ദുബായ്: ശൈഖ് സായിദ് റോഡിലെ 14 വരി പാതയിൽ ഒരെണ്ണം വെള്ളിയാഴ്ച പൊതുജനങ്ങളുടെ റണ്ണിങ് ട്രാക്കായി മാറും. അതോടെ ദുബായ് ഫിറ്റ്‌നസ് ചലഞ്ച് ചരിത്രം സൃഷ്ടിക്കും. ചലഞ്ചിന്റെ ഭാഗമായി ശൈഖ് സായിദ് റോഡിൽ സംഘടിപ്പിക്കുന്ന ദുബായ് റണിൽ പൊതുജനങ്ങൾക്ക് സൗജന്യമായി പങ്കെടുക്കാം. അഞ്ച് കിലോമീറ്റർ, പത്ത് കിലോമീറ്റർ എന്നിങ്ങനെ രണ്ട് തരത്തിലാണ് ദുബായ് റൺ നടക്കുക. അഞ്ച് കിലോമീറ്റർ ഓട്ടത്തിൽ എല്ലാ പ്രായക്കാർക്കും പങ്കെടുക്കാം. 10 കിലോമീറ്റർ മാരത്തൺ ഓട്ടത്തിൽ 18 വയസ്സോ അതിൽകൂടുതലോ ഉള്ളവർക്കാണ് പങ്കെടുക്കാവുന്നത്. എന്നാൽ 80 മിനിറ്റിനകം ഓട്ടം പൂർത്തിയാക്കണം. രണ്ട് റൂട്ടുകളും ദുബായ് വേൾഡ് ട്രേഡ് സെന്ററിൽനിന്ന് ആരംഭിക്കും.

10 കിലോമീറ്റർ ഓട്ടം ഫിനാൻഷ്യൽ സെന്റർ റോഡുവഴി ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ബോളിവാർഡിലേക്കും അതുവഴി ഹാപ്പിനെസ് സ്ട്രീറ്റിലൂടെ വേൾഡ് ട്രേഡ് സെന്ററിൽ അവസാനിക്കും. ശൈഖ് സായിദ് റോഡിലെ സമാനവഴിയിലൂടെ തന്നെയായിരിക്കും അഞ്ചുകിലോമീറ്റർ ഓട്ടവും. ഡി.ഐ.എഫ്.സി.യുടെ ബഹുനില കെട്ടിടങ്ങൾകടന്ന് ഹെയർപിൻവളവ് തിരിഞ്ഞ് എമിറേറ്റ്‌സ് ടവർ വഴി ഹാപ്പിനെസ് സ്ട്രീറ്റിലൂടെ വേൾഡ് ട്രേഡ് സെന്ററിൽ അഞ്ചുകിലോമീറ്റർ അവസാനിക്കും.

പങ്കെടുക്കുന്നവർക്ക് ഓൺലൈൻ വഴി രജിസ്റ്റർ ചെയ്യാം. റേസ് കിറ്റുകൾ ദുബായ് വേൾഡ് ട്രേഡ് സെന്ററിൽനിന്ന് വൈകീട്ട് നാല് മുതൽ രാത്രി 10 വരെ ലഭിക്കും. ദുബായ് റൺ നടക്കുന്ന ദിവസം പങ്കെടുക്കുന്നവർക്ക് വേൾഡ് ട്രേഡ് സെന്ററിൽ പാർക്കിങ് സൗജന്യമാണ്. രണ്ടുലക്ഷം ദിർഹത്തിന്റെ സമ്മാനങ്ങളാണ് പങ്കെടുക്കുന്നവർക്ക് ലഭിക്കുക.