എന്താണ് കരിപ്പൂരിന്റെ പ്രശ്നവും അയോഗ്യതയും? മലബാറിലെ ആയിരക്കണക്കിന് വിമാനയാത്രക്കാർ, വിശേഷിച്ച് പ്രവാസികൾ ഈ ചോദ്യം ഉന്നയിക്കാൻ തുടങ്ങിയിട്ട് കാലം കുറേയായി. വർഷങ്ങൾനീണ്ട റൺവേ നവീകരണം ഒരു ഘട്ടം പൂർത്തിയായതോടെ വലിയ വിമാനങ്ങളുടെ സർവീസ് ഉടൻ പുനരാരംഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു എല്ലാവരും. ഇതാ നാളെ, നാളെ എന്നുപറഞ്ഞ് തുടങ്ങിയിട്ടും ഉറപ്പുനൽകിയിട്ടും നാളേറെയായി. പക്ഷേ, കാത്തിരിപ്പിനുമാത്രം അവസാനമില്ല. അതിനിടയിൽ വിമാനത്താവളത്തിന്റെ പദവി താഴ്ത്തിക്കെട്ടാനുള്ള ശ്രമവും നടന്നു.

ജനകീയപ്രതിഷേധം ഉയർന്നപ്പോൾ ആ തീരുമാനം മാറ്റിയെന്ന പ്രഖ്യാപനം വന്നു. അതിനുമുമ്പുതന്നെ വലിയ വിമാനങ്ങൾക്ക് ഇറങ്ങാൻ അനുമതി നൽകാവുന്നതാണെന്ന റിപ്പോർട്ടും രൂപപ്പെട്ടിരുന്നു. പക്ഷേ, വേണ്ടപ്പെട്ട വിഭാഗത്തിന് അത് കൈമാറാതെ ചിലർ വീണ്ടും തടസ്സവാദങ്ങൾ ഉന്നയിച്ചു എന്നതാണ് അടുത്ത കാലത്തുണ്ടായ സംഭവവികാസങ്ങൾ. ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവരുടെ സത്യാഗ്രഹ ഭീഷണിയോടെ വീണ്ടും ചില വീണ്ടുവിചാരങ്ങൾ ഉണ്ടായെന്ന് വാർത്തകൾ വരുന്നു. പക്ഷേ, ഈ ഉറപ്പുകളെല്ലാം എന്ന് പ്രാബല്യത്തിലാവും എന്നത് മാത്രമാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

വിമാനത്താവളത്തിൽ കോഡ് ഇ വിഭാഗത്തിൽപ്പെട്ട വിമാനങ്ങൾ ഇറക്കുന്നതിനായി ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ഈയിടെയാണ് അനുമതി നൽകിയത്. ഇതോടെയാണ് ഇതുവരെ യാത്രാക്ലേശം അനുഭവിച്ചുവന്നിരുന്ന മലബാറിലെ പ്രവാസികളുടെ പ്രതീക്ഷയ്ക്ക് വീണ്ടും ചിറകുമുളച്ചത്. എമിരേറ്റ്‌സ്, സൗദി എയർലൈൻസ് തുടങ്ങിയ വൻ വിമാനക്കമ്പനികൾ നേരത്തേ നിർത്തിവെച്ച സർവീസുകൾ

നടത്താൻ സന്നദ്ധരാണെന്നാണ് അവരുടെ കേന്ദ്രങ്ങൾ നൽകുന്ന സൂചന. എന്നാൽ, ഇപ്പോഴും കരിപ്പൂരിനോട് ഉന്നതങ്ങളിൽ വേണ്ടത്ര അനുഭാവമില്ലെന്ന് ഉറപ്പ്.

റൺവേ റീ കാർപെറ്റിങ്ങിനും മറ്റു അറ്റകുറ്റപ്പണികൾക്കുമായാണ് കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ മൂന്നുവർഷം മുമ്പ് വലിയ വിമാനങ്ങളുടെ സർവീസ് നിർത്തിവെച്ചത് . തുടർന്ന് ഹജ്ജ് ക്യാമ്പ് നെടുമ്പാശ്ശേരിയിലേക്കും മാറ്റി. പണിയെല്ലാം കഴിഞ്ഞെങ്കിലും

ഇപ്പോഴും ചെറുവിമാനങ്ങളുടെ സർവീസുകൾ മാത്രമാണ് അന്താരാഷ്ട്രമെന്ന് വിശേഷിപ്പിക്കപ്പെടുന്ന കരിപ്പൂരിൽ നടക്കുന്നത്. വിമാനങ്ങളുടെ കുറവുമൂലം യാത്രാക്കൂലിയിലും വർധനയുണ്ടായി. സീസണുകളിൽ ടിക്കറ്റ് നിരക്ക് മറ്റെങ്ങുമില്ലാത്ത വിധം കുതിച്ചുകയറുകയായിരുന്നു. മലബാറിലെ, ടൂറിസം, വാണിജ്യ മേഖലകളിലും ഇതിന്റെ പ്രതിഫലനമുണ്ടായി. കാർഗോ വിമാനങ്ങളുടെ സർവീസുകളെയും ഇത് ബാധിച്ചു.

അതിനിടയിലാണ് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം ഉദ്ഘാടനത്തിനായി ഒരുങ്ങുന്നത്. രണ്ടുമാസത്തിനകം, ഏറിയാൽ പുതുവർഷ സമ്മാനമായി കണ്ണൂരിലെ മനോഹരമായ വിമാനത്താവളം പ്രവർത്തനം ആരംഭിക്കും. ഗൾഫ് നാടുകളിലെ വിമാനക്കമ്പനികൾ ഇതിനകം കണ്ണൂരിലേക്ക് താത്‌പര്യം അറിയിച്ചുകഴിഞ്ഞു. എന്നാൽ, വിദേശവിമാനക്കമ്പനികളും ഇന്ത്യയുമായുള്ള ക്വാട്ട പൂർത്തിയായ സ്ഥിതിക്ക് ഇക്കാര്യത്തിൽ പുനഃപരിശോധന ആവശ്യമുണ്ട്. ഇന്ത്യ ആകാശം സ്വതന്ത്രമായി തുറന്നുകൊടുക്കണമെന്നാണ് വിദേശ വിമാനക്കമ്പനികൾ കുറേക്കാലമായി ആവശ്യപ്പെടുന്നത്. അത് വലിയ വിഷയമായിത്തന്നെ നിൽക്കുന്നുണ്ട്. അത് സാധ്യമാവുന്നില്ലെങ്കിൽ കോഴിക്കോട്ടും മംഗലാപുരത്തുമുള്ള ചില ഷെഡ്യൂളുകൾ കണ്ണൂരിലേക്ക് മാറ്റാൻ ഏതാനും വിമാനക്കമ്പനികൾ ആലോചിക്കുന്നുണ്ടെന്നും അണിയറ വർത്തമാനമുണ്ട്.

കോഴിക്കോട് അഥവാ കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നവീകരണത്തിലെ പ്രധാന തടസ്സമായ സ്ഥലമെടുപ്പ് ഇപ്പോഴും എവിടെയുമെത്തിയിട്ടില്ല. മലബാറിന്റെ വികാരമായ കരിപ്പൂരിന്റെ ഈ ദയനീയാവസ്ഥ ഏറ്റവുമധികം നേരിട്ടറിയുന്നതും അത് അനുഭവിക്കുന്നതും പ്രവാസികളാണ്. കൃത്യമായി പറഞ്ഞാൽ മലബാറിൽ നിന്നുള്ള പ്രവാസിമലയാളികൾതന്നെ. ഇതെല്ലാം കണക്കിലെടുത്ത് ’തിരികെവേണം കരിപ്പൂർ’ എന്ന പേരിൽ എല്ലാ ഭാഗത്തുനിന്നും അഭിപ്രായം സ്വരൂപിച്ച് വലിയ പ്രചാരണപരിപാടികളും നടന്നിരുന്നു. അധികൃതരുടെ കണ്ണ് തുറപ്പിക്കാൻ അന്ന് ഇത് നിമിത്തമായി. മലബാർ െഡവലപ്‌മെന്റ് ഫോറം എന്ന സംഘടനയുടെ നേതൃത്വത്തിലായിരുന്നു പ്രക്ഷോഭങ്ങൾ ഏറെയും.

വികസനത്തിന്റെയും നവീകരണത്തിന്റെയും പേരിൽ ഒരു വർഷത്തിലേറെയാണ് റൺവേ ഭാഗികമായി അടച്ചിട്ടത്. റീകാർപ്പറ്റിങ് പൂർത്തിയായതോടെ റൺവേ ഏതാണ്ട് പഴയ നിലയിലേക്ക് തിരിച്ചുവന്നു. ഇനി അവിടെ വരേണ്ടത് വലിയ വിമാനങ്ങളാണ്. സ്ഥലം പോരാ എന്നും കൂടുതൽ സ്ഥലം ഏറ്റെടുക്കണമെന്നുമാണ് തുടക്കം മുതൽ അധികൃതരുടെ നിലപാട്. അത് സംസ്ഥാന സർക്കാരിന്റെ ഉത്തരവാദിത്വവുമാണ്.

റൺവേ ഭാഗികമായി അടച്ചിട്ടപ്പോൾ നെടുമ്പാശ്ശേരിയിലേക്ക് സർവീസ് മാറ്റിയ എമിറേറ്റ്‌സിന് ഇപ്പോൾ അതാണ് കൂടുതൽ ലാഭകരം എന്നത്രെ വിലയിരുത്തൽ. അവിടെനിന്ന് കൂടുതൽ അന്താരാഷ്ട്ര യാത്രക്കാരെ കിട്ടുന്നുവെന്നാണ് എമിറേറ്റ്‌സുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ പറയുന്നത്. നെടുമ്പാശ്ശേരി-ദുബായ് വിമാനങ്ങൾവഴി യൂറോപ്പിലേക്കും അമേരിക്കയിലേക്കുമുള്ള യാത്രക്കാർ കൂടി എന്നാണ് അവരുടെ കണക്ക്.

ഗൾഫ് മലയാളികളുടെ സ്വന്തം വിമാനത്താവളമെന്ന നിലയിൽ അവരുടെ സ്വന്തം വീടുപോലെയായിരുന്നു വർഷങ്ങളായി കരിപ്പൂർ വിമാനത്താവളം. ഇനിയിപ്പോൾ കണ്ണൂരിൽ പുതിയ വിമാനത്താവളം വരുന്നതോടെ കോഴിക്കോട് വിമാനത്താവളത്തിലെ ആളും ആരവവും ഒരു പരിധിവരെ കുറയും. പുതിയൊരു വിമാനത്താവളം വരുമ്പോൾ സ്വാഭാവികമായും എല്ലാവരുടെയും നോട്ടവും ശ്രദ്ധയും അങ്ങോട്ടേക്കാകാനും സാധ്യത ഏറെയാണ്. എന്നാൽ, ഇതൊന്നും കരിപ്പൂരിനെ അവഗണിക്കാനോ തരംതാഴ്ത്താനോ ഉള്ള കാരണങ്ങളല്ല.

കരിപ്പൂരിനെ സംരക്ഷിക്കുക എന്ന മുദ്രാവാക്യവുമായി കോഴിക്കോട്ട്‌ സമരപരിപാടികൾ പലതലങ്ങളിലായി നടന്നിട്ടുണ്ട്. ഇപ്പോഴും അതിനുള്ള തയ്യാറെടുപ്പുകൾ പല കേന്ദ്രങ്ങളിലും നടക്കുന്നു. അധികൃതരുടെ കണ്ണുതുറപ്പിക്കാനും ശ്രദ്ധ ക്ഷണിക്കാനുമായി നടത്തിയ പ്രക്ഷോഭത്തിൽ ഏതാണ്ട്‌ എല്ലാ രാഷ്ട്രീയകക്ഷികളും നേതാക്കളും അണിനിരന്നിരുന്നു. മലബാറിലെ ജനങ്ങളുടെ മുന്നേറ്റത്തിൽനിന്നും പ്രവാസികളുടെ കൈയയച്ച സംഭാവനകളിൽനിന്നും ഉയർന്നുവന്നതാണ് കരിപ്പൂരിലെ വിമാനത്താവളം. കരിപ്പൂരിൽനിന്ന് അന്താരാഷ്ട്ര വിമാനസർവീസുകൾ തുടങ്ങാനായി ഗൾഫ് നാടുകളിലെ പ്രവാസികൾ വലിയ സഹായമാണ് നൽകിയത്. അതിന്റെ കരുത്തിലായിരുന്നു വിമാനത്താവളത്തിന്റെ വികസനവും. കരിപ്പൂർ എന്നത് ജനങ്ങളുടെ വികാരമാണ്.

വലിയ വിമാനങ്ങൾക്ക് ഇറങ്ങാനുള്ള സാങ്കേതിക സൗകര്യങ്ങൾ ഇപ്പോൾ കരിപ്പൂരിൽ ഉണ്ടെന്ന അധികൃതരുടെ സ്ഥിരീകരണം ശരിയാണെങ്കിൽ അത് പ്രയോഗത്തിൽ നടപ്പാക്കി കിട്ടുക എന്നതാണ് ഇനി പ്രധാനം. അതിന് കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ താത്‌പര്യമാണ് അത്യാവശ്യം. ഇക്കാര്യത്തിൽ ശക്തമായ സമ്മർദവും ഇടപെടലും ഉണ്ടാവുമെന്ന് പ്രതീക്ഷിക്കാം. കരിപ്പൂരിനെ വികാരമായി കൊണ്ടുനടക്കുന്ന എല്ലാവരും ആഗ്രഹിക്കുന്നത് ഇത്തരം ഇടപെടലുകളാണ്.