ദുബായ്: വൈറ്റ് ഹൗസ് ഉദ്യോഗസ്ഥരുടെ ഇ-മെയില്‍ അക്കൗണ്ടുകള്‍ ചോര്‍ത്തുന്ന സംഘത്തെ ദുബായ് പോലീസ് പിടികൂടി. പ്രതികള്‍ യു.എ.ഇ.യില്‍ ഉണ്ടായിരിക്കാമെന്ന യു.എസ്. സര്‍ക്കാറില്‍നിന്നുള്ള സൂചനയുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം നടത്തിയത്. അഞ്ച് പ്രമുഖ ഉദ്യോഗസ്ഥരുടെ ഇ-മെയിലുകളാണ് മൂന്നംഗ ആഫ്രിക്കന്‍ സംഘം ഹാക്ക് ചെയ്തിരുന്നത്.

വിവരം ലഭിച്ച് രണ്ട് മണിക്കൂറിനകംതന്നെ സംഘം അജ്മാനിലെ അപ്പാര്‍ട്‌മെന്റില്‍ ഉള്ളതായി പോലീസ് സൈബര്‍ ക്രൈം വിഭാഗത്തിന് കണ്ടെത്താന്‍ സാധിച്ചിരുന്നു. തുടര്‍ന്ന് ഇരു എമിറേറ്റുകളിലെയും പോലീസ് സംയുക്തമായാണ് സംഘത്തെ വലയില്‍ കുടുക്കിയത്. ആഫ്രിക്കന്‍ വംശജരാണ് പ്രതികള്‍. സംഘം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പോലീസ് ബലം പ്രയോഗിച്ച് കീഴ്‌പ്പെടുത്തി.

യു.എസ്സിലെ ഭരണനേതൃത്വത്തിലെ പ്രമുഖരെ ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള ഇ -മെയിലുകളും സംഘം അയച്ചിരുന്നതായാണ് വിവരം. നേരത്തെയും ഇവര്‍ ഇത്തരത്തിലുള്ള ഇ -മെയില്‍ ചോര്‍ത്തല്‍ നടത്തിയിരുന്നു. ഉന്നതകേന്ദ്രങ്ങളില്‍നിന്നുള്ള വിവരങ്ങള്‍ ചോര്‍ത്തി എതിര്‍സംഘങ്ങള്‍ക്ക് വിറ്റ് പണമുണ്ടാക്കുകയാണ് ഇവരുടെ രീതി. ഓരോ ഓപറേഷനും പൂര്‍ത്തിയാകുമ്പോള്‍ മറ്റൊരു രാജ്യത്തേക്ക് കടക്കും. എന്നാല്‍, സംഘം ഇതാദ്യമായാണ് യു.എ.ഇ. കേന്ദ്രീകരിച്ച് തട്ടിപ്പ് പദ്ധതിയിടുന്നത്. പ്രതികളെ പിടികൂടാന്‍ സഹായം അഭ്യര്‍ഥിച്ചുകൊണ്ട് യു.എസ്. സര്‍ക്കാര്‍ ദുബായ് പോലീസിന് സന്ദേശം നല്‍കുകയായിരുന്നു.