുക്കിയിട്ടുള്ള ഗാന്ധി-സായിദ് ഡിജിറ്റല്‍ മ്യൂസിയം ഉദ്ഘാടനം ചെയ്തു. കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജും യുഎഇ വിദേശകാര്യമന്ത്രി ഷെയ്ഖ് അബ്ദുള്ള ബിന്‍ സായിദ് അല്‍ നഹ്യാനും ചേര്‍ന്നാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.

സായിദ് വര്‍ഷാചരണത്തിന്റെ ഭാഗമായി ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിക്കും യുഎഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാനും ആദരമൊരുക്കുന്നതിന്റെ ഭാഗമായാണ് മ്യുസിയം സജ്ജമാക്കിയത്. ഭാവി തലമുറയ്ക്ക് നല്‍കാവുന്ന മികച്ച സന്ദേശമായിരിക്കും സായിദ്-ഗാന്ധി ഡിജിറ്റല്‍ മ്യൂസിയമെന്നും ഇവരുടെ സന്ദേശത്തില്‍നിന്ന് ഒരുപാട് പഠിക്കാനുണ്ടെന്നും ഷെയ്ഖ് അബ്ദുള്ള പറഞ്ഞു.

സമാധാനവും സഹിഷ്ണുതയും ലളിത ജീവിതവും മാതൃകയാക്കിയ മഹാത്മാഗാന്ധിയെയും ഷെയ്ഖ് സായിദിനെയും ഒരേ ഫ്രെയിമില്‍ ചിത്രീകരിക്കാനായതില്‍ അഭിമാനിക്കുന്നുവെന്ന് സുഷമ സ്വരാജ് പറഞ്ഞു.

Content Highlights: Gandhi-Zayed Digital Museum, Abu Dhabi, Sushma Swaraj