ദുബായ്: അൽ അവീർ പഴം-പച്ചക്കറി മാർക്കറ്റിലെ ലോറിഡ്രൈവർമാർക്കായി ദുബായ് പോലീസ് ട്രാഫിക് വിഭാഗത്തിന്റെ നേതൃത്വത്തിൽ ‘സേഫ്റ്റി ഓൺ ദ റോഡ്’ ബോധവത്കരണപരിപാടിക്ക് തുടക്കമായി. ലോറിഡ്രൈവർമാർക്കിടയിൽ ട്രാഫിക് നിയന്ത്രണങ്ങളെക്കുറിച്ചും സുരക്ഷയെക്കുറിച്ചും അവബോധം വളർത്തുകയാണ് പരിപാടിയുടെ ലക്ഷ്യം. അൽ സെർക്കൽ കമ്പനി, ദുബായ് മുനിസിപ്പാലിറ്റി, റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി എന്നിവയും പരിപാടിയുമായി സഹകരിക്കുന്നുണ്ട്.
ദുബായ് പോലീസ് കമാൻഡർ ഇൻ ചീഫ് ഓപ്പറേഷൻസ് ആക്ടിങ് അസിസ്റ്റന്റ് മേജർ ജനറൽ അബ്ദുല്ല അലി അൽ ഗൈതി, ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ സെയ്ഫ് മഹിർ അൽ മസ്രൂയി തുടങ്ങി മറ്റ് പ്രധാന ഉദ്യോഗസ്ഥരും ബോധവത്‌കരണപരിപാടിയുടെ ഭാഗമാകും.
നാലുദിവസങ്ങളിലായി നടക്കുന്ന പരിപാടിയിൽ പ്രമുഖരുടെ പ്രഭാഷണങ്ങൾ, ബോധവത്‌കരണ ലഘുലേഖകളുടെ വിതരണം, ട്രക്ക് ടയറുകളുടെ സൗജന്യ പരിശോധന എന്നിവയുമുണ്ടാകുമെന്ന് അൽ മസ്രൂയി ചൂണ്ടിക്കാട്ടി. ഗതാഗതനിയമങ്ങൾ കൃത്യമായി പാലിക്കുന്ന ലോറിഡ്രൈവർമാർക്ക് സമ്മാനങ്ങൾ നൽകും. കൂടാതെ അവർക്ക് ഷുഗർ, രക്തസമ്മർദപരിശോധന എന്നിവയും സൗജന്യമായി നൽകും.