ടെൽ അവീവ്: ഇസ്രയേലും യു.എ.ഇ.യും തമ്മിൽ പൂർണ നയതന്ത്രബന്ധം ആരംഭിച്ചതിനുശേഷം നേരിൽ കാണാതെതന്നെ എൽകാന മാർസിയാനോയും വാലിദ് അൽജാസിമും ഒരുമിച്ചിരുന്നു. രണ്ടുപേരും ചേർന്നു പാടിയ ‘അഹ്‌ലാൻ ബിക്’ അഥവാ ‘ഹലോ യു’ എന്ന ആൽബം ഇതുവരെ 15 ലക്ഷം പേരാണ് യുട്യൂബിൽ കണ്ടത്. ഇസ്രയേലി ഗായകനാണ് മാർസിയാനോ. അൽജാസിം യു.എ.ഇ.ക്കാരനും. രണ്ടുപേരും ബുധനാഴ്ച നേരിൽക്കണ്ടു. ഇസ്രയേലിലെ ടെൽ അവീവിലുള്ള ബെൻ ഗുരിയോൻ വിമാനത്താവളത്തിലെത്തിയ അൽജാസിമിനെ മാർസിയാനോ സ്വീകരിച്ചു. ഇനി ഏതാനും ദിവസം അൽജാസിം ഇസ്രയേലിലുണ്ടാവും.

ഓഗസ്റ്റിലാണ് ഇസ്രയേലും യു.എ.ഇ.യും നയതന്ത്രബന്ധം തുടങ്ങാൻ തീരുമാനിച്ചത്. അമേരിക്കയുടെ മധ്യസ്ഥതയിലായിരുന്നു ഈ തീരുമാനം. അങ്ങനെ ഈജിപ്തിനും ജോർദാനും ശേഷം ഇസ്രയേലുമായി സമാധാന ഉടമ്പടിയുണ്ടാക്കുന്ന ആദ്യ അറബ് രാജ്യമായി യു.എ.ഇ. ബഹ്‌റൈനും യു.എ.ഇ.യുടെ പാത പിന്തുടർന്നു. സെപ്റ്റംബറിൽ വൈറ്റ് ഹൗസിൽവെച്ച് ഇരുരാജ്യങ്ങളും ഇസ്രയേലുമായി ബന്ധം സ്ഥാപിക്കുന്നതിനുള്ള ഉടമ്പടിയിൽ ഒപ്പിട്ടു.

ഇതിലുള്ള സന്തോഷത്തിൽ സെപ്റ്റംബർ 30-ന് മാർസിയാനോയും അൽജാസിമും ചേർന്ന് ആൽബമിറക്കിയത്. അറബിക്കിലും ഹീബ്രുവിലും ഇംഗ്ലീഷിലുമുള്ള ഗാനം ഇസ്രയേലിലും ദുബായിലുമായി റെക്കോഡ് ചെയ്തു. വീഡിയോ കോൺഫറൻസിങ്ങിലൂടെയായിരുന്നു ഇരുവരും ഇതിനുള്ള തയ്യാറെടുപ്പുകൾ നടത്തിയത്.