ദുബായ്: പ്രവാസിമലയാളികൾ ഓരോരുത്തരും പ്രളയബാധിതമേഖലകളിലെ സഹജീവികൾക്കായി കൈകോർക്കുന്നു. അതിനായി യു.എ.ഇ.യിൽ നിരവധി ശേഖരണകേന്ദ്രങ്ങളാണ് തുറന്നിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകാനും ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് മറ്റുള്ളവർക്ക് ബോധവത്കരണം നൽകുന്നതിനും ഒട്ടേറെ പ്രവാസികൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രയത്നിക്കുന്നുണ്ട്. അവധിക്ക് നാട്ടിലേക്ക്‌ പോയ ഒട്ടേറെപേർ ക്യാമ്പുകളിലേക്ക്‌ സഹായഹസ്തങ്ങളുമായി എത്തുന്നുണ്ട്.

ഷാർജയിൽ ജോലിചെയ്യുന്ന ജീവകാരുണ്യ പ്രവർത്തകനായ കിരൺ രവീന്ദ്രൻ നാട്ടിൽ പ്രളയ ദുരിതബാധിതർക്കൊപ്പമുണ്ട്. തിരുവനന്തപുരം നഗരസഭയിലെ വിവിധ ക്യാമ്പുകൾ, കൂടാതെ കുട്ടനാട്, പൂവം, മനക്കച്ചിറ, പുഴവാത്, വാഴപ്പള്ളി തുടങ്ങി വിവിധ ദുരിതാശ്വാസക്യാമ്പുകളിലും വെള്ളത്തിൽ ഒറ്റപ്പെട്ടുപോയ വീടുകളിലും പച്ചക്കറി, കുടിവെള്ളം, വസ്ത്രം, പായ തുടങ്ങിയ സാധനങ്ങളെല്ലാം കിരൺ സുഹൃത്തുക്കളുടെ സഹായത്തിൽ എത്തിച്ചിട്ടുണ്ട്.

ഷാർജയിൽ താമസിക്കുന്ന മാവേലിക്കര സ്വദേശികളായ സുരേഷ്‌കുമാർ, ഭാര്യ ശ്രീനി എന്നിവർ ക്യാമ്പുകളിൽ കഴിയുന്നവർക്ക് ചൊവ്വാഴ്ച സാധനങ്ങളയച്ചു. ദുരന്തംബാധിച്ച സ്ഥലങ്ങളിൽ സജീവമായി പ്രവർത്തിക്കുന്ന ഷാർജ മലയാളി കൂട്ടായ്മ മുഖേനയാണ് ഈ കുടുംബം നാട്ടിൽ സാധനങ്ങളെത്തിക്കുന്നത്. ഘട്ടങ്ങളായി കൂടുതൽ സഹായങ്ങൾ നൽകാനൊരുങ്ങുകയാണ് ഈ കുടുംബം. ഷാർജയിലുള്ള കൂടുതൽ മലയാളികൾ ജന്മനാട്ടിലുള്ള ദുരന്തത്തിൽപ്പെട്ടവരെ സഹായിക്കാനൊരുങ്ങുന്നുണ്ട്. ആളുകളെ പുനരധിവസിപ്പിക്കാനുംമറ്റുംവേണ്ട സഹായങ്ങൾ ചെയ്യാനായി അതത് സംഘടനകളുടെ പ്രതിനിധികൾ സാധനങ്ങളുമായി കേരളത്തിലേക്ക് പോകാനും തയ്യാറെടുക്കുകയാണ്. പലരിൽനിന്നും സംഭരിച്ച നിത്യോപയോഗസാധനങ്ങളടക്കം അടിയന്തരമായി നാട്ടിലെത്തിക്കുകയാണ് ലക്ഷ്യം.

കോഴിക്കോട് ജില്ലാ കെ.എം.സി.സി.യുടെ കെയർ ആൻഡ് റിലീഫ്

കെയർ ആൻഡ് റിലീഫ് പദ്ധതി നടപ്പാക്കാൻ ദുബായ് കെ.എം.സി.സി. കോഴിക്കോട് ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. ഇതനുസരിച്ച് രക്ഷാപ്രവർത്തനങ്ങളിൽ സജീവമായി ഇടപെട്ട മുസ്‌ലിം യൂത്ത് ലീഗിന്റെ സന്നദ്ധസേവന വിഭാഗമായ വൈറ്റ് ഗാർഡിന് രക്ഷാപ്രവർത്തനത്തിന് ആവശ്യമായ ലൈഫ് ജാക്കറ്റ്, ഫൈബർ ബോട്ടുകൾ, സേഫ്റ്റി ഹെൽമെറ്റ്, ഹൈഡ്രോളിക് കട്ടിങ്‌ ഉപകരണങ്ങൾ, ഹെഡ് ലൈറ്റ് ടോർച്ച് തുടങ്ങി ഒരു ഡസനിലധികംവരുന്ന ഉപകരണങ്ങളടങ്ങിയ 14 കിറ്റുകളാണ് ലഭ്യമാക്കുക. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പാക്കുന്നത്. അത്യാധുനിക ഉപകരണങ്ങളുടെ അഭാവം കാരണം രക്ഷാപ്രവർത്തനങ്ങൾക്ക് ബുദ്ധിമുട്ട് നേരിട്ടുവെന്ന സന്നദ്ധപ്രവർത്തകരുടെ അഭിപ്രായം ഗൗരവത്തിലെടുത്താണ് ഈ തീരുമാനമെന്ന് കോഴിക്കോട് ജില്ലാഭാരവാഹികൾ അറിയിച്ചു.

ദുരിതാശ്വാസക്യാമ്പുകളിൽനിന്ന് സ്വന്തം വീടുകളിലേക്ക് മടങ്ങിപ്പോകുന്നവർക്ക് ദുബായ് കെ.എം.സി.സി. സംസ്ഥാനകമ്മിറ്റിയുമായി സഹകരിച്ച് ഭക്ഷണസാധനങ്ങളുൾപ്പെടെയുള്ള അവശ്യവസ്തുക്കളടങ്ങിയ കിറ്റും വിതരണംചെയ്യും. യോഗത്തിൽ ജില്ലാപ്രസിഡന്റ് ഇസ്മായിൽ ഏറാമല അധ്യക്ഷത വഹിച്ചു. നജീബ് തച്ചംപൊയിൽ, കെ. അബൂബക്കർ മാസ്റ്റർ, ഹംസ കാവിൽ, കെ.പി. മൂസ, ഉമ്മർകോയ നടുവണ്ണൂർ, മുഹമ്മദ് പുറമേരി, അഷ്‌റഫ് ചമ്പോളി തുടങ്ങിയവർ പങ്കെടുത്തു. കെ.പി. മുഹമ്മദ് സ്വാഗതം പറഞ്ഞു.

സഹായവുമായി വോയ്‌സ് ഓഫ് ഹ്യുമാനിറ്റി

കേരളത്തിൽനിന്നുള്ള 50-ഓളം കലാകാരൻമാരുടെ കൂട്ടായ്മയായ വോയ്‌സ് ഓഫ് ഹ്യുമാനിറ്റി മൂന്ന് ശേഖരണകേന്ദ്രങ്ങൾ ദുബായിൽ ആരംഭിച്ചിട്ടുണ്ട്. സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള വസ്ത്രങ്ങൾ, ശുചിത്വവസ്തുക്കൾ, ടോയ്‌ലറ്ററികൾ, സ്‌ലിപ്പറുകൾ തുടങ്ങിയവയും ഓട്‌സ്, ബിസ്‌കറ്റ് തുടങ്ങിയ ചില ഭക്ഷ്യവസ്തുക്കളുമാണ് കൂട്ടായ്മ ശേഖരിക്കുന്നതെന്ന് ജോയന്റ് സെക്രട്ടറി ഷൗക്കി സുലൈമാൻ പറഞ്ഞു.

ശൈഖ് സായിദ് റോഡിലെ പാബ്ലോ കഫെ, കരാമയിലെ ദേ പുട്ട് റെസ്റ്റോറന്റ്, ഖിസൈസിലെ താമറിൻഡ്, മുഹൈസീനയിലെ വൈഡ് റേഞ്ച് റെസ്റ്റോറന്റ്, അൽ ബർഷയിലെ ഗോൾഡൻ ടേസ്റ്റി റെസ്റ്റോറന്റ്, ബർ ദുബായിലെ സ്റ്റാർഗ്രിൽസ് റെസ്റ്റോറന്റ് എന്നിവിടങ്ങളിൽ ആളുകൾക്ക് പ്രളയദുരിതാശ്വാസസംഭാവനകൾ നൽകാം. കേരളത്തിലെ വിവിധ ക്യാമ്പുകളിൽ രക്ഷാപ്രവർത്തനവും ദുരിതാശ്വാസ പ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്ന കൂട്ടായ്മ നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അവശ്യവസ്തുക്കൾ ശേഖരിക്കുന്നത്.

കേരള മുസ്‌ലിം കൾച്ചറൽ സെന്റർ

അബുദാബി: കേരള മുസ്‌ലിം കൾച്ചറൽ സെന്റർ ഇന്ത്യൻ ഇസ്‌ലാമിക് സെന്ററിൽ പ്രളയദുരിത ബാധിതർക്കുള്ള ശേഖരണകേന്ദ്രം തുടങ്ങി. പുതപ്പ്, പായ, കിടക്കവിരി, ടോയ്‌ലറ്ററികൾ, ശുചീകരണ വസ്തുക്കൾ, പാൽപ്പൊടി, ബിസ്‌കറ്റ് എന്നിവയാണ് ഇവർ ശേഖരിക്കുന്നത്.

പെരുങ്കളിയാട്ട സ്വാഗതസംഘത്തിന്റെ സംഭാവന

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്‌ കാസർകോട് ജില്ലയിലെ കല്യോട്ട് ശ്രീ ഭഗവതിക്ഷേത്ര പെരുങ്കളിയാട്ട സ്വാഗതസംഘം ഭാരവാഹികൾ സ്വരൂപിച്ച 25,000 രൂപ നൽകുമെന്ന് ചെയർമാൻ മുരളീധരൻനമ്പ്യാർ നാരന്തട്ട അറിയിച്ചു. പെരുങ്കളിയാട്ടത്തിന്റെ പ്രവർത്തനത്തിനായി കമ്മിറ്റി രൂപവത്കരിച്ച് യു.എ.ഇ.യിൽ പ്രവർത്തിക്കുന്നുണ്ട്. സ്വാഗതസംഘത്തിന്റെ പ്രഥമയോഗം ചെയർമാൻ മുരളീധരൻനായർ ഉദ്ഘാടനം ചെയ്തു. ഓണാഘോഷത്തിന്റെ ഭാഗമായി കാസർകോടുള്ള മുഴുവൻ അനാഥാലായങ്ങൾക്കും അന്നദാനം നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.

നൗഷാദിന് പ്രവാസലോകത്തിന്റെ പെരുന്നാൾസമ്മാനം

പെരുന്നാൾ വിൽപ്പനയ്ക്കായി വെച്ചിരുന്ന വസ്ത്രങ്ങളെല്ലാം ദുരിതബാധിതർക്ക് നൽകിയ നൗഷാദിന്റെ നന്മയ്ക്ക് യു.എ.ഇ.യിൽ നിന്നൊരു പെരുന്നാൾസമ്മാനം. ദുബായിൽ താമസിക്കുന്ന മലയാളിവ്യവസായി സ്മാർട്ട്‌ ട്രാവൽ മാനേജിങ് ഡയറക്ടർ അഫി അഹമ്മദാണ് ഏകദേശം ഒരുലക്ഷം രൂപയുടെ സമ്മാനവും കൂടാതെ നൗഷാദിനും കുടുംബത്തിനും ദുബായ് കാണാനുള്ള അവസരവും നൽകുന്നത്. ഫെയ്‌സ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പ്രളയദുരിതബാധിതർക്കായി പുതിയവസ്ത്രങ്ങൾ നിറച്ച ചാക്കുകൾ ദാനംചെയ്യുന്ന നൗഷാദിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വൈറലായിരുന്നു.

Content Highlights: Flood Relief help from Gulf Malayalees