അതിജീവിക്കും നമ്മൾ, പണിയും നവകേരളം... ലോകമെങ്ങുമുള്ള മലയാളികളും കേരളവും ഇപ്പോൾ ഏറ്റവും അധികം ഉപയോഗിക്കുകയും ചർച്ച ചെയ്യുകയും ചെയ്യുന്ന വാക്കുകളാണിത്. ഒരു പ്രളയം മലയാളിയെ പലതും പഠിപ്പിച്ചിട്ടുണ്ട്. മനസ്സിലും പുരയിടത്തിലും മതിലുകൾ പണിത് അതിന് മുകളിൽ ഇരുമ്പാണിയും കുപ്പിച്ചില്ലുകളും പാകി പുറത്ത് നിർത്തിയ പല മൂല്യങ്ങളും നന്മകളും തിരിച്ചുകൊണ്ടുവന്നത് ആർത്തലച്ചുവന്ന വെള്ളമാണ്. പലതും കഴുകിത്തുടച്ചാണ് മഴവെള്ളം വാർന്നുപോയത്. വെള്ളം പൊങ്ങിയപ്പോൾ ജാതിയും മതവും വർഗീയതയുമൊന്നും കൈപിടിക്കാൻ എത്തിയില്ലെന്ന് മലയാളി തിരിച്ചറിഞ്ഞു. കൈപിടിക്കാൻ വന്നവരുടെ ജാതിയോ മതമോ രാഷ്ട്രീയമോ ആരും ചോദിച്ചില്ല. സഹായത്തിന് കാത്തിരുന്നവരും അതൊന്നും അന്വേഷിച്ചില്ല. മനുഷ്യൻ മനുഷ്യനെ തിരിച്ചറിഞ്ഞ നാളുകളായിരുന്നു കടന്നുപോയത്. രക്ഷിക്കാൻ വന്ന മത്സ്യത്തൊഴിലാളികളുടെ തോണിയും ഹെലികോപ്റ്ററിൽ നിന്ന് സൈനികർ ഇട്ടുകൊടുത്ത കയറുമെല്ലാം ദൈവങ്ങളായാണ് വെള്ളക്കെടുതിയിൽ പെട്ടവർക്ക് മുന്നിലെത്തിയത്. വെള്ളത്തെ പേടിച്ച് ദുരിതാശ്വാസക്യാമ്പുകളിൽ എത്തിയവർക്കും ഒരേ മനസ്സോടെ കാര്യങ്ങളെ സമീപിക്കാൻ സാധിച്ചു. അതായിരുന്നു പ്രളയം നൽകിയ ആദ്യ പാഠം.

വെള്ളം ഇറങ്ങിയതോടെ ക്യാമ്പുകളിൽനിന്ന് ആയിരങ്ങൾ വീടുകളിലേക്ക് മടങ്ങി. പക്ഷേ, മരണവെപ്രാളത്തിൽ ഇട്ടെറിഞ്ഞുപോയ വീടുകളായിരുന്നില്ല തിരിച്ചുചെന്നപ്പോൾ അവരെ സ്വീകരിച്ചത്. ചെളി മൂടിയ അപകടാവസ്ഥയിലായ നിലയിലായിരുന്നു മിക്ക വീടുകളും. അതെല്ലാം കൂട്ടായയത്നത്തിലൂടെ ശരിയാക്കിയെടുക്കുന്ന തിരക്കാണ് എവിടെയും. പ്രളയക്കെടുതിയിൽ പെട്ടവർക്കായി മുമ്പൊരിക്കലും ഇല്ലാത്തവിധത്തിലുള്ള സഹായസഹകരണങ്ങളാണ് ലോകത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നുമായി പ്രവഹിച്ചത്. പണവും വസ്ത്രവും ആഹാരവും മരുന്നുമെല്ലാമായി പ്രത്യേക വിമാനങ്ങൾ തന്നെ കേരളത്തിൽ പറന്നിറങ്ങി. ഗൾഫ് നാടുകളിലെ പ്രവാസികൾ ഇതിനായി കാണിച്ച താത്‌പര്യവും ഉത്സാഹവും ഏറെ ശ്ലാഘനീയമായിരുന്നു. പ്രവാസിയുടെ ഏറ്റവും വലിയ ആഘോഷമായ ഓണവും പെരുന്നാളുമൊന്നും ഇത്തവണ ഇവിടെ അരങ്ങിലെത്തിയില്ല. അതിനുവേണ്ടി മാറ്റിവെച്ചതും സമാഹരിച്ചതുമായ പണമെല്ലാം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒഴുകി. പ്രവാസലോകത്തെ കോടീശ്വരന്മാർ മാത്രമല്ല, കഫറ്റേരിയകളിലെ സാധാരണ തൊഴിലാളി വരെ അവനവന് കഴിയാവുന്ന വിധത്തിൽ ഇതിൽ അണിചേർന്നു.

എന്നാൽ ഇതല്ല, ഇനി വരാനുള്ള ദിവസങ്ങളാണ് കേരളത്തെ സംബന്ധിച്ചിടത്തോളം പ്രധാനമെന്ന് എല്ലാവർക്കും അറിയാം. നവകേരളമാണ് സൃഷ്ടിക്കാൻ പോകുന്നതെന്ന് മുഖ്യമന്ത്രിയെ ഉദ്ധരിച്ചുതന്നെ എല്ലാവരും ആവർത്തിക്കുന്നു. പ്രകൃതിയുടെ മേൽ കടന്നാക്രമണം നടത്തിയതിന്റെ ഭവിഷ്യത്താണ് ഇപ്പോൾ അനുഭവിക്കുന്നതെന്ന് ഭൂരിഭാഗം പേരും ചൂണ്ടിക്കാണിക്കുന്നുണ്ട്. പലരും പലപ്പോഴായി നൽകിയ മുന്നറിയിപ്പുകൾ അവഗണിക്കപ്പെട്ടതിന്റെ ദുരന്തവും ഇതിന്റെ ആക്കം കൂട്ടി. എന്തായാലും ഇനിയും അത്തരം അതിക്രമങ്ങൾ നടത്തുന്നതിനുമുമ്പ് ഒരു പുനരാലോചന എല്ലാ ഭാഗത്തും ഉണ്ടായെങ്കിൽ നവ കേരളത്തിന് അതൊരു നേട്ടമാകും. അതല്ല, മലയിടിച്ചും അനധികൃത ക്വാറികൾക്കുനേരേ കണ്ണടച്ചും കാടും കായലും പുഴയോരവുമെല്ലാം കൈയേറി തന്നെയാണ് മുന്നോട്ടുള്ള യാത്രയെങ്കിൽ വീണ്ടുമൊരു പ്രളയത്തിനും ഉരുൾപൊട്ടലിനും അധികമൊന്നും കാത്തിരിക്കേണ്ടിവരില്ലെന്ന് മാത്രം.

അതെന്തായാലും ഇനി ഇപ്പോൾ ശ്രദ്ധ മുഴുക്കെ പുതിയ കേരളത്തിന്റെ സൃഷ്ടിയിലാണ് വേണ്ടത്. അക്കാര്യത്തിൽ പ്രവാസികളുടെ സേവനം കൂടി കേരളം ഉപയോഗപ്പെടുത്തേണ്ടതുണ്ട്. പണം പിരിക്കാനും സാധനങ്ങൾ കയറ്റിയയക്കാനും മാത്രമായി ഒതുക്കരുത് പ്രവാസിയുടെ സംഭാവന. മറിച്ച് ഗൾഫ് നാടുകളുടെ നിർമിതിയിൽ അധ്വാനം കൊണ്ടും ബുദ്ധി കൊണ്ടും വലിയ പങ്കുവഹിച്ചവരാണ് മലയാളികൾ. അവരുടെ ആ നൈപുണ്യം എങ്ങനെ കേരളത്തിനായി വിനിയോഗിക്കാം എന്ന കാര്യത്തിൽ കേരളം ഗൗരവപൂർണമായ ചർച്ച നടത്തണം.

ഗൾഫ് നാടുകളിൽ എല്ലാ രംഗത്തും ഏറെ മുന്നിൽ നിൽക്കുന്ന രാജ്യമാണ് യു.എ.ഇ. മാലിന്യസംസ്കരണം, ഊർജസംരക്ഷണം, പരിസ്ഥിതിസൗഹൃദനിർമാണങ്ങൾ എന്നിങ്ങനെ വലിയ രീതിയിൽ വിജയംവരിച്ച പദ്ധതികൾ യു.എ.ഇ.ക്ക് ചൂണ്ടിക്കാട്ടാനുണ്ട്‌. അതിലെല്ലാം മലയാളികളുടെ പങ്കും നിർണായകമാണ്. മരുഭൂമിയെ ഇന്നുകാണുന്ന രീതിയിലേക്ക് മാറ്റിയെടുത്തതിൽ മലയാളികളുടെ പങ്ക് വലുതാണ്. പരിസര ശുചിത്വത്തിന്റെ കാര്യത്തിലും പരിസ്ഥിതിസംരക്ഷണത്തിലും ഇവിടത്തെ ജനത കാണിക്കുന്ന താത്‌പര്യവും ഏറെ വലുതാണ്. ഇത്തരമൊരു അവബോധം സൃഷ്ടിച്ചെടുക്കാനും നവ കേരളസൃഷ്ടിക്കിടയിൽ ശ്രമിക്കേണ്ടതുണ്ട്. ഒരു പാട് ഉദാഹരണങ്ങൾ പ്രവാസികൾക്ക് ഇതിനായി ചൂണ്ടിക്കാട്ടാനുണ്ടാവും. അതിന് കൂടിയാവട്ടെ പുതിയ പ്രഭാതങ്ങൾ. തിരഞ്ഞെടുപ്പ് കാലത്ത് നേതാക്കൾ വന്ന് സംഭാവന വാങ്ങിപ്പോകുന്നത് പോലെ, സ്വീകരണങ്ങളിൽ നിവേദനം വാങ്ങി ഉറപ്പ് നൽകിപ്പോകുന്നത് പോലെയാവാതിരിക്കട്ടെ ഈ പ്രക്രിയയിലെങ്കിലും പ്രവാസികളുടെ പങ്ക്. കേരളത്തിന്റെ കണ്ണീരിനോട് ചേർന്നുനിന്നാണ് ഓരോ പ്രവാസിയും ഇവിടെ ദിവസങ്ങൾ തള്ളിനീക്കിയത്. കാരണം ഇന്നല്ലെങ്കിൽ നാളെ അവൻ തിരിച്ചുപോകേണ്ട മണ്ണാണത്. അതുകൊണ്ടുതന്നെ കേരളത്തിന്റെ ഓരോ തുടിപ്പും പ്രവാസിയുടെ ശ്വാസഗതി നിർണയിക്കുന്നതാണ്. നവകേരള സൃഷ്ടി അവന്റെ കൂടി താത്‌പര്യമാകുന്നതും അതുകൊണ്ടാണ്. പ്രവാസിയുടെ അനുഭവസമ്പത്തും വൈദഗ്‌ധ്യവും ആശയങ്ങളുമെല്ലാം കേരളത്തിന് കരുത്തുപകരുമെന്ന് എല്ലാവരും വിശ്വസിക്കുന്നു.