ദുബായ്: ജി.സി.സി. രാജ്യങ്ങളിലെ ഇന്ത്യക്കാർ ഉൾപ്പെടെയുള്ള പ്രവാസികളുടെ യു.എ.ഇ. സന്ദർശനത്തിനുള്ള വിസാനടപടികൾ വേഗത്തിലാക്കാൻ ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് നടപടി സ്വീകരിച്ചു. ഇവർക്ക് യു.എ.ഇ. സന്ദർശനത്തിന് മുമ്പുതന്നെ വകുപ്പിന്റെ വെബ്‌സൈറ്റിലൂടെയും gdfra dubai എന്ന മൊബൈൽ ആപ്ലിക്കേഷനിലൂടെയും നേരിട്ട് വിസയ്ക്ക് അപേക്ഷിക്കാം. ജി.സി.സി. രാജ്യങ്ങളിലെ പൗരന്മാർക്ക് പ്രവേശനാനുമതിപത്രത്തിന് (എൻട്രി പെർമിറ്റുകൾ) അപേക്ഷിക്കേണ്ടതില്ലെങ്കിലും അവിടെനിന്നുള്ള പ്രവാസികൾ വിസയ്ക്ക് മുൻകൂട്ടിത്തന്നെ അപേക്ഷിക്കണമായിരുന്നു. അതിനാണ് ഇപ്പോൾ ഓൺലൈൻസംവിധാനം ഏർപ്പെടുത്തിയത്.

പുതിയ സംവിധാനത്തിലൂടെ അപേക്ഷിച്ചവർക്ക് അവരുടെ രേഖകൾ കൃത്യമാണെങ്കിൽ വിസ ഇ-മെയിൽ വഴി അയച്ചുകൊടുക്കുമെന്ന് വകുപ്പിലെ എൻട്രി ആൻഡ് റെസിഡൻസി പെർമിറ്റ് അസിസ്റ്റന്റ് ഡയറക്ടർ കേണൽ ഉമർ അലി അൽ ഷംസി പറഞ്ഞു. ജി.സി.സി. രാജ്യത്തെ കാലാവധിയുള്ള റെസിഡന്റ് വിസയും പാസ്പോർട്ടിൽ ചുരുങ്ങിയത് ആറുമാസത്തെ അംഗീകാരവും വേണം. അപേക്ഷകന്റെ തൊഴിൽതസ്തികകൂടി പരിഗണിച്ചായിരിക്കും തീരുമാനം.

വെബ്‌സൈറ്റിലൂടെയും മൊബൈൽ ആപ്ലിക്കേഷനിലൂടെയും വിസയ്ക്ക് അപേക്ഷിച്ചവർക്ക് ആദ്യതവണ 30 ദിവസത്തെ എൻട്രി പെർമിറ്റാണ് അനുവദിക്കുക. എന്നാൽ, ആസമയംതന്നെ ലഭിച്ച വിസ അടുത്ത 30 ദിവസത്തേക്ക് ദീർഘിപ്പിക്കാനും ഫീസ് അടയ്ക്കാനുമുള്ള സൗകര്യവും ഇത്തരത്തിലുള്ള സംവിധാനനടപടിയിൽ ലഭ്യമാണ്. സന്ദർശനങ്ങൾക്കുള്ള പേമെന്റ് ഉൾപ്പെടെ വിസാനടപടികളുടെ എല്ലാ ഔപചാരികതകളും ഓൺലൈനിൽ ചെയ്യാം. അതുകൊണ്ടുതന്നെ ജി.സി.സി. രാജ്യങ്ങളിലെ പ്രവാസികൾക്ക് വിസയ്ക്ക് അപേക്ഷിക്കാനും ഫീസ് അടയ്ക്കാനും വിമാനത്താവളത്തിൽ കാത്തിരിക്കേണ്ട ആവശ്യമില്ല.

Content Highlights: uae online visa for expats from gcc countries