ദുബായ്: എക്സ്‌പോ നഗരിയിലെ മെക്സിക്കൻ പവിലിയൻ കാഴ്ചയിലെ വ്യത്യസ്തതകൊണ്ട് സന്ദർശകരുടെ മനം കവരുകയാണ്. ഇരുന്നൂറോളം കരകൗശല വിദഗ്ധർ ചേർന്ന് നെയ്‌തെടുത്ത മനോഹര കലാസൃഷ്ടിയാണ് പവിലിയനെ നിറപ്പകിട്ടേറിയ കേന്ദ്രമാക്കി മാറ്റിയിരിക്കുന്നത്.

മെക്സിക്കൻ സമൂഹത്തിലെ സ്ത്രീകളുടെ പ്രധാന പങ്ക് പ്രതിഫലിപ്പിക്കുന്ന രീതിയിലാണ് പവിലിയൻ തയ്യാറാക്കിയിരിക്കുന്നത്. മെക്സിക്കൻ സംസ്കാരത്തിന്റെയും പൈതൃകത്തിന്റെയും ആധികാരികത ഉൾക്കൊള്ളുകയും ചെയ്യുന്നുണ്ട്. മെക്സിക്കൻ പവിലിയന്റെ മുൻഭാഗം ജാലിസ്കോ മേഖലയിൽ നിന്നുള്ള 200 മെക്സിക്കൻ കരകൗശല വിദഗ്ധരാണ് നെയ്തത്. ‘ഈ കലാസൃഷ്ടി’ പരമ്പരാഗത രൂപകൽപ്പനയിലെ മെക്സിക്കൻ സ്ത്രീകളുടെ പങ്കിനെയും അവരുടെ കരവിരുതിന്റെ ഒരു പ്രതീകവുമാണ്.

ലാറ്റിനമേരിക്കൻ പവിലിയന്റെ ഇടനാഴികളിൽ മെക്സിക്കോയുടെ പ്രശസ്തമായ പാരിസ്ഥിതിക വൈവിധ്യവും മനോഹരമായ പ്രകൃതിയും കാണിക്കുന്നതിനായി വലിയ ത്രീഡി സ്‌ക്രീനുകൾ ഒരുക്കിയിട്ടുണ്ട്. വേദിയിലെ ഒരു ഹാളിൽ 4,000 വർഷങ്ങൾക്ക് മുമ്പുള്ള നാഗരികതയുടെ അടയാളങ്ങൾ പ്രദർശിപ്പിക്കുന്നു. ബാക്കിയുള്ള പവിലിയനുകളിൽനിന്ന് വ്യത്യസ്തമായ സംവേദനാത്മക അനുഭവം ഇത് സന്ദർശകർക്ക് നൽകുന്നു. മെക്സിക്കോയിലെ പാചകരീതികളും സുഗന്ധവ്യഞ്ജനങ്ങളും പ്രകൃതിയെയും ആസ്വദിക്കാൻ സന്ദർശകർക്ക് കഴിയുന്ന തരത്തിലാണ് പവിലിയൻ ഒരുക്കിയിരിക്കുന്നത്.