ദുബായ് : ഒരുമിച്ച് എക്സ്പോയിലേക്ക് എന്ന ആശയത്തിൽ നവംബർ ഒന്നിന് പൊതുഗതാഗത ദിനാചരണ പരിപാടികളുമായി ആർ.ടി.എ. ജനങ്ങളെ പൊതുഗതാഗത സംവിധാനങ്ങളിലേക്ക് ആകർഷിക്കുകയെന്ന ലക്ഷ്യത്തോടെ ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിപാടികളാണ് നടപ്പാക്കുക. എക്സ്പോ വേദികളിലേക്ക് ശാസ്ത്രീയമായ ഗതാഗത സംവിധാനങ്ങളാണ് ആർ.ടി.എ. ഒരുക്കിയിട്ടുള്ളത്. ബസുകൾ, മെട്രോ, ടാക്സികൾ എന്നിവയെ കൂടുതലായും ആശ്രയിച്ച് സ്വകാര്യ വാഹനങ്ങളിൽ തനിച്ചുള്ള യാത്രകൾ നിയന്ത്രിക്കണമെന്ന് പദ്ധതി നിർദേശിക്കുന്നു.

ആർ.ടി.എയുടെ 16-മത് വാർഷികവും പൊതുഗതാഗത ദിനത്തോടനുബന്ധിച്ചായത് പ്രവർത്തനങ്ങൾക്ക് കൂടുതൽ പ്രത്യേകത നൽകുന്നു. പരിസ്ഥിതി സൗഹാർദപരവും സുസ്ഥിരവുമായ ഗതാഗത വികസന മാതൃകയാണ് ഇവിടെ പിന്തുടരുന്നത്. പൊതുഗതാഗത സംവിധാനങ്ങളെ കൂടുതൽ ജനകീയമാക്കുന്നതിന്റെ ഭാഗമായി ‘ആർട്ട് ഇൻ പബ്ലിക് ട്രാൻസ്‌പോർട്ട്’ എന്ന ആശയത്തിൽ സാംസ്കാരിക പങ്കുവെക്കലുകൾക്ക് പൊതുവാഹനങ്ങളെ വേദിയാക്കുമെന്ന് ആർ.ടി.എ. മാർക്കറ്റിങ് ആൻഡ് കോർപ്പറേറ്റ് കമ്യൂണിക്കേഷൻ വിഭാഗം ഡയറക്ടർ റൗദ അൽ മെഹ്റിസി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ജനങ്ങളിൽനിന്ന് രസകരമായ നിർദേശങ്ങൾ തേടുന്നതായും അവർ പറഞ്ഞു.

പൊതുഗതാഗത സംവിധാനങ്ങളിലേക്ക് കൂടുതൽപ്പേരെ ആകർഷിക്കുന്നതിന്റെ ഭാഗമായി ഫോട്ടോഗ്രാഫി മത്സരവും ആർ.ടി.എ. എക്സ്പോയുടെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ചിരുന്നു. മൂന്ന് ഘട്ടങ്ങളിലായാണ് മത്സരം. ആദ്യഘട്ട വിജയികൾക്ക് പൊതുഗതാഗത ദിനത്തിൽ സമ്മാനം നൽകും. ഇതുസംബന്ധിച്ച് സാമൂഹികമാധ്യമങ്ങൾ വഴിയും പ്രചാരണം സജീവമാണ്.