അങ്ങനെ കാത്തുകാത്തിരുന്ന ആ ദിവസവും കടന്നുപോയി. കണ്ണൂർ വിമാനത്താവളത്തിൽ യാത്രാവിമാനങ്ങളുടെ പരീക്ഷണപ്പറക്കലുകളും വിജയകരമായി പൂർത്തിയാക്കി. ഇനി കേന്ദ്രഗവൺമെന്റിന്റെ ഔപചാരികമായ അംഗീകാരം ലഭിച്ചുകഴിഞ്ഞാൽ വിമാനത്താവളത്തിന്റെ ചുമതലക്കാരായ കിയാലിന് ഉദ്ഘാടനത്തീയതി നിശ്ചയിക്കാം. മുഖ്യമന്ത്രി പിണറായി വിജയൻ ചൊവ്വാഴ്ച അമേരിക്കയിലെ ചികിത്സ കഴിഞ്ഞ് കേരളത്തിലെത്തും. അധികംവൈകാതെ കിയാലിന്റെ യോഗം ചേർന്ന് ഉദ്ഘാടനം ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് അന്തിമരൂപം നൽകുമെന്നാണ് വിവരം.

അതിനുമുമ്പുതന്നെ, ഒക്ടോബർ ഒന്നുമുതൽ കേന്ദ്ര റിസർവ് സേന വിമാനത്താവളത്തിന്റെ സുരക്ഷാചുമതല ഏറ്റെടുക്കുമെന്ന പ്രഖ്യാപനവും വന്നുകഴിഞ്ഞു. അതോടൊപ്പംതന്നെ വിമാനത്താവളത്തിലെ അവസാന മിനുക്കുപണികളും അധികംവൈകാതെ പൂർത്തിയാവും. പക്ഷേ, നിരാശ നൽകുന്ന കാര്യം റോഡുകളുടെ വികസനം തന്നെയാണ്. നാലുവരിപ്പാതകളും ഗ്രീൻഫീൽഡ് റോഡുമൊക്കെ വർഷങ്ങളായുള്ള ആശയങ്ങളാണ്. അവിടവിടെയായി ചില വീതികൂട്ടലുകൾ നടന്നതും ദേശീയപാതയിൽ വിമാനത്താവളത്തിനായുള്ള ദിശാബോർഡുകൾ സ്ഥാപിച്ചതുമൊഴിച്ചാൽ പല റോഡുകളുടെയും നവീകരണം ഇപ്പോഴും ബാക്കിയാണ്.

അതെന്തായാലും സി.എൻ.എൻ. എന്ന കോഡിൽ കണ്ണൂർ ലക്ഷ്യമിട്ട് ആദ്യയാത്രയ്ക്ക് ഒരുങ്ങുകയാണ് പ്രവാസലോകം. പലരും കണ്ണൂരിനായി യാത്രകൾ നീട്ടിവയ്ക്കുകയാണ്. ആദ്യ നാളുകളിൽതന്നെ കണ്ണൂരിലേക്ക് യാത്രചെയ്ത് ചരിത്രത്തിന്റെ ഭാഗമാവാനുള്ള അവസരത്തിനായി കാത്തിരിക്കുകയാണ് അവർ. വർഷങ്ങളായി നടന്നുവന്ന പരിശ്രമങ്ങളുടെ വിജയകരമായ പരിസമാപ്തി വലിയ ആഘോഷമാക്കിമാറ്റാൻ അവർ ആഗ്രഹിക്കുന്നു. വെയ്ക്ക് പോലുള്ള കണ്ണൂരുകാരുടെ പ്രവാസിസംഘടനകൾ വിമാനത്താവളത്തിനായി ഏറെ പരിശ്രമിച്ച കാലം ഉണ്ടായിരുന്നു. അവരെല്ലാം പുതിയ നേട്ടത്തിന്റെ ആവേശം പങ്കുവയ്ക്കുന്നു.

കണ്ണൂരിലൊരു വിമാനത്താവളത്തിനായി നടത്തിയ ശ്രമങ്ങൾക്ക് പതിറ്റാണ്ടുകളുടെ ചരിത്രമുണ്ട്. എൺപതുകളുടെ അവസാനം ചെറിയ മട്ടിൽ ആരംഭിച്ച പ്രക്ഷോഭ, ബോധവത്കരണ പ്രവർത്തനങ്ങളുടെ ഫലമാണ് ഇപ്പോൾ മട്ടന്നൂർ മൂർഖൻപറമ്പിൽ തലയുയർത്തിനിൽക്കുന്ന കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം.

യു.എ.ഇ.യിൽ അബുദാബിയിലേക്കുമാത്രമേ തുടക്കത്തിൽ കണ്ണൂരിൽനിന്ന് സർവീസുള്ളൂ എന്ന വാർത്ത പ്രവാസലോകത്ത് ചെറിയ നിരാശ ഉണ്ടാക്കിയിട്ടുണ്ട്. അബുദാബിക്കുപുറമേ റിയാദ്, ദോഹ എന്നിവയാണ്‌ ഇപ്പോൾ കണ്ണൂർ സർവീസ് പ്രതീക്ഷിക്കുന്നത്.

Eenthappanachottilഎന്നാൽ ഷാർജ, ദുബായ് വിമാനത്താവളങ്ങളും ഈ പട്ടികയിൽ ഇടംപിടിക്കും എന്ന വിശ്വാസത്തിൽ തന്നെയാണ് എല്ലാവരും. ഷാർജയിൽനിന്ന് വിമാനസർവീസ് ആരംഭിക്കുന്നു എന്നുകാണിച്ച്‌ ചില സ്വകാര്യ ട്രാവൽ ഏജൻസികൾ ഇതിനകം പരസ്യങ്ങൾ വരെ നൽകിയിട്ടുണ്ട്. ഗൾഫ് നാടുകളിൽ ഏറ്റവുമേറെ മലയാളികൾ അധിവസിക്കുന്ന യു.എ.ഇ.യിൽനിന്ന് കണ്ണൂരിലേക്ക് കൂടുതൽ സർവീസുകൾ നടത്താൻ എല്ലാ വിമാനക്കമ്പനികൾക്കും താത്‌പര്യവുമുണ്ട്. യു.എ.ഇ.യിൽ താമസിക്കുന്നവരെപോലെത്തന്നെ ആയിരക്കണക്കിന് വിനോദസഞ്ചാരികളും ഇപ്പോൾ യു.എ.ഇ.യിൽ സന്ദർശനത്തിനായി എത്തുന്നുണ്ട്. ഉത്തരമലബാറിന്റെ ടൂറിസം സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താനും ഇതുപകരിക്കും. മലബാർ ക്രൂയിസ് പദ്ധതികൾ ആരംഭിക്കാനിരിക്കെ ഇത് വലിയ ആകർഷണവുമാകും. അതുപോലെത്തന്നെ മലയാളികൾക്ക് ദുബായ് ഇന്ന് വലിയ ടൂറിസ്റ്റ് കേന്ദ്രമാണ്. അതുകൊണ്ടുതന്നെ കണ്ണൂരിലേക്ക് എല്ലായിടത്തുനിന്നും കൂടുതൽ വിമാനസർവീസുകളാണ് ഇനി ആസൂത്രണം ചെയ്യേണ്ടത്.

അതേസമയം, ഉത്തരമലബാറിന്റെ ശാപമായി തുടരുന്ന റോഡുകളുടെ ശോച്യാവസ്ഥ പുതിയ വിമാനത്താവളത്തിന്റെ തിളക്കം കുറയ്ക്കുമോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. വിമാനത്താവളത്തിനായി നടന്ന വികസനസെമിനാറുകളിലും ചർച്ചകളിലുമെല്ലാം ഏറ്റവും ശക്തമായി ഉന്നയിക്കപ്പെട്ട ഒരു വിഷയം വിമാനത്താവളത്തിലേക്കുള്ള റോഡുകളുടെ വികസനവും നവീകരണവുമായിരുന്നു. വിമാനത്താവളം യാഥാർഥ്യമാവുന്നതിന് മുമ്പുതന്നെ റോഡുകൾക്കായുള്ള പ്രവർത്തനങ്ങൾ മുഴുമിപ്പിക്കണമെന്നും എന്നും ആവശ്യം ഉയരാറുണ്ട്. പക്ഷേ, ഇപ്പോഴും റോഡുകളുടെ കാര്യത്തിൽ കണ്ണൂരിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. സ്ഥലമെടുപ്പുതന്നെയായിരുന്നു പ്രധാന തടസ്സം. വയനാട്, കോഴിക്കോട്, കാസർകോട് ജില്ലകളിൽ നിന്നുൾപ്പെടെ വിമാനത്താവളം നിൽക്കുന്ന മട്ടന്നൂരിലേക്കുള്ള നിരവധി റോഡുകൾ നേരത്തേതന്നെ വികസിപ്പിക്കാനായി സർക്കാർ കണ്ടെത്തിയിരുന്നു. പക്ഷേ, വിമാനത്താവളം നിർമാണം പൂർത്തിയാവാറായിട്ടും റോഡുപദ്ധതികൾ പലതും ഇഴയുകയാണ്. ബൈപ്പാസ് റോഡായി വിഭാവനം ചെയ്ത ഗ്രീൻഫീൽഡ് റോഡുപദ്ധതിയോ ബദൽ നിർദേശമോ ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്നുപോലുമില്ല. കണ്ണൂർ ബൈപ്പാസിന്റെയും തലശ്ശേരി ബൈപ്പാസിന്റെയുമൊക്കെ സ്ഥലമെടുപ്പും നിർമാണവും ആരംഭിച്ചുകഴിഞ്ഞതും ചില ഭാഗങ്ങളിൽ കൃത്യമായി മുന്നോട്ടുപോകുന്നതുമാണ് ഇതിനിടയിൽ ആശ്വാസം പകരുന്ന കാര്യങ്ങൾ. എന്നാൽ, വിമാനത്താവളത്തിലേക്കുള്ള റോഡുകളുടെ കാര്യത്തിൽ കൃത്യമായ ആസൂത്രണവും വേഗതയുമാണ് ഇന്ന് അനിവാര്യമായിട്ടുള്ളത്. വിമാനത്താവളത്തിന്റെ കാര്യത്തിൽ കാണിക്കുന്ന താത്‌പര്യം റോഡുകളുടെ കാര്യത്തിലും ഉണ്ടാവണം. എല്ലായിടത്തും പദ്ധതി യാഥാർഥ്യമാകുന്നതിന് മുമ്പുതന്നെ റോഡുകളാണ് ആദ്യം പൂർത്തിയാവാറുള്ളത്. അതുതന്നെയാണ് ശരിയായ ആസൂത്രണവും. എന്നാൽ, കണ്ണൂരിൽ അതുണ്ടായില്ല എന്നതാണ് നിർഭാഗ്യകരമായ കാര്യം. വിമാനത്താവളം യാഥാർഥ്യമാകുന്നതോടെ നൂറുകണക്കിനാളുകൾക്ക് താമസസ്ഥലങ്ങളും ആവശ്യമാണ്. അതിന്റെ കാര്യത്തിലും വലിയ ആസൂത്രണം ഉണ്ടായില്ലെന്നതും യാഥാർഥ്യം. അതെന്തായാലും റോഡുകളുടെ നവീകരണമാണ് പ്രവാസികൾ ഇപ്പോൾ ആവശ്യപ്പെടുന്ന പ്രധാനകാര്യം. അതിൽ ഇനിയും അലംഭാവം ഉണ്ടാവില്ലെന്ന് കരുതാം. വിമാനത്താവളത്തിലേക്കുള്ള വാഹനങ്ങൾ ഭാവിയിൽ റോഡ് വീതികൂട്ടലിന്റെ പേരിൽ വഴിയിൽ കുടുങ്ങിക്കിടക്കാനും ഇഴഞ്ഞുനീങ്ങാനും ഇടവരുത്തില്ലെന്ന് കരുതാം.