അബുദാബി: മൊബൈൽ ഫോൺ തട്ടിപ്പിനെതിരേ ശക്തമായ ബോധവത്കരണവുമായി അബുദാബി പോലീസ്. സമൂഹത്തിലെ എല്ലാ തുറകളിലേക്കും സന്ദേശമെത്തിക്കുക എന്ന ലക്ഷ്യത്തോടെ അറബി, ഇംഗ്ലീഷ്, ഉറുദു, ഹിന്ദി തുടങ്ങിയ ഭാഷകളിലാണ് പോലീസ് ബോധവത്കരണം നടത്തുന്നത്.

മൊബൈൽ ഉപയോഗിച്ച് തട്ടിപ്പ് നടത്തുന്ന 13 സംഘങ്ങളിലുള്ള 142 പേരാണ് കഴിഞ്ഞ വർഷം അബുദാബി പോലീസിന്റെ പിടിയിലായത്. അബുദാബി, അജ്മാൻ, ഷാർജ, ദുബായ് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്ന് അബുദാബി ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വകുപ്പ് കാര്യാലയത്തിൽ നടന്ന പത്രസമ്മേളനത്തിൽ പോലീസ് അറിയിച്ചു.

ബാങ്ക് ഉദ്യോഗസ്ഥരാണെന്ന് പരിചയപ്പെടുത്തി ആളുകളുടെ രഹസ്യവിവരങ്ങൾ മനസ്സിലാക്കൽ, സമ്മാന വിജയികളായെന്ന് അറിയിച്ച് ആളുകളെ കബളിപ്പിക്കൽ, മൊബൈൽ നമ്പറിൽ സമ്മാനമടിച്ചിരിക്കുന്നു, ഏതെങ്കിലും പ്രധാന ദിനത്തിൽ സംഭാവനകൾ സ്വീകരിക്കുന്നു, ബാങ്ക് ചെക്കിന്റെയോ തിരിച്ചറിയൽ കാർഡിന്റെയോ പകർപ്പ് അയക്കുക, ഉടൻ ജീവനക്കാർ ബന്ധപ്പെടുക തുടങ്ങിയ സന്ദേശങ്ങൾ നൽകിയാണ് തട്ടിപ്പ് സംഘങ്ങൾ പൊതുവെ ആളുകളെ ബന്ധപ്പെടാറുള്ളതെന്ന് പോലീസ് അറിയിച്ചു. യു.എ.ഇയിലെ ടെലികോം സേവന ദാതാക്കളോ ബാങ്കുകളോ സമ്മാനം ലഭിച്ചുവെന്ന പേരിൽ ഉപഭോക്താക്കളെ ഒരിക്കലും ഫോണിൽ വിളിക്കില്ല. ജനങ്ങളുടെ അറിവില്ലായ്മയും അത്യാഗ്രഹവും മുതലെടുത്ത് മാത്രമേ ഇത്തരം തട്ടിപ്പ് സംഘങ്ങൾക്ക് പ്രവർത്തിക്കാൻ കഴിയുകയുള്ളുവെന്നും പോലീസ് വിശദമാക്കി.

പരിചയമില്ലാത്ത ഒരാളുമായി മൊബൈൽ ഫോൺ വഴി ഒരിക്കലും വ്യക്തിപരമായ വിവരങ്ങൾ പങ്കുവെക്കരുത്. കൂടുതൽ സമയം ഫോണിൽ തുടരുന്നത് ആളുകളുടെ കൂടുതൽ വിവരങ്ങൾ ഇത്തരം സംഘങ്ങൾക്ക് ലഭിക്കാൻ ഇടയാകും. എമിറേറ്റ്‌സ് ഐ.ഡി. നമ്പർ ബാങ്ക്, ഗവണ്മെന്റ് ഇടപാടുകളിൽ ഉപയോഗിക്കുന്നതിനാൽ പരിചയമില്ലാത്തവരുമായി പങ്ക് വെക്കരുത്. ഇലക്ട്രോണിക് പിൻ നമ്പരുകൾ ആരുമായും പങ്ക് വെക്കരുതെന്നും പോലീസ് മുന്നറിയിപ്പ് നൽകി. ഏതെങ്കിലും തരത്തിലുള്ള തട്ടിപ്പിനിരയായാലോ സംശയകരമായ ഇടപാടുകൾ നടന്നാലോ 8002626 എന്ന നമ്പരിൽ വിവരമറിയിക്കണം.

ഏറ്റവുമൊടുവിൽ ദുബായ് അജ്മാൻ പോലീസിന്റെ സഹകരണത്തോടെ 28 പേരടങ്ങുന്ന കവർച്ചാ സംഘമാണ് പിടിയിലായതെന്നും അബുദാബി പോലീസ് സി.ഐ.ഡി. വിഭാഗം ഡയറക്ടർ ലഫ്റ്റനന്റ് കേണൽ യൂസഫ് മുഹമ്മദ് അൽ സാബി പറഞ്ഞു. കമ്യൂണിറ്റി പോലീസ് തലവൻ ലഫ്റ്റനന്റ് കേണൽ സൈഫ് അലി അൽ ജാബ്രി, ഐ.ടി. വിഭാഗം തലവൻ മേജർ നാസർ അബ്ദുല്ല അൽ സാദി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Content Highlights: Dubai Police issues warning about online scams