ദുബായ്: വെറും 30 ദിവസംകൊണ്ട് ഭാരം കുറച്ചുകാണാൻ ആരാണ് ആഗ്രഹിക്കാത്തത്. വ്യായാമം തുടങ്ങി അഞ്ചോ പത്തോ ദിവസമാകുമ്പോഴേക്കും സമയക്കുറവും മടിയും മൂലം അതവസാനിപ്പിക്കുന്നതാണ് ഏറെപേരുടെയും അനുഭവം. 

ഈ വർഷത്തെ ദുബായ് ഫിറ്റ്‌നസ് ചലഞ്ച് പ്രത്യേക ശരീര ആരോഗ്യപദ്ധതി ഒക്ടോബർ 18-ന് തുടങ്ങി നവംബർ 16-ന് അവസാനിക്കും. എല്ലാദിവസവും 30 മിനിറ്റ് വീതം 30 ദിവസം വ്യായാമം ചെയ്യുകയും വ്യായാമം ദിനചര്യയുടെ ഭാഗമാക്കുകയും ചെയ്യുകയാണ് ദുബായ് ഫിറ്റ്‌നസ് ചലഞ്ചിന്റെ ലക്ഷ്യം. ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ആഹ്വാനപ്രകാരമാണ് ജനങ്ങൾക്ക് മികച്ച ആരോഗ്യം ഉറപ്പുവരുത്താനുള്ള പ്രത്യേക പദ്ധതി. വ്യായാമത്തിന്റെയും കായികവിനോദങ്ങളുടെയും പ്രാധാന്യം ലോകമെമ്പാടും കാണിച്ചുകൊടുക്കാൻ ഇതിലൂടെ ദുബായിക്ക് സാധിക്കും. ചലഞ്ച് തുടങ്ങിയ 2017 നേക്കാൾ പങ്കാളിത്ത്വത്തിൽ 34 ശതമാനം വർധനയാണ് 2018-ൽ രേഖപ്പെടുത്തിയത്.

ഫിറ്റ്‌നസ് കാർണിവലിനോടനുബന്ധിച്ച് വിവിധ കായിക വിനോദ പരിപാടികൾ നടക്കും. ആരോഗ്യരംഗത്തെ വിദഗ്ധരുടെ പ്രത്യേക സെമിനാറുകൾ, സ്കൂൾസ് ഫിറ്റ്‌നസ് ഗെയിംസ്, കളർ റൺ, മാസ് സ്വിം എന്നിവയും ഇത്തവണ പരിപാടിയിൽ ഉൾക്കൊള്ളിക്കും.

ഗ്രൂപ്പ് ഫിറ്റ്‌നസ് ക്ലാസുകൾ, നടത്തം, യോഗ, സൈക്ലിങ്, ഫുട്‌ബോൾ തുടങ്ങി കായികമത്സരങ്ങൾ നടക്കും. രസകരവും ക്രിയാത്മകവുമായ കളികളിലൂടെയും മത്സരങ്ങളിലൂടെയുമാണ് ഫിറ്റ്‌നസ് ചലഞ്ച് ആകർഷകമാകുന്നത്. പങ്കെടുക്കുന്നവർക്ക് ദുബായ് ഫിറ്റ്‌നസ് ആപ്പ് വഴിയും ഫിറ്റ്‌നസ് ചലഞ്ച് വെബ്‌സൈറ്റ് വഴിയും ഒക്ടോബർ മുതൽ രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾ വരുദിവസങ്ങളിൽ അറിയാം.