അബുദാബി: കോവിഡ് മഹാമാരിക്കുശേഷം യു.എ.ഇ.യിലെ സാമ്പത്തികരംഗം തിരിച്ചുവരവിന്റെ പാതയിലെന്ന് അബുദാബിയിലെ ചാർട്ടേഡ് അക്കൗണ്ടന്റുമാരുടെ സംഘടന പത്രസമ്മേളനത്തിൽ അറിയിച്ചു. വിമാനയാത്രകൾ സാധാരണമായതും യു.എ.ഇയി.ലേക്ക് സന്ദർശകപ്രവാഹം ആരംഭിച്ചതും അന്താരാഷ്ട്ര പ്രദർശനങ്ങൾ സജീവമായതുമെല്ലാം ഇതിന്റെ തെളിവുകളാണ്.

ഐ.സി.എ.ഐ.യുടെ 33-മത് വാർഷിക സമ്മേളനം നവംബർ 25,26 തീയതികളിലായി വിവിധ പരിപാടികളോടെ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. വിവിധ വിഷയങ്ങളിൽ പ്രമുഖർ പങ്കെടുക്കുന്ന ചർച്ചകളും സംവാദങ്ങളുമാണ് ദ്വിദിന സമ്മേളനത്തിന്റെ മുഖ്യ അജണ്ട. എച്ച്.ഡി.എഫ്.സി. സി.ഇ.ഒ. കെകി മിസ്‌ട്രി, ബോളിവുഡ് നടൻ ശേഖർ കപൂർ, മണപ്പുറം ഫിനാൻസ് സി.ഇ.ഒ. നന്ദകുമാർ, പാരാലിമ്പിക്‌സ്‌ വെള്ളിമെഡൽ ജേതാവ് ഭവാനി പട്ടേൽ, സീന്യൂസ് സി.ഇ.ഒ. സുധീർ ചൗധരി, സ്റ്റോക്ക് മാർക്കറ്റ് വിദഗ്ധൻ രമേഷ് ഭവാനി എന്നിവർ സെമിനാറിൽ അവതരണങ്ങൾ നടത്തും.

ബോളിവുഡ് സംഗീതസംവിധായകൻ സച്ചിൻ ജിഗർ നയിക്കുന്ന സംഗീതവിരുന്നും 26-ന് വൈകീട്ട് അരങ്ങേറും. ഐ.സി.എ.ഐ .അബുദാബി ചാപ്റ്റർ ചെയർമാൻ നീരജ് റിട്ടോളിയ, വൈസ് ചെയർമാൻ സി.എ. ജോൺ ജോർജ്, ജനറൽ സെക്രട്ടറി എൻ.വി. കൃഷ്ണൻ, ട്രഷറർ രോഹിത് ദൈമ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.