ദുബായ് : ഇന്ത്യയുൾപ്പെടെ വിവിധ രാജ്യങ്ങളിൽനിന്ന് ദുബായിൽ എത്തുന്നവർക്ക് ഓഗസ്റ്റ്‌ ഒന്നുമുതൽ കോവിഡ് 19 പി.സി.ആർ. പരിശോധന നിർബന്ധമാക്കി. എല്ലാ വിനോദസഞ്ചാരികൾക്കും യു.എ.ഇ. താമസക്കാർക്കും ട്രാൻസിറ്റ് യാത്രക്കാർക്കും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണം. സർക്കാർ അംഗീകൃത പരിശോധനാ കേന്ദ്രത്തിൽനിന്നുള്ള സർട്ടിഫിക്കറ്റാണ് കരുതേണ്ടത്. ചില സ്ഥലങ്ങളിൽനിന്നുള്ള യാത്രക്കാർ ദുബായ് വിമാനത്താവളത്തിൽ എത്തുമ്പോൾ പി.സി.ആർ. പരിശോധന നടത്തണം.

ദുബായ് എയർപോർട്ട് വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന വിവരമനുസരിച്ച് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് യാത്ര പുറപ്പെടുന്നതിന് 96 മണിക്കൂറിനുള്ളിൽ എടുത്തതായിരിക്കണം. 12 വയസ്സിന് താഴെയുള്ളവരെയും നിശ്ചയദാർഢ്യമുള്ളവരെയും പരിശോധനയിൽനിന്ന് ഒഴിവാക്കിയതായി എയർപോർട്ട് ഓപ്പറേറ്റർ പറഞ്ഞു. ഇന്ത്യ, അഫ്ഗാനിസ്താൻ, അർമേനിയ, ബ്രസീൽ, ബംഗ്ലാദേശ്, ഈജിപ്ത്, ഇൻഡോനീഷ്യ തുടങ്ങി 27 ഇടങ്ങളിൽനിന്ന് വരുന്നവർക്കാണ് കോവിഡ് നെഗറ്റീവ് പരിശോധനാഫലം നിർബന്ധം. ദുബായിൽ കോവിഡ് പി.സി.ആർ. പരിശോധനയ്ക്ക് വിധേയരാകുന്നവർ ഫലം വരുന്നതുവരെ നിരീക്ഷണത്തിൽ കഴിയണം. പോസിറ്റീവ് ആണെങ്കിൽ ദുബായ് ആരോഗ്യവകുപ്പിന്റെ നിർദേശം തേടുകയും നിരീക്ഷണത്തിൽ തുടരുകയും വേണം.