ദുബായ്: യു.എ.ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ അറബ് ലോകത്തെ എല്ലാ ഭരണത്തലവൻമാർക്കും ബലിപെരുന്നാൾ ആശംസകൾ നേർന്നു.

യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധസേനാ ഉപ സർവസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവരും യു.എ.ഇ. ജനതയ്ക്കും മറ്റ് നേതാക്കൾക്കും പെരുന്നാൾ ആശംസകൾ അറിയിച്ചു.

മറ്റ് അറബ് ഇസ്‌ലാമിക രാജ്യങ്ങളിലെ നേതാക്കൾക്ക് ആയുരാരോഗ്യ സൗഖ്യവും ജനതയ്ക്ക് കൂടുതൽ സന്തോഷവും ആരോഗ്യവും അഭിവൃദ്ധിയും നേരുന്നതായും ഭരണാധികാരികൾ ആശംസിച്ചു.

ഷാർജ ഭരണാധികാരി ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി, അജ്മാൻ ഭരണാധികാരി ശൈഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമി, ഫുജൈറ ഭരണാധികാരി ശൈഖ് ഹമദ് ബിൻ മുഹമ്മദ് അൽ ശർഖി, ഉമ്മുൽ ഖുവൈൻ ഭരണാധികാരി ശൈഖ് സൗദ് ബിൻ റാഷിദ് അൽ മുഅല്ല, റാസൽഖൈമ ഭരണാധികാരി ശൈഖ് സൗദ് ബിൻ സഖർ അൽ ഖാസിമി എന്നിവരും യു.എ.ഇ ജനതയ്ക്കും അറബ് മുസ്‌ലിം രാഷ്ട്രങ്ങൾക്കും പെരുന്നാൾ ആശംസകൾ നേർന്നു.

Content Highlights: Eid wishes from UAE leaders