ദുബായ്: ഇന്ത്യയുടെ പ്രശസ്തമായ നിറങ്ങളുടെ ഉത്സവമായ ഹോളി ആഘോഷത്തിന് ദുബായ് സബീൽ പാർക്ക് വേദിയായി.

രാവിലെ മുതൽ ചെറുതായി മഴപെയ്തെങ്കിലും ഹോളി ആഘോഷിക്കാനെത്തിയവർക്ക് അത് തടസ്സമായില്ല. നിറങ്ങളിൽ നീരാടി അവർ പാട്ടുകൾക്കൊത്ത് ആടിത്തിമർത്തു. ഉത്തരേന്ത്യക്കാരായിരുന്നു കൂടുതലും ആഘോഷത്തിനായി എത്തിയത്. എന്നാൽ പാർക്കിലെത്തിയ മറ്റ് വിദേശികളും ആഘോഷത്തിൽ പങ്കുചേർന്നു. പരസ്പരം ചായംതേച്ചും ചായം തളിച്ചുമൊക്കെ എല്ലാവരും സന്തോഷം പങ്കുവെച്ചു. ദുബായ് കൺട്രി ക്ലബ്ബായിരുന്നു ഹോളി ഹൈ എന്ന പേരിൽ പരിപാടിയൊരുക്കിയത്. ബോളിവുഡിലെ സുകന്യാ ഘോഷും അർച്ചനാ മഹാജനുമായിരുന്നു ആഘോഷങ്ങൾക്ക് നേതൃത്വം നൽകിയത്.

അതേസമയം ഹോളിയുടെ ഭാഗമായി ഒരുക്കിയ സൽമാൻ ഖാന്റെ പുതിയ ചിത്രമായ ദബാങ് -2 ന്റെ റിലീസുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ച ആഘോഷം മഴകാരണം ഉപേക്ഷിച്ചു. സൽമാന് പുറെ പ്രഭുദേവ, കത്രീന കൈഫ്, സോനാക്ഷി സിഹ്ന, ജാക്വിലിൻ ഫെർണാണ്ടസ് തുടങ്ങിയ നിരവധി താരങ്ങൾ പരിപാടിക്കായി എത്തിയിരുന്നു.