ദുബായ്: ഇന്ത്യയിൽനിന്ന് യു.എ.ഇ.യിലേക്ക് ജൂലായ് ആറുവരെ വിമാനസർവീസ് ഉണ്ടാകില്ലെന്ന് എമിറേറ്റ്‌സ് എയർലൈൻസും അറിയിച്ചു. നേരത്തേ എയർ ഇന്ത്യ എക്സ്പ്രസ് യു.എ.ഇ. സിവിൽ വ്യോമയാനവകുപ്പിനെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരുന്നു. വെബ്‌സൈറ്റിൽ ഇക്കാര്യം വൈകാതെ വരുമെന്നും എമിറേറ്റ്‌സ് അധികൃതർ വ്യക്തമാക്കി. നേരത്തേ ടിക്കറ്റ് ബുക്കുചെയ്തവർ ബന്ധപ്പെട്ടാൽ വേണ്ട നടപടി സ്വീകരിക്കുമെന്നും എമിറേറ്റ്‌സ് ട്വീറ്റ് ചെയ്തു.

ഏപ്രിൽ 24-നാണ് യു.എ.ഇ. ഇന്ത്യക്കാർക്ക് നേരിട്ട് പ്രവേശനവിലക്ക് ഏർപ്പെടുത്തുന്നത്. ഇന്ത്യയിൽ കോവിഡ് കേസുകൾ കുറയുമ്പോൾ മാത്രമേ വിലക്ക് പിൻവലിക്കൂവെന്ന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ അറിയിക്കുകയും ചെയ്തു. ജൂൺ 30-ന് വിലക്ക് മാറുമെന്നും ജൂലായ് ആദ്യവാരം മുതൽ പ്രവേശനം സാധ്യമാകുമെന്നും സൂചനകളുണ്ടായിരുന്നു. എന്നാൽ, ജൂലായ് ആറുവരെ വിലക്ക് നീട്ടുകയായിരുന്നു. 14 ദിവസത്തിനിടെ ഇന്ത്യ സന്ദർശിച്ചവർക്കും യു.എ.ഇ.യിലേക്ക് പ്രവേശിക്കാനാവില്ല. ജൂലായ് ആദ്യവാരത്തിലേക്ക് ടിക്കറ്റ് ബുക്ക്‌ ചെയ്തവർ ട്രാവൽ ഏജൻസികളുമായി ബന്ധപ്പെട്ട് യാത്ര പുനഃക്രമീകരിക്കണമെന്ന് എയർഇന്ത്യ എക്സ്പ്രസും അറിയിച്ചിട്ടുണ്ട്.

അതേസമയം, യു.എ.ഇ. സ്വദേശികൾ, നയതന്ത്ര ഉദ്യോഗസ്ഥർ, ഔദ്യോഗിക പ്രതിനിധികൾ, ബിസിനസുകാർ, ഗോൾഡൻ വിസയുള്ളവർ എന്നിവരെ യാത്രാവിലക്കിൽനിന്ന്‌ ഒഴിവാക്കിയിട്ടുണ്ട്. യു.എ.ഇ.യിൽനിന്ന് ഇന്ത്യയിലേക്ക് വിമാനസർവീസുകളുണ്ട്.