ദുബായ്: ലോകമൊട്ടാകെ ആവേശത്തോടെ കാത്തിരിക്കുന്ന ദുബായ് എക്‌സ്‌പോ 2020-യുടെ പ്രധാനവേദി കാണാൻ സൗജന്യ ബസ് ടൂറിൽ എത്തിയത് വൻജനപ്രവാഹം. എക്‌സ്‌പോ അധികൃതർ പൊതുജനങ്ങൾക്കായി ഏർപ്പെടുത്തിയ ദ വേൾഡ്‌സ് ഗ്രേറ്റസ്റ്റ് ഷോ എന്ന് പേരിട്ടിരുന്ന ബസ് ടൂറിൽ 120 രാജ്യങ്ങളിൽ നിന്നുള്ള പതിനായിരത്തിലേറെ പേരാണ് എത്തിയത്.

സന്ദർശകരിൽ ഇന്ത്യക്കാരായിരുന്നു മുന്നിൽ. ഫിലിപ്പീൻസ്, പാകിസ്താൻ, ഇമറാത്തി, ബ്രിട്ടീഷ് പൗരൻമാരും വേദി കാണാനെത്തി. ബസ് ടൂർ പ്രഖ്യാപിച്ചപ്പോൾത്തന്നെ മണിക്കൂറുകൾക്കുള്ളിൽ 3000 ഓൺലൈൻ ബുക്കിങ്ങുകൾ ലഭിച്ചു. ബാക്കി 7000 പേർ നേരിട്ടെത്തിയവരാണെന്നും സംഘാടകർ പത്രക്കുറിപ്പിൽ അറിയിച്ചു.

ഇതിനിടെ പൊതുജനങ്ങൾക്കായി ഇരുന്നൂറ്റിയമ്പതിലേറെ ബസ് ടൂറുകൾ നടന്നു. ഏഴ് എമിറേറ്റുകളിൽനിന്ന് സൗജന്യ ബസ് സർവീസ് ഏർപ്പെടുത്തിയിരുന്നു. മുതിർന്ന വ്യക്തികൾ, സർവകലാശാലകൾ, സ്‌കൂളുകൾ, കോളേജുകൾ തുടങ്ങി ഗ്രൂപ്പുകൾക്കായി പ്രത്യേക ടൂറുകൾ സംഘടിപ്പിച്ചതായും എക്‌സ്‌പോ 2020 ചീഫ് എൻഗേജ്‌മെന്റ് ഓഫീസർ മനൽ അൽബയാത്ത് പറഞ്ഞു.

എക്‌സ്‌പോ കാണാൻ നാലിനം ടിക്കറ്റുകൾകൂടി

എക്‌സ്‌പോ 2020 ദുബായ് പ്രവേശനത്തിന് നാലിനം ടിക്കറ്റുകൾകൂടി പ്രഖ്യാപിച്ചു. ഒരു മാസംവരെയുള്ള ടിക്കറ്റുകളും സീസൺ ടിക്കറ്റുകളും രണ്ടുതരം സ്‌പെഷൽ ടിക്കറ്റുകളുമാണ് പുതിയതായി പ്രഖ്യാപിച്ചത്. 18 മുതൽ 64 വയസ്സുവരെയുള്ളവർക്ക് ഒരു മാസത്തെ ടിക്കറ്റിന് 350 ദിർഹമാണ്. ആറ്് മുതൽ 17 വയസ്സുവരെയുള്ളവർക്ക് ഇത് 175 ദിർഹത്തിന് ലഭിക്കും.

വിദ്യാർഥികൾക്കും ഇതേ നിരക്കാണ്. സീസൺ ടിക്കറ്റിന് 595 ദിർഹമാണ്. യുവാക്കൾക്കും വിദ്യാർഥികൾക്കും 297 ദിർഹം നൽകിയാൽ മതിയാകും. കുട്ടികൾക്കും മുതിർന്നവർക്കും സൗജന്യമാണ്. സ്‌പെഷ്യൽ ടിക്കറ്റിന് 895 ദിർഹമാണ്. വിദ്യാർഥികൾക്കും യുവാക്കൾക്കും 597 ദിർഹമായിരിക്കും നിരക്ക്.

ഭക്ഷണമുൾപ്പെടെ ഉൾപ്പെടെ ഒട്ടേറെ ആനുകൂല്യങ്ങൾ ഇതിനുണ്ടാകും. കൂടാതെ സൂപ്പർ സ്‌പെഷ്യൽ ടിക്കറ്റുകളും 1295 ദിർഹത്തിന് ലഭ്യമാണ്. ഓൺലൈൻ വഴിയും ടിക്കറ്റുകൾ സ്വന്തമാക്കാം. വിവരങ്ങൾക്ക് വെബ്‌സൈറ്റ്: https://www.expo2020dubai.com.

Content Highlights: Dubai Expo 2020's main venue