ദുബായ്: സ്വകാര്യതയും സുരക്ഷയും വർധിപ്പിക്കുന്നതിനായി എമിറേറ്റിലുടനീളമുള്ള പാർപ്പിട പരിസരങ്ങളിലെ കളിസ്ഥലങ്ങളിൽ ദുബായ് മുനിസിപ്പാലിറ്റി ഇ-ഗേറ്റുകൾ സ്ഥാപിക്കും. കുട്ടികൾക്കുള്ള 23 കളിസ്ഥലങ്ങൾ, 10 സ്‌പോർട്‌സ് മൈതാനങ്ങൾ എന്നിവയുള്ള 33 പ്രദേശങ്ങളിലെ താമസക്കാർക്കാണ് ഇ-ഗേറ്റുകൾക്കുള്ള സൗജന്യ സ്മാർട്ട് കാർഡുകൾ വിതരണംചെയ്യുക. ഘട്ടംഘട്ടമായാണ് വിതരണം പൂർത്തിയാക്കുക.

ആദ്യഘട്ടത്തിൽ 33 പ്രദേശങ്ങളിലെ ആറിടങ്ങളിൽ സ്മാർട്ട് കാർഡുകൾ നൽകുമെന്ന് കസ്റ്റമേഴ്‌സ് ആൻഡ് പാർട്‌ണേഴ്‌സ് റിലേഷൻസ് വകുപ്പ് ഡയറക്ടർ മനൽ ഒബയ്ദ് ബിൻ യാരൂഫ് പറഞ്ഞു. ഓരോ കുടുംബത്തിനും കളിസ്ഥലങ്ങളിൽ പ്രവേശിക്കാൻ മൂന്ന് പ്രത്യേക കാർഡുകൾ മുനിസിപ്പാലിറ്റി സൗജന്യമായി നൽകും. കാർഡ് ഉപയോഗിക്കുമ്പോൾ ഒമ്പത് സെക്കൻഡ് നേരത്തേക്ക് ഇ-ഗേറ്റ് തുറന്നിരിക്കും. അതുകൊണ്ട് ഒരൊറ്റ കാർഡ് ഉപയോഗിച്ച് ഒന്നിലധികം ആളുകൾക്ക് ഒരേസമയം പ്രവേശിക്കാൻ കഴിയും. അപരിചിതർ കളിസ്ഥലങ്ങളിൽ പ്രവേശിക്കാതെ കുട്ടികളുടെ സുരക്ഷയും സംരക്ഷണവും ഇത് ഉറപ്പാക്കും.

കുട്ടികൾക്കുള്ള കളിസ്ഥലങ്ങളിൽ അപരിചിതർ കയറി ദുരുപയോഗം ചെയ്യുന്ന പരാതികൾ ലഭിച്ചതോടെയാണ് മുനിസിപ്പാലിറ്റി ഇ-ഗേറ്റ് നടപടി സ്വീകരിച്ചത്. കളിസ്ഥലങ്ങൾ പരിരക്ഷിക്കുന്നതിനും പ്രദേശങ്ങളിലെ താമസക്കാർക്ക് സ്വകാര്യത നൽകുന്നതിനും ഇ-ഗേറ്റുകൾ സഹായിക്കുമെന്നും ബിൻ യാരൂഫ് വിശദീകരിച്ചു. ജനുവരി അവസാനത്തോടെ കാർഡ് വിതരണം പൂർത്തിയാകും. പൗരന്മാർക്ക് മാന്യമായ ജീവിതം നൽകാനും മികച്ച സേവനങ്ങൾ നൽകുന്നതിനുമുള്ള യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദേശങ്ങൾക്കനുസൃതമായാണ് പുതിയ നീക്കം.

Content Highlight: Dubai playgrounds e-gates