ദുബായ്: ഗിന്നസ് റെക്കോഡ് പുസ്തകത്തില്‍ മൂന്ന് അധ്യായങ്ങള്‍ കൂടി കൂട്ടിച്ചേര്‍ത്താണ് യു.എ.ഇ. 2018- നെ വരവേറ്റത്. പുതുവത്സരപ്പിറവിയോടനുബന്ധിച്ചുള്ള ആഘോഷത്തിനിടയിലാണ് മൂന്ന് റെക്കോഡുകളും പിറന്നത്.

ലോകത്തിലെ ഉയരമേറിയ കെട്ടിടമായ ദുബായിലെ ബുര്‍ജ് ഖലീഫ ഏറ്റവും വലിയ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ അവതരിപ്പിച്ചാണ് ഗിന്നസില്‍ ഒരു റെക്കോഡ് കൂടി സൃഷ്ടിച്ചത്. കൂറ്റന്‍ എല്‍.ഇ.ഡി. സ്‌ക്രീനുകളും ലേസര്‍ ലൈറ്റുകളും ബള്‍ബുകളും ചേര്‍ന്ന് 828 മീറ്റര്‍ ഉയരത്തിലായിരുന്നു ദൃശ്യവിസ്മയം. ബുര്‍ജ് ഖലീഫയുടെ നിര്‍മാതാക്കളായ ഇമാര്‍ പ്രോപ്പര്‍ട്ടീസാണ് റെക്കോഡിട്ട പ്രകടനം ഒരുക്കിയത്. പതിവില്‍നിന്ന് വ്യത്യസ്തമായി ഇത്തവണ വെടിക്കെട്ടിന് പകരമായിരുന്നു ബുര്‍ജ് ഖലീഫയിലെ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ.

Dubaiവടക്കന്‍ എമിറേറ്റായ റാസല്‍ഖൈമയിലെ അല്‍ മര്‍ജാന്‍ ദ്വീപില്‍ ഒരുക്കിയ വെടിക്കെട്ട് മറ്റൊരു റെക്കോഡിട്ടു. 1089.5 കിലോഗ്രാം കരിമരുന്നാണ് ഉപയോഗിച്ചത്. കരയില്‍നിന്ന് ഒരു കിലോമീറ്റര്‍ ദൂരെ കടലില്‍ കൂറ്റന്‍ ഗുണ്ടുകള്‍ സ്ഥാപിച്ച് ഏറ്റവും വലിയ ഏരിയല്‍ ഫയര്‍ വര്‍ക്ക് ഷെല്‍ എന്ന റെക്കോഡ് റാസല്‍ഖൈമ സ്വന്തമാക്കി. നിലവില്‍ ജപ്പാന്റെ പേരിലുള്ള റെക്കോഡാണ് മറികടന്നത്.

ഏറ്റവും പഴക്കമേറിയ ഇനമെന്ന് വിശേഷിപ്പിക്കപ്പെടുന്നതും വിലയേറിയതുമായ കാവിയര്‍ മത്സ്യം കൊണ്ടുള്ള ഭക്ഷ്യവസ്തുക്കള്‍ നിറച്ച അമ്പത് കിലോ വരുന്ന ടിന്നാണ് മറ്റൊരു ഗിന്നസ് റെക്കോഡ് സ്വന്തമാക്കിയത്. ലോകത്തിലെ ആഡംബര ഹോട്ടലുകളിലൊന്നായ ദുബായ് പാം ദി അറ്റ്‌ലാന്റിസിലെ പുതുവത്സരാഘോഷത്തിന്റെ ഭാഗമായിട്ടായിരുന്നു വിശിഷ്ടമായ കാവിയര്‍ ബോക്‌സ് തയ്യാറാക്കിയത്. 2016 ല്‍ തയ്യാറാക്കിയ 17 കിലോയുടെ ബോക്‌സാണ് യു.എസ്. കാവിയര്‍ കമ്പനിയായ ആംസ്റ്ററുമായി സഹകരിച്ചുകൊണ്ട് അറ്റ്‌ലാന്റിസില്‍ ഒരുക്കിയത്.

UAEപുതുവത്സരം ആഘോഷിക്കാനെത്തിയ അയ്യായിരത്തോളം അതിഥികളുടെ സാന്നിധ്യത്തിലായിരുന്നു കാവിയര്‍ ടിന്‍ പ്രദര്‍ശനവും ഗിന്നസ് റെക്കോഡിന്റെ പ്രഖ്യാപനവും. 98 x 74 സെന്റിമീറ്റര്‍ വലിപ്പത്തിലുള്ള പെട്ടി രത്‌നത്തിന്റെ ആകൃതിയില്‍ സ്റ്റെയിന്‍ലസ് സ്റ്റീലിലാണ് നിര്‍മിച്ചത്. ഗിന്നസ് റെക്കോഡ് പ്രഖ്യാപനത്തിന് ശേഷം കാവിയര്‍ വിഭവം പുതുവര്‍ഷ രാവിന്റെ ഗാലാ ഡിന്നറിലെ വിശിഷ്ടവിഭവമായി അതിഥികള്‍ക്ക് സമ്മാനിക്കുകയും ചെയ്തു.