ദുബായ് : കോവിഡിനു മുമ്പത്തെനിലയിലേക്ക് കുതിക്കാനൊരുങ്ങുകയാണ് ദുബായ്. ഇതിന്റെ ഭാഗമായി കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. ടൂറിസം ആൻഡ് കൊമേഴ്‌സ് മാർക്കറ്റിങ് വകുപ്പിന്റെ ഏറ്റവും പുതിയ അറിയിപ്പുകൾ പ്രകാരം ഹോട്ടലുകളുടെ ഉപഭോക്തൃശേഷി 100 ശതമാനമായും ആരാധനാലങ്ങളുടെ ശേഷി 30 ശതമാനത്തിൽനിന്ന് 50 ശതമാനവുമായി ഉയർത്തും. റെസ്റ്റോറന്റുകളിലും കഫെകളിലും ശേഷിയുടെ 80 ശതമാനം ആളുകളെ അനുവദിക്കും.

സാമൂഹികാകലം രണ്ടുമീറ്ററിൽനിന്ന് ഒന്നരയാക്കി ചുരുക്കി. വകുപ്പ് അംഗീകരിച്ച വ്യവസ്ഥകൾപ്രകാരം തൊഴിൽസമയം മഹാമാരിക്ക് മുമ്പുള്ളതരത്തിലേക്ക് മറ്റും.

റെസ്റ്റോറന്റുകളിലെയും കഫെകളിലെയും വിനോദപരിപാടികൾ പുലർച്ചെ മൂന്നുവരെ വ്യവസ്ഥകളോടെ അനുവദിക്കും. വിനോദകേന്ദ്രങ്ങൾ, മ്യൂസിയം, സിനിമാ തിയേറ്റർ, പ്രദർശനശാലകൾ എന്നിവിടങ്ങളിൽ 80 ശതമാനം ആളുകളെ അനുവദിക്കും. വകുപ്പ് അനുമതിയോടെയുള്ള എല്ലാ ബിസിനസ് പ്രവർത്തനങ്ങൾക്കും 100 ശതമാനം ആളുകൾക്ക് ഭാഗമാവാം. സാമൂഹികഒത്തുചേരലുകൾക്ക് ഇൻഡോർ 2500 പേർക്കും ഔട്ട്ഡോർ 5000 പേർക്കും അനുമതി.

ഇതിൽ വാക്സിനെടുക്കാത്തവർക്കും പങ്കെടുക്കാം. കായികവിനോദ പരിപാടികൾക്ക് 60 ശതമാനം പേരെ അനുവദിക്കും. വാക്സിൻ നിർബന്ധമില്ല.

വിപണി കരുത്താർജിക്കുന്നു; ഉപഭോക്താക്കളിൽ ആത്മവിശ്വാസം

ദുബായ് : സാമ്പത്തികരംഗം പതിയെ കരുത്താർജിക്കുന്നതിനൊപ്പം ഉപഭോക്താക്കളിൽ ആത്മവിശ്വാസവും നിറയുന്നു. കോവിഡിനെത്തുടർന്ന് തകർന്ന റീട്ടെയിൽ വിപണിയിൽ നാലുശതമാനത്തിന്റെ വർധനയാണ് 2021 ആദ്യപകുതിയുടെ രണ്ടാംപാദത്തിൽ രേഖപ്പെടുത്തിയത്. മാജിദ് അൽ ഫുത്തൈമിന്റെ യു.എ.ഇ. റീട്ടെയിൽ ഇക്കോണമി റിപ്പോർട്ടുപ്രകാരമാണിത്. ജനങ്ങൾ വിപണിയിലേക്ക് ഇറങ്ങാനും ചെലവഴിക്കാനും തുടങ്ങുന്നത് പ്രതീക്ഷയാണ്. വിജയകരമായ വാക്സിനേഷൻ പദ്ധതിയും വിപണിയിലുണ്ടായ ചലനങ്ങൾക്ക് കരുത്തേകുന്നതാണ്. ഇ-കൊമേഴ്സ് രംഗത്തിന് 17 ശതമാനത്തിന്റെ വളർച്ചയാണ് കാണിക്കുന്നത്. വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വലിയ വർധനവില്ലെങ്കിലും വരുന്നവർ കൂടുതൽകാലം യു.എ.ഇയിൽ താമസിക്കുകയും ചെലവഴിക്കുകയും ചെയ്യുന്നതായി കണക്കുകൾ വിശദമാക്കുന്നു.