ദുബായ് : സന്ദർശകവിസയിൽ എത്തുന്നവർക്കുള്ള വ്യവസ്ഥകൾ കർശനമാക്കിയതോടെ വ്യവസ്ഥകൾ അറിയാതെ എത്തിയവരെ ദുബായ് തിരിച്ചയക്കുന്നു.
സന്ദർശക വിസയിലെത്തുന്നവർ മടക്ക ടിക്കറ്റും 2000 ദിർഹവും (39,957 രൂപ) താമസിക്കാൻ ഹോട്ടൽ മുറി റിസർവ് ചെയ്ത രേഖകളും ഉണ്ടായിരിക്കണമെന്നാണ് ദുബായ് അധികൃതർ നിർദേശിച്ചിരിക്കുന്നത്. ഈ മാറ്റങ്ങൾ അറിയാതെ ദുബായിലെത്തിയ ഇന്ത്യക്കാർ ഉൾപ്പെടെ അറുനൂറിലേറെ പേർ കഴിഞ്ഞദിവസം ദുബായ് വിമാനത്താവളത്തിൽ കുടുങ്ങിയിരുന്നു. രേഖകൾ നൽകിയാണ് മണിക്കൂറുകൾക്കുശേഷം ഏറെ ഇന്ത്യക്കാർക്ക് വിമാനത്താവളത്തിൽനിന്ന് പുറത്തുകടക്കാനായത്. വിവരങ്ങൾ അറിയാതെ വ്യാഴാഴ്ച ദുബായിൽ വിമാനമിറങ്ങിയ 550 പാകിസ്താൻ പൗരന്മാരെയാണ് വെള്ളിയാഴ്ച തിരിച്ചയച്ചത്.
678 പാക് പൗരന്മാരാണ് ഇത്തരത്തിൽ ദുബായിൽ കുടുങ്ങിയതെന്ന് ദുബായിലെ പാകിസ്താൻ കോൺസുലേറ്റും വിശദീകരിച്ചു. ബാക്കിയുള്ളവരെയും ഉടനെ നാട്ടിലേക്ക് തിരിച്ചയക്കും. വ്യാഴാഴ്ച നൂറോളം ഇന്ത്യക്കാരെയും നാട്ടിലേക്ക് തിരിച്ചയച്ചിരുന്നു.
സന്ദർശക വിസയിലെത്തുന്നവർക്കുള്ള വ്യവസ്ഥകൾ പുതുക്കിക്കൊണ്ട് ബുധനാഴ്ചയാണ് ദുബായ് നിയമത്തിൽ ഭേദഗതി വരുത്തിയത്. ഇതുസംബന്ധിച്ച അറിയിപ്പുകൾ എല്ലാ വിമാനക്കമ്പനികളെയും അറിയിച്ചിട്ടുമുണ്ട്.
ഇതറിയാതെ യാത്ര തിരിച്ചവരാണ് ദുബായ് വിമാനത്താവളത്തിൽ കുടുങ്ങിയത്. ആറു മാസത്തെ ബാങ്ക് സ്റ്റേറ്റ്‌മെന്റും തിരിച്ചുപോകുമെന്നുള്ള സത്യവാങ്മൂലവും കൂടി വേണമെന്ന വ്യവസ്ഥ പിന്നീട് ദുബായ് പിൻവലിച്ചിരുന്നു. അതേസമയം സന്ദർശകരായി എത്തുന്നവർ ആരോഗ്യ ഇൻഷുറൻസ് പോളിസി നിർബന്ധമായും എടുത്തിരിക്കണമെന്നും പുതിയ വ്യവസ്ഥയിൽ പറയുന്നുണ്ട്.