ദുബായ്: കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ച 154 സലൂണുകള്‍ക്ക് ദുബായ് മുന്‍സിപ്പാലിറ്റി പൂട്ടിട്ടു. വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കര്‍ശന സുരക്ഷാ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് സലൂണുകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാനുള്ള അനുമതി ലഭ്യമാക്കിയത്. 

സാമൂഹിക അകലം പാലിക്കുക, മുഖാവരണങ്ങളും കയ്യുറകളും ധരിക്കുക, മുഴുവന്‍ ഉപഭോക്താക്കളുടെയും ശരീര താപനില പരിശോധിക്കുക, കടയുടെ 30 ശതമാനം മാത്രം ആളുകള്‍ക്ക് പ്രവേശനാനുമതി നല്‍കുക എന്നിവ നിര്‍ബന്ധമാക്കിയിരുന്നു. ഇതിന് പുറമെ ഷേവിംഗ്, വാക്‌സിംഗ് തുടങ്ങിയ പ്രവര്‍ത്തികള്‍ക്കും നിബന്ധനകളുണ്ടായിരുന്നു. 

ഇത്തരം കാര്യങ്ങള്‍ പാലിക്കാതിരുന്ന സലൂണുകളാണ് അടച്ച് പൂട്ടിയതെന്ന് ദുബായ് മുന്‍സിപ്പാലിറ്റി ആരോഗ്യ സുരക്ഷാ വിഭാഗം ഡയറക്ടര്‍ ഡോ. നസീം മുഹമ്മദ് റാഫി പറഞ്ഞു. 715 ഓളം സലൂണുകളില്‍ മുന്‍സിപ്പാലിറ്റി പരിശോധനകള്‍ നടത്തിയിരുന്നു. സലൂണുകളുടെ ഓരോ മുക്കും മൂലകളും കൃത്യമായ ഇടവേളകളില്‍ അണുനശീകരണം നടത്താനും മുന്‍സിപ്പാലിറ്റി നിര്‍ദേശിച്ചിരുന്നു.

Content Highlights: Dubai shuts down 154 salons for choosing to cut beards, waxing