ദുബായ്: കാർ വാടകയ്ക്കെടുക്കാൻ വരുന്നവരിൽനിന്ന് പാസ്പോർട്ടുകൾ വാങ്ങി വെക്കരുതെന്ന് റെന്റ് എ കാർ ബിസിനസ് നടത്തുന്നവരോട് ഫെഡറൽ ട്രാഫിക് കൗൺസിൽ നിർദേശിച്ചു. കാർ വാടകയ്ക്ക് നൽകുമ്പോൾ മിക്ക റെന്റ് എ കാർ കമ്പനികളും ഗാരന്റിയായി പാസ്പോർട്ടോ എമിറേറ്റ് ഐഡിയോ വാങ്ങി സൂക്ഷിക്കാറുണ്ട്. കാർ സുരക്ഷിതമായി തിരികെ നൽകിയ ശേഷമേ രേഖകൾ വിട്ടു നൽകിയിരുന്നുള്ളൂ. വാടകയ്ക്ക് എടുത്ത കാറിന് എന്തെങ്കിലും കേടുപാടുകൾ ഉണ്ടെങ്കിൽ നഷ്ട പരിഹാരം കൂടി നൽകിയ ശേഷമേ പാസ്പോർട്ട് തിരികെ നൽകാറുള്ളൂ . എന്നാൽ ഇത് പലപ്പോഴും ദുരുപയോഗം ചെയ്യപ്പെടുന്നതായി പരാതി ഉയർന്ന സാഹചര്യത്തിലാണ് അധികൃതർ നിർദേശം നൽകിയത് .

കാർ വാടകയ്ക്ക് എടുക്കുന്നവരുടെ പാസ്‌പോർട്ട് ഗാരന്റിയായി വാങ്ങിയാൽ അത്തരം സ്ഥാപനങ്ങളുടെ അംഗീകാരം റദ്ദാക്കുമെന്ന് ഫെഡറൽ ട്രാഫിക് കൗൺസിൽ ഡയറക്ടർ മേജർ ജനറൽ മുഹമ്മദ് സൈഫ് അൽ സഫേൻ അറിയിച്ചു. വാടകയ്കെടുക്കുന്ന വ്യക്തിയുടെ ഒറിജിനൽ രേഖകൾ കൈവശം വെക്കാൻ റെന്റ് എ കാർ കമ്പനിയ്ക്ക് ഒരു അധികാരവുമില്ല എന്ന് നേരത്തെ വ്യക്തമാക്കിയതാണ് . ലൈസൻസുമായി ബന്ധപ്പെട്ട വിവരങ്ങൾ ചോദിച്ചറിയാൻ മാത്രമേ സ്ഥാപനങ്ങൾക്ക് അധികാരമുള്ളൂ എന്നും മുഹമ്മദ് സൈഫ് അൽ സഫേൻ വ്യക്തമാക്കി.

Content Highlights: Dubai rent a car dealers dont keep customers passport