ഇനിയും ആരോടാണ് പറയേണ്ടത്, ഏത് വാതിലിലാണ് മുട്ടേണ്ടത്? ....പ്രവാസികൾ ഇപ്പോഴും ചോദിച്ചുകൊണ്ടിരിക്കുന്നു. ഏറെ കാലമായി ഉന്നയിക്കുകയും പിന്നെ കൂട്ടമായി ചർച്ച ചെയ്യുകയും ചെയ്ത ഈ ചോദ്യങ്ങൾക്ക് ഇപ്പോഴും മാറ്റമൊന്നുമില്ല. കാരണം ഇതുവരെ അതിനൊന്നും പരിഹാരമായിട്ടില്ല എന്നതുകൊണ്ടുതന്നെ. പ്രവാസികൾ വിദേശനാടുകളിൽ മരിച്ചാൽ അവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനായി ഇന്ത്യയുടെ വിമാനക്കമ്പനികൾ ഈടാക്കുന്ന കഴുത്തറപ്പൻ നിരക്കിനെ കുറിച്ചും അതിനായി നടത്തുന്ന തൂക്കലുമാണ് ഇപ്പോഴും എവിടെയും എത്താത്ത ചോദ്യങ്ങളും വിവാദവുമായി നിൽക്കുന്നത്.

ഏറ്റവും ഒടുവിൽ മൃതദേഹങ്ങൾ അയക്കാനുള്ള നിരക്കിൽ എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്‌പ്രസും വരുത്തിയ വർധനയാണ് ഇപ്പോഴത്തെ വലിയ ചർച്ചാവിഷയം. പ്രധാനമന്ത്രി മുതൽ എം.എൽ.എ.മാരെവരെ ഇത്തരം കാര്യങ്ങളെല്ലാം പ്രവാസികൾ നിവേദനങ്ങളായും മുഖതാവിലുമെല്ലാം ധരിപ്പിച്ചതാണ്. പതിവുപോലെ എല്ലാവരും പരിഗണിക്കാമെന്നും ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ സമ്മർദം ചെലുത്താമെന്നുമുള്ള മറുപടികളും നൽകിയിട്ടുണ്ട്. എന്നാൽ, ഇപ്പോൾ നടന്നത് ഇതിനെയെല്ലാം വെല്ലുന്ന കാര്യമാണ്. നാട്ടിലേക്ക് മൃതദേഹങ്ങൾ കൊണ്ടുപോകാൻ നിരക്കിൽ നേരത്തേ പ്രഖ്യാപിച്ച സബ്‌സിഡിയും ഇളവും ഇല്ലാതാക്കിയതാണ് ഇപ്പോഴത്തെ വിഷയം. മൃതദേഹങ്ങൾ തൂക്കി നിരക്ക് നിശ്ചയിക്കുന്ന അപരിഷ്കൃതവും നീതി രഹിതവുമായ നടപടിക്ക് പുറമേയാണ് ഈ നിരക്കിലുണ്ടാക്കിയ വർധന. മൃതദേഹങ്ങൾ സൗജന്യമായിത്തന്നെ നാട്ടിലെത്തിക്കാനുള്ള സംവിധാനം ഉണ്ടാവണമെന്നാണ് എത്രയോ വർഷങ്ങളായി പ്രവാസി സംഘടനകൾ ഉന്നയിക്കുന്ന കാര്യം. ഇനി അതിന് സാധ്യതയില്ലെങ്കിൽ വലിയ ബാധ്യതകളാവാത്ത വിധം ഒരു ഏകീകൃതനിരക്ക് വേണം എന്നും അവർ ആവശ്യപ്പെടുന്നു. മൃതദേഹങ്ങൾ കാർഗോ കോംപ്ലക്‌സിലെത്തുന്ന ചരക്ക് പോലെ കാണരുതെന്ന സങ്കടഹർജിയാണ് ഇതിന് പിന്നിലെ ന്യായം. എയർ അറേബ്യപോലുള്ള വിദേശവിമാനക്കമ്പനികൾ ഇത് നേരത്തെ നടപ്പാക്കിക്കഴിഞ്ഞു. പാകിസ്താനും ബംഗ്ളാദേശുമെല്ലാം അവരുടെ പൗരന്മാരുടെ മൃതദേഹങ്ങൾ സൗജന്യമായി നാട്ടിലെത്തിക്കാൻ അവരുടെ ദേശീയ വിമാനക്കമ്പനികൾക്ക് നിർദേശവും നൽകിയിട്ടുണ്ട്.Eenthappanachottil

എന്നാൽ, ഇന്ത്യയുടെ വിദേശകാര്യ വകുപ്പിനോ ദേശീയ വിമാന കമ്പനികൾക്കോ ഈയൊരു ആവശ്യത്തിലെ വികാരം ഇതുവരെ ഉൾക്കൊള്ളാനായിട്ടില്ല. ആയിരക്കണക്കിന് കോടികളുടെ നഷ്ടക്കണക്ക് പറയുന്ന എയർ ഇന്ത്യക്ക് ഇനിയും നഷ്ടംവരാതെ നോക്കാനുള്ള പരിശ്രമമാവാം. എന്നാൽ, വിദേശകാര്യ വകുപ്പിൽനിന്നോ ഇന്ത്യയുടെ വിദേശത്തെ നയതന്ത്ര ഓഫീസുകളിൽ കെട്ടിക്കിടക്കുന്ന വെൽഫയർ ഫണ്ടുകളിൽനിന്നോ ഈ പണം അവർക്ക് അനുവദിച്ചുനൽകിയാൽ ആ പ്രയാസവും പരിഹരിക്കാവുന്നതേയുള്ളൂ. പക്ഷേ, ഇത്തരം കാര്യങ്ങളിൽ നയപരമായ തീരുമാനമെടുക്കാനുള്ള മനസ്സാണ് പ്രധാനം. വിദേശകാര്യവകുപ്പിൽ സാമാന്യം നന്നായി തിളങ്ങുന്ന മന്ത്രി സുഷമാ സ്വരാജിനുപോലും ഇത് മനസ്സിലാക്കാനും ഉൾക്കൊള്ളാനും മനസ്സ് പാകപ്പെടുന്നില്ല എന്നതാണ് ഏറെ സങ്കടകരമായ കാര്യം. മൃതദേഹങ്ങൾ നാട്ടിലേക്ക് കയറ്റി വിടുന്ന അഷ്‌റഫ് താമരശ്ശേരി അത് തൂക്കി നിരക്ക് നിശ്ചയിക്കുന്നത് ഒഴിവാക്കണമെന്ന് ഒരിക്കൽ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് നേരിട്ടുതന്നെ പറഞ്ഞിട്ടുണ്ട്. അനവധി പ്രവാസി സംഗമങ്ങളിൽ ഡൽഹിയിലെ ഉന്നത കേന്ദ്രങ്ങളിലും ഇക്കാര്യം ഉന്നയിക്കപ്പെട്ടിട്ടുണ്ട്.

മൃതദേഹങ്ങളോട് ആദരവ് കാണിക്കുന്നത് ഏത് ജനതയുടെയും വലിയ നന്മകളിലൊന്നാണ്. ഭാരതീയ സംസ്കാരം അത്തരം കാര്യങ്ങളിൽ ആത്മാർഥമായ സമീപനം കാണിക്കാറുമുണ്ട്. പക്ഷേ, ഗൾഫ് നാടുകളിൽനിന്ന് അയക്കുന്ന മൃതദേഹങ്ങളോട് ഈ സംസ്കാരവും സമീപനവും നഷ്ടമാവുന്നു എന്നൊരു തോന്നലാണ് ഇപ്പോഴത്തെ നടപടിക്രമങ്ങൾ വിളിച്ചുപറയുന്നത്. കിലോയ്ക്ക്‌ മുപ്പത് ദിർഹംവരെയാണ് കേരളത്തിലേക്കുള്ള ഇപ്പോഴത്തെ നിരക്ക്. എല്ലാംകൂടി ഏഴായിരം ദിർഹത്തിലേറെ ചെലവാണ് ഒരു മൃതദേഹം നാട്ടിലേക്ക് കയറ്റിവിടാൻ ഇവിടെ ചെലവിടേണ്ടി വരുന്നത്. സാധാരണക്കാരുടെയും പാവം തൊഴിലാളികളുടെയും കൂട്ടിരിപ്പുകാർക്കും സുഹൃത്തുക്കൾക്കുമെല്ലാം ഇതൊക്കെ വലിയ തുകയാണ്, വെല്ലുവിളിയാണ്. നിരവധി രേഖകൾ ശരിയാക്കുന്നതിനിടയിൽ ഈ പണത്തിനുവേണ്ടിയും അവർ ഓടിനടക്കേണ്ടി വരുന്നു. ഇത്തരം നിരവധി കഥകൾ ഇതിനായി മുന്നിട്ടിറങ്ങാറുള്ള പൊതുപ്രവർത്തകർക്ക് പറയാനുണ്ടാവും.

അതുകൊണ്ടുതന്നെയാണ് മൃതദേഹങ്ങൾ അയക്കുന്നതിനുമുമ്പ് അത് തൂക്കിനോക്കുന്നതും അതിന് നിരക്ക് നിശ്ചയിക്കുന്നതുമെല്ലാം ഒഴിവാക്കി പുതിയൊരു സംവിധാനം വേണമെന്ന് സാമൂഹികപ്രവർത്തകരും പ്രവാസി സംഘടനകളുമെല്ലാം ആവശ്യപ്പെടുന്നത്. അക്കാര്യത്തിൽ ഇനിയെങ്കിലും അനുകൂലമായൊരു തീരുമാനം ഉണ്ടാക്കണം. പ്രവാസികൾക്കുവേണ്ടി നാഴികയ്ക്ക് നാൽപ്പതുവട്ടം വേദനിക്കുകയും അവർക്കുവേണ്ടി വിയർപ്പൊഴുക്കുന്നുവെന്ന് പറയുകയും ചെയ്യുന്ന നേതാക്കൾക്ക് ഇതൊരു പുതിയ വിഷയമല്ല. എങ്കിലും ഇനിയും അക്കാര്യത്തിൽ ഒന്നും ചെയ്യാതെ കൈകെട്ടിയിരിക്കുന്നത് ഒരിക്കലും നല്ല കാര്യമല്ല. പ്രവാസികൾക്ക് വോട്ടൊക്കെ വരുന്ന കാലമാണ്. അതും ഓർത്തിരുന്നാൽ എല്ലാവർക്കും കൊള്ളാം.