ദുബായ്: ജലഗതാഗതം പ്രോത്സാഹിപ്പിക്കാനായി ദുബായ് റോഡ്‌സ് ആൻഡ്‌ ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ.ടി.എ.) അഞ്ച് പരമ്പരാഗത അബ്രകൾകൂടി ഏർപ്പെടുത്തുന്നു.

ദുബായ് ക്രീക്കിലും മറീനയിലുമായായിരിക്കും ഇവ പ്രവർത്തിക്കുന്നത്. 24 പേർക്ക് സഞ്ചരിക്കാൻ പാകത്തിലുള്ളതാണ് ഓരോ അബ്രയും. കഴിഞ്ഞ സെപ്റ്റംബറിൽ നിർമാണമാരംഭിച്ച മൂന്ന് അബ്രകൾ ഈ മാസംതന്നെ ആർ.ടി.എ.ക്ക് വിട്ടുകിട്ടും. ബാക്കി രണ്ടെണ്ണം അടുത്തമാസവും എത്തുമെന്ന് ജലഗതാഗതത്തിന്റെ ചുമതല വഹിക്കുന്ന ഡയറക്ടർ അബുബക്കർ അൽ ഹാഷ്മി പറഞ്ഞു. നിശ്ചയദാർഢ്യക്കാർക്കുകൂടി എളുപ്പത്തിൽ ഉപയോഗിക്കാനാവുന്ന വിധത്തിലുള്ള ക്രമീകരണങ്ങളും ഇതിൽ ഏർപ്പെടുത്തിയിട്ടുണ്ട്. ഭാവിയിൽ ഇവ ഇലക്ട്രിക് അബ്രകളാക്കി മാറ്റാനുമാവും.

ദുബായ് വാട്ടർ കനാൽ യാഥാർഥ്യമായതോടെ ദുബായിൽ ജലഗതാഗതമേറെ മുന്നേറിയിട്ടുണ്ട്. വിനോദസഞ്ചാരികളും ഇത് ഏറെ ഇഷ്ടപ്പെടുന്നു. അബ്ര, വാട്ടർ ബസ്, വാട്ടർ ടാക്സി, ഫെറി എന്നിവയിലൂടെ ആർ.ടി.എ.യുടെ ജലഗതാഗത പദ്ധതി ദുബായിയുടെ പൊതുഗതാഗതത്തിന് വലിയ കുതിപ്പാണ് നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Content HIghlights: five more abras for water transportation