അതൊരു മനോഹരമായ കാഴ്ചയായിരുന്നു... അതിലേറെ കൗതുകകരവും. അറബ് നാട്ടിലെ ആദ്യത്തെ പരമ്പരാഗതക്ഷേത്രത്തിന്റെ തറക്കല്ലിടൽവേളയിൽ അബുദാബിയിൽ ഹൈന്ദവപുരോഹിതർക്കൊപ്പം യു.എ.ഇ. മന്ത്രിമാരും ഭരണപ്രമുഖരും ശിലയിടുന്നത് നിറഞ്ഞ സദസ്സ് ഹർഷാരവങ്ങളോടെയാണ് സ്വീകരിച്ചത്. അവിടെയും തീർന്നില്ല. ഹിന്ദുക്കളുടെ പുണ്യനദികളായ സിന്ധു, ഗംഗ, യമുന എന്നിവിടങ്ങളിൽനിന്നായി എത്തിച്ച ജലവും അവർ ശിലകളിലൊഴിച്ച് സാഹോദര്യത്തിനും സൗഹൃദത്തിനും പുതിയ ഏടുകൾ രചിക്കുകയായിരുന്നു അവിടെ. ക്ഷേത്രത്തിന്റെ സാരഥ്യം വഹിക്കുന്ന ബാപ്‌സ് സ്വാമി നാരായൺ സൻസ്ഥ ആത്മീയാചാര്യൻ സ്വാമി മഹന്ത് മഹാരാജിന് മുന്നിൽ കുനിഞ്ഞ് അദ്ദേഹം സമ്മാനിച്ച ഹാരങ്ങളും അവർ കഴുത്തിലണിഞ്ഞു.

ഇതൊരു നൂറ്റാണ്ടിൽസംഭവിക്കുന്ന കാര്യം എന്ന വിശേഷണത്തോടെയാണ് സംഘാടകർ യു.എ.ഇ. ഭരണപ്രമുഖരെ ചടങ്ങിലേക്ക് സ്വാഗതം ചെയ്തത്. ഒരു മുസ്‌ലിം രാഷ്ട്രത്തിൽ ഹൈന്ദവക്ഷേത്രം പണിയാൻ സൗജന്യമായി സ്ഥലം വിട്ടുനൽകിയതായിരുന്നു ആ സംഭവത്തിലെ പ്രധാനകാര്യം. ആ ക്ഷേത്രത്തിന് രൂപകല്പന നിർവഹിച്ചതാകട്ടെ ഒരു ക്രൈസ്തവനും. ഇരുനൂറിലേറെ രാജ്യക്കാർ ഒരേ മനസ്സോടെ ജീവിക്കുന്ന യു.എ.ഇ.യിൽ അല്ലാതെ ഇത്തരമൊരു കാര്യം നടക്കില്ലെന്ന സംഘാടകരുടെ പ്രഖ്യാപനത്തിനും കിട്ടി വലിയ കൈയടികൾ.

ദുബായിയുടെയും അബുദാബിയുടെയും ഇടയിൽ, മധ്യപൂർവദേശത്തെ ഏറ്റവുംവലിയ ആരാധനാലയമായാണ് ഈ ക്ഷേത്രം ഉയരാൻ പോകുന്നത്. എല്ലാ ആരാധനാ സമ്പ്രദായങ്ങൾക്കും അവിടെ ഇടമുണ്ടാകും. വിശാലമായ കോൺഫറൻസ് ഹാൾ, ലൈബ്രറി, താമസയിടങ്ങൾ എന്നിങ്ങനെ വലിയ സംവിധാനങ്ങളോടെയാണ് 700 കോടിരൂപ ചെലവിൽ ക്ഷേത്രം നിർമിക്കുന്നത്. ഇതാകട്ടെ സഹിഷ്ണുതയുടെയും മതസൗഹാർദത്തിന്റെയും വലിയ വിളനിലമായി ഭാവിയിൽമാറും. യു.എ.ഇ. എന്ന ഇസ്‌ലാമിക രാജ്യത്തിനാകട്ടെ ലോകമെങ്ങും ഇതൊരു പുതിയ പരിവേഷവും സമ്മാനിക്കുകയാണ്. മതത്തിന്റെയും ജാതിയുടെയും പേരിൽ രാഷ്ട്രീയക്കാർ ജനങ്ങളെ ഭിന്നിപ്പിക്കുന്ന ഇന്ത്യക്കാകട്ടെ ഇതൊരു പാഠവും കൂടിയാണ്.

വിശ്വസംസ്കൃതിയുടെ അടയാളമായാണ് അബുദാബിയിൽ ഈ ശിലാക്ഷേത്രത്തിന്റെ നിർമാണത്തിന് തുടക്കമാവുന്നത്. രാജസ്ഥാനിൽ നിന്നെത്തിക്കുന്ന ചുവന്ന കല്ലിൽ പരമ്പരാഗത ഭാരതീയ വാസ്തുശില്പ വൈഭവം നിറയുന്ന ഈ ക്ഷേത്രത്തിന് പ്രത്യേകതകൾ ഏറെയുണ്ട്. അതിന്റെ രഹസ്യവും ശിലാന്യാസവേളയിൽ സംഘാടകർ വെളിപ്പെടുത്തി. അബുദാബി കിരീടാവകാശിയുടെയും യു.എ.ഇ. വിദേശ കാര്യമന്ത്രിയുടെയും പരിഗണനയ്ക്കായി രണ്ട് മാതൃകകളാണ് ക്ഷേത്രനിർമാണത്തിനായി സംഘാടകർ സമർപ്പിച്ചത്. ഒന്ന് പുറംലോകത്തുനിന്ന് മാറി നിൽക്കുന്ന, മതിൽക്കെട്ടുകൾക്കകത്തെ ആരാധനാലയം. മറ്റൊന്ന് ലോകത്തിന് മുന്നിൽ തുറന്നനിലയിലുള്ള പരമ്പരാഗത ഹൈന്ദവക്ഷേത്രമാതൃക... പരമ്പരാഗത ഹിന്ദുക്ഷേത്രം തന്നെ പണിയണമെന്ന് പ്രഖ്യാപിക്കാൻ യു.എ.ഇ. ഭരണകർത്താക്കൾക്ക് ഒരു നിമിഷംപോലും ആലോചിക്കേണ്ടിവന്നില്ല. അതിനുമുമ്പ് ഡൽഹിയിലെ അക്ഷർധാം ക്ഷേത്രം സന്ദർശിച്ച് അതിന്റെ ശില്പഭംഗിയും സംവിധാനങ്ങളും യു.എ.ഇ. വിദേശകാര്യമന്ത്രി പഠിച്ച കാര്യവും ബാപ്‌സ് അധികൃതർ വെളിപ്പെടുത്തിയപ്പോഴും ഉയർന്നു വലിയ കൈയടി.

ദുബായ്-അബുദാബി പ്രധാന റോഡിനോട് ചേർന്നുള്ള അബു മുറൈഖയിൽ 55,000 ചതുരശ്രമീറ്റർ സ്ഥലത്താണ് ക്ഷേത്രം ഉയരുന്നത്. വിശാലമായ ലൈബ്രറി, ധ്യാനിക്കാനായി അകത്തളങ്ങൾ, ഭക്ഷണശാലകൾ, ഉദ്യാനങ്ങൾ, കായികവിനോദസങ്കേതങ്ങൾ, സമ്മേളനഹാൾ എന്നിവയെല്ലാം ഈ ക്ഷേത്രസങ്കേതത്തിൽ ഉൾപ്പെടുന്നുണ്ട്. യു.എ.ഇ. എന്ന രാജ്യത്തിന്റെ ഭാഗമായ ഏഴ് എമിറേറ്റുകളെ പ്രതിനിധീകരിക്കുന്ന ഏഴ് ഗോപുരങ്ങൾ ക്ഷേത്രസമുച്ചയത്തിന്റെ വലിയ പ്രത്യേകതയാവും. ഇന്ത്യയിലെ വലിയ ക്ഷേത്രങ്ങളെല്ലാം വാസ്തുശില്പങ്ങളുടെ ഒരു വിളംബരം തന്നെയാണ്. ഇന്ത്യയുടെ പരമ്പരാഗത ക്ഷേത്രനിർമാണ ശൈലിയിൽ മൂന്നോ, അഞ്ചോ ഗോപുരങ്ങളാണ് സാധാരണം. ഇന്ത്യൻ വാസ്തുശില്പ വൈദഗ്ധ്യം ലോകത്തിന് മുന്നിൽ അവതരിപ്പിച്ച ബോചാസൻ വാസി അക്ഷർ പുരുഷോത്തം സൻസ്ഥ (ബാപ്‌സ്) എന്ന പ്രസ്ഥാനം അബുദാബിയിലും ആ വൈദഗ്ധ്യം പ്രദർശിപ്പിക്കുന്നുണ്ട്.

ഇന്ത്യയിലെ വലിയ ക്ഷേത്രങ്ങളുടെയെല്ലാം മാതൃക പല തലങ്ങളിലായി അബുദാബിയിൽ ദൃശ്യമാവും. രണ്ടുവർഷംകൊണ്ട് നിർമാണം പൂർത്തിയാവുമ്പോൾ യു.എ.ഇ.യിലെ ഏറ്റവും വലിയ ആകർഷണമായി ഇത് മാറുമെന്നതിലും തർക്കമുണ്ടാവില്ല. അബുദാബിയിലെ ശൈഖ് സായിദ് പള്ളി ലോകത്തിലെത്തന്നെ ഏറ്റവും വലിയ ആരാധനാലയങ്ങളിലൊന്നാണ്. സർവ മതസ്ഥരും പ്രാർഥനാപൂർവം എത്തുന്ന ഇവിടം അറബ് സംസ്കാരത്തിന്റെയും വാസ്തുവിദ്യയുടെയും വലിയ പ്രതീകമാണ്. അത് കാണാൻ എത്തുന്നവർക്ക് ഇന്ത്യയുടെ ശില്പചാരുതകൂടി കാണാൻ അബുദാബിയിൽ സൗകര്യമൊരുങ്ങുന്നു. വിശ്വാസികൾക്കാകട്ടെ വലിയൊരു ആരാധനാലയവുമായി ഇത് ഉയർന്നുനിൽക്കും.

മൂന്ന് പതിറ്റാണ്ടിന് ശേഷം 2015-ൽ ആണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി യു.എ.ഇ.യിൽ എത്തിയത്. നരേന്ദ്രമോദിക്ക് അന്ന് യു.എ.ഇ. നൽകിയ സ്വീകരണം രാജകീയമായിരുന്നു. ആ സന്ദർശനത്തിനിടയിലാണ് മോദിയുടെ അഭ്യർഥന മാനിച്ച് അബുദാബി കിരീടാവകാശിയും യു.എ.ഇ. ഉപസർവ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ക്ഷേത്ര നിർമാണത്തിനായി സ്ഥലം അനുവദിച്ചത്. 2018-ൽ നരേന്ദ്രമോദിയുടെ രണ്ടാം സന്ദർശനവേളയിലാണ് ക്ഷേത്രമാതൃകയുടെ അനാവരണം നടന്നത്. ഇതിനിടയിൽ ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷത്തിൽ മുഖ്യാതിഥിയായി ശൈഖ് മുഹമ്മദ് എത്തിയതും ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം കൂടുതൽ ദൃഢമാക്കി. ഇപ്പോഴിതാ ത്രിവേണിയിലെ പുണ്യജലം അബുദാബിയിലെ ശിലാസ്ഥാപനത്തിനായി തളിച്ചുകൊണ്ട് ആ ബന്ധം കൂടുതൽ ഊഷ്മളവും സൗഹൃദപൂർണവുമാവുകയാണ്. ഇത് ഇന്ത്യയുടെയോ യു.എ.ഇ.യുടെയോ മാത്രമായ സൗഹൃദമല്ല. ലോകമാകെ ശ്രദ്ധിക്കുന്ന, മാനവ സ്നേഹത്തിന്റെ ഉജ്വലമായ അധ്യായം കൂടിയാണ്. മനസ്സുകളുടെ, സംസ്‌കാരത്തിന്റെ, സ്നേഹത്തിന്റെ, മതങ്ങളുടെ സംഗമഭൂമിയായി ഈ ക്ഷേത്രസങ്കേതം ലോകമെങ്ങും അറിയപ്പെടുമെന്ന് പ്രത്യാശിക്കാം.