: മലയാളികൾ ഇപ്പോൾ ലോകമാകെ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. ഓഫീസും വീടും അല്ലെങ്കിൽ ബിസിനസും വീടും അതുമല്ലെങ്കിൽ കൃഷിയും വീടും എന്ന പഴയ സങ്കല്പങ്ങളൊക്കെ മാറി മറിയുകയാണ്. പുതിയ തലമുറ ജോലിതേടി ലോകമാകെ കുടിയേറിത്തുടങ്ങിയപ്പോൾ രക്ഷിതാക്കളെയും ഒരിക്കലെങ്കിലും ആ ലോകം കാണിക്കുന്നതും പതിവ് ശീലങ്ങളിലൊന്നായി മാറി. നേരത്തെ വിമാനത്താവളങ്ങൾ തൊഴിലിനായി പോകുന്ന ഗൾഫ് യാത്രക്കാരെ കൊണ്ടും അവരെ യാത്രയയയ്ക്കാനെത്തുന്ന കുടുംബക്കാരെക്കൊണ്ടുമായിരുന്നു നിറഞ്ഞിരുന്നതെങ്കിൽ വേലിക്കപ്പുറം നിന്നിരുന്ന ആ കുടുംബങ്ങളിലെ വലിയൊരുഭാഗം ഇപ്പോൾ പല ഘട്ടങ്ങളിലായി വിമാനം കയറിക്കൊണ്ടിരിക്കുന്നു. സ്കൂൾ വേനലവധി ആവുന്നതോടെ അവരുടെ ഒഴുക്കിന് ശക്തി കൂടുകയും ചെയ്യും.

ഗൾഫ് മാത്രമല്ല, ഇന്ന് ലോകത്തിൽ എവിടെയും യാത്രപോകാൻ മലയാളിയുടെ മനസ്സ് പാകപ്പെട്ടിരിക്കുന്നു. യാത്രയയപ്പുകളും കല്യാണ സത്കാരങ്ങളും സാമൂഹിക സംഘടനകളുടെ വാർഷിക യോഗങ്ങളുമെല്ലാം ഇപ്പോൾ വിദേശരാജ്യങ്ങളിൽ നടത്തുന്നത് പതിവായിട്ടുണ്ട്. മക്കളുടെയും പേരക്കുട്ടികളുടെയും പിറന്നാളാഘോഷത്തിനായി നാട്ടിൽ നിന്ന് ബന്ധുക്കളെ കൊണ്ടുവരുന്നതും പതിവായിരിക്കുന്നു. കേരളം നാല് അന്താരഷ്ട്ര വിമാനത്താവളങ്ങളുള്ള സംസ്ഥാനമായതും അവയെല്ലാം മിക്കവാറും വിജയകരമായി മുന്നോട്ടുപോകുന്നതും മലയാളികളുടെ ഈ യാത്രാസങ്കല്പം കൊണ്ടുതന്നെയാണ്. യൂറോപ്യൻ നാടുകളിലെന്നപോലെ കൂട്ടമായി നാട് ചുറ്റാൻ പോകുന്നവരുടെ നാടായി കേരളവും മാറിയിട്ടുണ്ട്. ഇത്തരത്തിൽ ബന്ധുക്കളെയും കൂട്ടുകാരെയും ഗൾഫ് നാടുകളിൽ ഉൾപ്പെടെ കൊണ്ടുവരുന്നവരും യാത്രയ്ക്ക് പുറപ്പെുടുന്നവരും പലപ്പോഴും മറക്കുന്ന ഒരു കാര്യം യാത്രയ്ക്കിടയിൽ അപകടമോ അസുഖമോ സംഭവിച്ചേക്കാമെന്ന കാര്യമാണ്. യാത്രയുടെ ആവേശത്തിലും ആഘോഷത്തിനുമിടയിൽ പലരും ഇത് ഓർക്കുന്നില്ല എന്നതാണ് വസ്തുത. പക്ഷെ ഗൾഫ് നാടുകൾ ഉൾപ്പെടെ എല്ലാ രാജ്യത്തേക്കും പോകുന്നവർ നിർബന്ധമായും ട്രാവൽ ഇൻഷുറൻസ് എടുത്തിരിക്കണമെന്ന് വ്യവസ്ഥയുണ്ടെങ്കിലും പലരും അത് മറന്നുപോകുന്നു. ഗൾഫ് നാടുകളാകട്ടെ അത് വലിയ നിർബന്ധവുമാക്കിയിട്ടില്ല. എന്നാൽ അവിചാരിതമായി ഇവിടെവെച്ച് അസുഖം ബാധിച്ച് പതിനായിരക്കണക്കിന് ദിർഹം ആശുപത്രി ബില്ലായി വരുന്നത് ഇപ്പോൾ സാധാരണ സംഭവമായിട്ടുണ്ട്. പ്രത്യേകിച്ചും പ്രായമായ ബന്ധുക്കൾക്കാണ് അസുഖം പിടികൂടാൻ സാധ്യതയേറെ. യാത്ര പുറപ്പെടുമ്പോൾ അമ്പതോ അറുപതോ ദിർഹം കൊടുത്താൽ ട്രാവൽ ഇൻഷുറൻസ് ഉറപ്പാക്കാനാവും. എന്നാൽ തനിക്ക് അത്തരം പ്രശ്നങ്ങളൊന്നും ഉണ്ടാവാറില്ലെന്ന ആത്മവിശ്വാസം കൊണ്ട് യാത്ര ചെയ്യുന്നവർ ഇത് കാര്യമായി എടുക്കുന്നില്ല. യാത്രയ്ക്ക് ഒരുക്കം നടത്തുന്നവരും തിരക്കിനിടയിൽ ഇത് ശ്രദ്ധിക്കാറില്ല. ഫലത്തിൽ അവിചാരിതമായി രോഗമോ അപകടമോ വന്നാൽ ചികിത്സാചെലവ് കൈയിലൊതുങ്ങാറില്ല എന്നതാണ് യാഥാർഥ്യം. കഴിഞ്ഞ ആഴ്ച ഷാർജയിലെത്തിയ ഒരാളുടെ ചികിത്സാചെലവ് ഒന്നരലക്ഷം ദിർഹത്തിലേറെയായി. എങ്ങിനെ അത് അടച്ചുതീർക്കുമെന്നറിയാതെ ഉഴലുകയാണ് യാത്രയൊരുക്കിയ ബന്ധുക്കളും.

ഇതൊരു ഉദാഹരണം മാത്രം. ഇത്തരത്തിൽ നിരവധി സംഭവങ്ങൾ പല ആശുപത്രികളിലുമായി നടന്നതായി പൊതുപ്രവർത്തകരും സാക്ഷ്യപ്പെടുത്തുന്നു. യാത്ര പുറപ്പെടുന്നവർ ഇത്തരത്തിൽ ട്രാവൽ ഇൻഷുറൻസ് എടുക്കാൻ നിർബന്ധമായും തയാറാകണമെന്ന് അവർ ഒരേ സ്വരത്തിൽ അഭിപ്രായപ്പെടുന്നു. ഇത്തരം ഘട്ടങ്ങളിൽ യാത്രയ്ക്ക് തയ്യാറെടുക്കുന്നവരും അതിനായി ടിക്കറ്റ് ബുക്ക് ചെയ്യുന്നവരുമൊക്കെ ഈയിനത്തിലെ ചെലവ് ഒരു ചെലവായി കാണാതിരിക്കുക എന്നതാണ് വേണ്ടത്. രോഗമോ അപകടമോ ആരെയും അറിയിച്ച് വരാറില്ല. എന്നാൽ അത് വന്നുകഴിഞ്ഞാൽ യാത്രയുടെ ആവേശം മാത്രമല്ല, ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സ്വസ്ഥത കൂടിയാണ് നഷ്ടമാകുന്നത്. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട എന്നത് മലയാളത്തിലെ പഴഞ്ചൊല്ല് മാത്രമല്ലെന്ന് നാം തിരിച്ചറിയുകത്തന്നെ വേണം.