ദുബായ്: സുരക്ഷയും സാങ്കേതികതയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒട്ടേറെ സംരംഭങ്ങളാണ് ദുബായ് പോലീസ് അടുത്തിടെ നടപ്പാക്കിയത്. ക്രൂയിസ് യാത്രകളുടെ സുരക്ഷ ഉറപ്പാക്കുന്ന സേഫ് സെയിൽ എന്ന സ്മാർട്ട് ആപ്പാണ് ഈ പട്ടികയിൽ ഒടുവിലത്തേത്. അടിയന്തര സാഹചര്യങ്ങളിൽ പോലീസുമായി ഉടൻ ബന്ധപ്പെടാം എന്നതാണ് ആപ്പിന്റെ ഏറ്റവും വലിയ പ്രയോജനം.

ക്രൂയിസിന്റെ സഞ്ചാരപഥം ട്രാക്ക് ചെയ്യാനും യാത്രയിലെ കാലതാമസത്തെക്കുറിച്ച് അറിയാനും അപകടങ്ങൾ അധികൃതരെ അറിയിക്കാനും അടിയന്തരസഹായം ലഭ്യമാക്കാനും ഈ ആപ്പ് ഉപഭോക്താക്കളെ സഹായിക്കും. ഇതിനായി യാത്രയുടെ വിവരങ്ങൾ യാത്രക്കാർ ഈ ആപ്പുവഴി രജിസ്റ്റർ ചെയ്യണം. ക്രൂയിസ് ടൂറിസത്തിൽ പ്രധാന ലക്ഷ്യകേന്ദ്രമായി ദുബായ് മാറിയ സാഹചര്യത്തിലാണ് ഏറ്റവുംപുതിയ സാങ്കേതികതയുപയോഗിച്ച് എളുപ്പത്തിൽ സുരക്ഷ ഉറപ്പാക്കാവുന്ന സംവിധാനം ലഭ്യമാക്കുന്നതെന്ന് പോർട്ട് അഫയേഴ്‌സ് മേധാവി മേജർ ജനറൽ അഹമ്മദ് മുഹമ്മദ് ബിൻ താനി പറഞ്ഞു.

സുരക്ഷ മാത്രമല്ല, യാത്ര പോകുന്ന സ്ഥലത്തെക്കുറിച്ചുള്ള മുഴുവൻ വിവരങ്ങളും ഈ ആപ്പ് നൽകും. ഓരോ സ്ഥലത്തിന്റെയും വിശദമായ ഭൂപടങ്ങൾ, െഡ്രെവിങ്ങിനും മറ്റും അനുയോജ്യമായ സ്ഥലങ്ങൾ, കാലാവസ്ഥ തുടങ്ങി ക്രൂയിസിങ്ങിൽ ആവശ്യമായതെന്തും ആപ്പ് വഴി ലഭിക്കും.