ദുബായ്: എക്സ്‌പോ നഗരിയിലേക്ക് ലോകത്തിന്റെ എല്ലാ ഭാഗത്തുനിന്നും സന്ദർശകർ ഒഴുകിയെത്തുമെന്ന പ്രതീക്ഷ സഫലമാകുന്നു. ആദ്യ 10 ദിവസത്തിൽ എക്‌സ്‌പോ നഗരിയിലേക്ക് ടിക്കറ്റ് വാങ്ങി കടന്നുവന്നത് നാല് ലക്ഷത്തിലേറെ സന്ദർശകരാണ്.

അസഹ്യമായ ചൂട് നിറഞ്ഞ കാലാവസ്ഥയിലും എക്സ്‌പോ സന്ദർശകരുടെ ഇഷ്ടവേദിയായി മാറുന്നുവെന്നാണ് ആദ്യ 10 ദിവസത്തെ കണക്കുകൾ സൂചിപ്പിക്കുന്നത്. 4,11,768 സന്ദർശകർ ടിക്കറ്റ് എടുത്ത് ലോകമേള കാണാനെത്തി. ഇതിൽ സംഘാടകർ, പ്രദർശകർ, ഔദ്യോഗിക പ്രതിനിധികൾ എന്നിവർ ഉൾപ്പെടുന്നില്ല.

മാത്രമല്ല ഏറെ ശ്രദ്ധേയമായ മറ്റൊരുവസ്തുത ഓരോ മൂന്നു സന്ദർശകരിൽ ഒരാൾ വിദേശരാജ്യങ്ങളിൽനിന്നാണെന്നതാണ്.

175 രാജ്യങ്ങളിൽനിന്നുള്ള സന്ദർശകരാണ് മേള കണ്ടുമടങ്ങിയത്. ഓരോ അഞ്ച് സന്ദർശകരിൽ ഒരാൾ വീതം പലതവണ മേള കാണാനെത്തി എന്നതും സംഘാടകർ അറിയിച്ചു.

എക്സ്‌പോയുടെ മാസ്മരികമായ ഉദ്ഘാടന ചടങ്ങ് 30 ലക്ഷം പേരാണ് തത്സമയം വീക്ഷിച്ചത്. കഴിഞ്ഞ 10 ദിവസങ്ങളിൽ ഓൺലൈനിലൂടെ എക്സ്‌പോ സന്ദർശിച്ചത് 50 ലക്ഷം പേരാണെന്നും സംഘാടകർ വെളിപ്പെടുത്തി.

ഒക്ടോബർ ഒന്നിനാണ് ദുബായ് എക്സ്‌പോ ആരംഭിച്ചത്.