ദുബായ്: താമസ വിസയുള്ളവര്‍ക്ക് ഇന്ന് മുതല്‍ എമിറേറ്റിലേക്ക് മടങ്ങിയെത്താം. ദുബായ് gdrfa.ae എന്ന വെബ്സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് മടങ്ങാന്‍ അനുമതി.  വിമാന സര്‍വീസുകള്‍ സാധാരണ നിലയിലായ രാജ്യങ്ങളിലുള്ളവര്‍ക്കാണ് ഇപ്പോള്‍ മടങ്ങിവരാന്‍ കഴിയുക. ദുബായില്‍ തിരിച്ചെത്താന്‍ മലയാളികള്‍ ഇനിയും കാത്തിരിക്കേണ്ടിവരും.

താമസവിസയിലുള്ളവര്‍  തിരിച്ചെത്തുമ്പോള്‍ പിസിആര്‍ ടെസ്റ്റ് നിര്‍ബന്ധമായും നടത്തണം. കൊവിഡ് 19 പോസിറ്റീവെന്ന് കണ്ടെത്തിയാല്‍ 14 ദിവസത്തേക്കാണ് ക്വാറന്റീന്‍. വീടുകളില്‍ സ്വന്തമായി ഒരു മുറിയും ശുചിമുറിയും ഉള്ളവര്‍ക്ക് ഹോം ക്വാറന്റീന്‍ അനുവദിക്കും.അല്ലാത്തവര്‍ സര്‍ക്കാര്‍ ക്വാറന്റീന്‍ കേന്ദ്രങ്ങളില്‍ പോകണം. ഇതിനുള്ള ചെലവ് അവരവര്‍ വഹിക്കണം. വിമാനത്താവളത്തില്‍ എത്തിയാല്‍ കൊവിഡ്19 dxb  ആപ്പ് നിര്‍ബന്ധമായും ഡൗണ്‍ലോഡ് ചെയ്യണം.

ജുലൈ ഏഴ് മുതല്‍ വിനോദസഞ്ചാരികള്‍ക്കും ദുബായിലെത്താന്‍ അനുമതി നല്‍കിയിട്ടുണ്ട്. പുറപ്പെടുന്നതിന് 96 മണിക്കൂര്‍ മുമ്പെടുത്ത കൊവിഡ് 19 പിസിആര്‍ ടെസ്റ്റ് നെഗറ്റീവാണെന്ന റിപ്പോട്ട്  കൈവശം ഉണ്ടായിരിക്കണം. 

അല്ലെങ്കില്‍ ദുബായ് വിമാനത്താവളത്തില്‍ പിസിആര്‍ ടെസ്റ്റ് നടത്തണം. പോസിറ്റീവെന്ന് കണ്ടെത്തിയാല്‍ 14 ദിവസത്തെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനില്‍ പോകണം. ജൂണ്‍ 23 മുതല്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കും വിദേശയാത്രയ്ക്ക് അനുമതി നല്‍കിയിട്ടുണ്ട് യുഎഇ. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും അനുമതി നല്‍കുക. ഇവര്‍ തിരിച്ചെത്തുമ്പോള്‍ കൊവിഡ് ടെസ്റ്റ് നടത്തണം. യാത്ര ചെയ്യുന്നവര്‍ അന്താരാഷ്ട്ര ആരോഗ്യ ഇന്‍ഷൂറന്‍സ് കാര്‍ഡ് കൈവശം വെയ്ക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശിക്കുന്നു.