ദുബായ്: കോവിഡ്-19 നാളുകൾ സൃഷ്ടിച്ച അനിശ്ചിതത്വത്തിനൊടുവിൽ ദുബായ് ആകാശ വാതിലുകൾ തുറക്കുകയാണ്.

രാജ്യത്തെ പൗരന്മാർക്കും പ്രവാസികൾക്കും ജൂൺ 23 മുതൽ വിദേശ രാജ്യങ്ങളിലേക്ക് യഥേഷ്ടം പോകാം. വിദേശരാജ്യങ്ങളിൽ കുടുങ്ങിപ്പോയ ദുബായ് താമസവിസയുള്ളവർക്ക് 22-ന് തിങ്കളാഴ്ച മുതൽ ദുബായിലേക്ക് തിരിച്ചുവരാനും അവസരമായി. എന്നാൽ വിനോദസഞ്ചാരികൾക്ക് അടുത്തമാസം ഏഴുമുതൽ മാത്രമേ പ്രവേശനമുള്ളൂ.

കോവിഡും ലോക്ഡൗണും കാരണം ആയിരക്കണക്കിന് യു.എ.ഇ. താമസവിസക്കാരാണ് വിവിധ രാജ്യങ്ങളിലായി കുടുങ്ങിക്കിടക്കുന്നത്. പുതിയ തീരുമാനം അവർക്കെല്ലാം ആശ്വാസമാകും. അതേസമയം ഇന്ത്യ അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കാത്ത സാഹചര്യത്തിൽ ഇന്ത്യയിൽനിന്ന് യു.എ.ഇ.യിലേക്കുള്ള യാത്രയ്ക്ക് ഇനിയും കാത്തിരിക്കേണ്ടി വരും.

രാജ്യത്തേക്ക് പ്രവേശിക്കുന്നവർക്ക് കോവിഡിന്റെ പശ്ചാത്തലത്തിൽ ദുബായ് സർക്കാർ ചില വ്യവസ്ഥകളും നിശ്ചയിച്ചിട്ടുണ്ട്. വരുന്ന രാജ്യങ്ങളിൽനിന്നുള്ള ഏറ്റവും അടുത്ത തീയതിയിലുള്ള കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈയിൽ കരുതണമെന്നതാണ് പ്രധാന വ്യവസ്ഥ. അല്ലെങ്കിൽ വിമാനത്താവളത്തിലെ പി.സി.ആർ. പരിശോധനയ്ക്ക് അവർ വിധേയരാവേണ്ടി വരും.

ദുബായ് താമസ കുടിയേറ്റ വകുപ്പിന്റെ (ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്‌സ്) വെബ്‌സൈറ്റിൽ നേരത്തേ പേര് രജിസ്റ്റർ ചെയ്തവർക്കാണ് തിരിച്ചുവരാനുള്ള അവസരം. വകുപ്പുമായി കൂടിയാലോചിച്ച് അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് വിമാനക്കമ്പനികൾ ടിക്കറ്റ് നൽകും. കോവിഡ് ലക്ഷണങ്ങളില്ലെന്ന് സാക്ഷ്യപ്പെടുത്തുന്ന ഹെൽത്ത് ഡിക്ലറേഷൻ ഫോറവും കരുതേണ്ടതുണ്ട്.

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്

* വിനോദസഞ്ചാരികൾക്ക് ജൂലായ് ഏഴ് മുതൽ വരാം

* സഞ്ചാരികൾ 96 മണിക്കൂറിനകം എടുത്ത കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കൂടെ കരുതണം. ഇല്ലെങ്കിൽ പി.സി.ആർ. പരിശോധന നടത്തും

* താമസവിസക്കാർക്ക് ദുബായ് വിമാനത്താവളത്തിലിറങ്ങിയാൽ കോവിഡ് കണ്ടെത്താനുള്ള പി.സി.ആർ. പരിശോധന നടത്തും

* ദുബായിൽ എത്തിയാൽ താമസവിസക്കാർ ‘കോവിഡ് 19 ഡി.എക്സ്.ബി.’ എന്ന മൊബൈൽ ആപ്ലിക്കേഷനിൽ എല്ലാ വിവരങ്ങളും രേഖപ്പെടുത്തണം.

* പരിശോധനാ ഫലം വരുന്നതുവരെ അവർ താമസസ്ഥലത്തുതന്നെ കഴിയണം.

* കോവിഡ് പോസിറ്റീവ് ആവുന്നവർക്ക് 14 ദിവസത്തെ ഐസൊലേഷൻ

* പ്രത്യേക താമസസൗകര്യം ഇല്ലാത്തവർക്ക് തൊഴിലുടമ സൗകര്യം ഏർപ്പെടുത്തണം.

അല്ലെങ്കിൽ ഗവൺമെന്റിന്റെ താമസ സൗകര്യം പണം നൽകി ഉപയോഗപ്പെടുത്താം.

* രോഗലക്ഷണമുള്ളവരുടെ യാത്ര തടയാൻ വിമാനക്കമ്പനി ജീവനക്കാർക്ക് അധികാരം.

* അന്താരാഷ്ട്ര ആരോഗ്യ ഇൻഷുറൻസ് വിനോദസഞ്ചാരികൾക്ക് നിർബന്ധം.

* വിദേശത്തേക്ക് പോകുന്നവരും കോവിഡ് ഇല്ലെന്ന സാക്ഷ്യപത്രം കരുതണം

Content Highlights: Dubai eases air travel restrictions