ദുബായ്: ഗള്‍ഫില്‍ കോവിഡ് ബാധിച്ച് പത്ത് മലയാളികള്‍ കൂടി മരിച്ചു . ഗള്‍ഫില്‍ കോവിഡ് ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം 192 ആയി. 

ഗള്‍ഫില്‍ നിന്ന് കൂടുതല്‍ വിമാന സര്‍വീസ് ഏര്‍പ്പെടുത്തിയില്ലെങ്കില്‍ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാകുമെന്നതാണ് അവസ്ഥ.

കോവിഡ് ബാധിച്ചു ഇന്ന് ഗള്‍ഫില്‍ പത്ത്  മലയാളികളുടെ മരണമാണ് സ്ഥിരീകരിച്ചത്. പത്തനംതിട്ട നെല്ലിക്കാല സ്വദേശി ചെമ്പകത്തിനാല്‍  നൈനാന്‍ സി  മാമ്മന്‍ ബഹറിനില്‍ മരിച്ചു . നാല്പത്തി അഞ്ച് വയസായിരുന്നു . കൊയിലാണ്ടി അരീക്കുളം പാറകുളങ്ങര സ്വദേശി നിജില്‍  അബ്ദുള്ള റിയാദില്‍ മരിച്ചു . മുപ്പത്തി മൂന്ന് വയസുകാരനായ നിജില്‍ അബ്ദുല്ല കഴിഞ്ഞ ഏഴ് ദിവസമായി ഒല സുലൈമാന്‍ ഹബീബ് ആശുപത്രിയില്‍  ചികിത്സയിലായിരുന്നു .

തിരുവനന്തപുരം ആനയറ സ്വദേശി ശ്രീകുമാരന്‍ നായര്‍ കുവൈറ്റില്‍ മരിച്ചു . അറുപത്തി ഒന്ന് വയസായിരുന്നു . മാവേലിക്കര മാങ്കാങ്കുഴി സ്വദേശി ദേവരാജന്‍ അജ്മാനില്‍ മരിച്ചു . മൂന്ന് ദിവസമായി ചികിത്സയിലായിരുന്നു. കൊല്ലം പറവൂര്‍ കരുമണ്ടൂര്‍ സ്വദേശി കല്ലും കുന്ന് വീട്ടില്‍ ഉഷാ മുരുകന്‍ കുവൈറ്റില്‍ മരിച്ചു . നാല്പത്തി രണ്ട് വയസായിരുന്നു . പത്തനം തിട്ട ഇലന്തൂര്‍ സ്വദേശിനി ജൂലി സൗദിയിലെ  ദമാമില്‍ മരിച്ചു .

പത്തനം തിട്ട കൊടുമണ്‍ സ്വദേശി മുല്ലക്കല്‍ കിഴക്കേതില്‍ ഹരി കുമാര്‍ ദമാമില്‍ മരിച്ചു . കഴിഞ്ഞ ദിവസം ഒമാനില്‍ മരിച്ച  കണ്ണൂര്‍ വയക്കര സ്വദേശി  ശുഹൈബ് ,സ്വദേശി തൃശൂര്‍  കുമ്പള ക്കോട് പഴയന്നൂര്‍ തെക്കേളം വീട്ടില്‍ മുഹമ്മദ് ഹനീഫ എന്നിവരുടെ മരണ കാരണം കോവിഡ് ആണ് എന്ന് ഇന്ന് സ്ഥിരീകരിച്ചു .   ഇരുപത്തി നാല് വയസ്സാണ്  ശുഹൈബിന്റെ പ്രായം .

ഗള്‍ഫില്‍ കോവിഡ് ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം ഇപ്പോള്‍  നൂറ്റി തൊണ്ണൂറ്റി രണ്ടായി  . ഇതില്‍ 92  മരണങ്ങളും കഴിഞ്ഞ പതിനൊന്നു ദിവസത്തിനിടെയാണ് സംഭവിച്ചത് . നാട്ടിലേക്ക് മടങ്ങാന്‍ അവസരം കാത്തിരിക്കുകയാണ് പ്രവാസി സമൂഹം . ഈ  മാസം ഒന്‍പതിന് തുടങ്ങുന്ന വന്ദേ ഭാരതിന്റെ മൂന്നാം ഘട്ടത്തില്‍ ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്ക് അമ്പത്തി രണ്ട് വിമാനങ്ങള്‍ ആണ് ഉള്ളത് . നിരവധി പ്രവാസി സംഘടനകളുടെ ചാര്‍ട്ടേര്‍ഡ് വിമാനങ്ങളും ഉണ്ട് . എന്നാല്‍ പ്രവാസികളുടെ വേഗത്തിലുള്ള മടക്കത്തിന്  ഇത്രയും വിമാഞങ്ങള്‍ പോരാ എന്നതാണ് അവസ്ഥ . കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ വിമാനങ്ങള്‍ അനുവദിക്കണം എന്ന ആവശ്യം ശക്തമാക്കിയിട്ടുണ്ട് പ്രവാസി സംഘടനകള്‍.

Content Highlights: dubai covid deaths in gulf countries