ദുബായ്: മരടിലെ നാല് ബഹുനില ഫ്ളാറ്റ് സമുച്ചയങ്ങൾ പൊളിക്കുന്നതുമായി ബന്ധപ്പെട്ട വിവാദവും ആകാംക്ഷയും കേരളത്തിൽ നിറഞ്ഞുനിൽക്കുമ്പോൾ ദുബായ് കടൽതീരത്തെ ഒരു വലിയകെട്ടിടം സെക്കൻഡുകൾകൊണ്ട് പൊളിച്ചുനീക്കിയ ഓർമ ദുബായിലുള്ളവർക്കുണ്ട്. ഇന്നത്തെ പ്രശസ്തമായ ജുമേറ ബീച്ചും പരിസരവും നേരത്തെ അറിയപ്പെട്ടിരുന്നത് ഷിക്കാഗോ ബീച്ച് എന്നായിരുന്നു. എന്നാൽ ദുബായിയുടെ ചരിത്രത്തിൽ ഔദ്യോഗികമായി ഷിക്കാഗോ ബീച്ച് എന്ന പേര് എവിടെയും ഉണ്ടായിരുന്നില്ല. ജനം പറഞ്ഞുപറഞ്ഞ് വീണ പേരാണത്. അതിന് കാരണമാകട്ടെ ദുബായിയുടെ എണ്ണസംഭരണികൾ നിർമിക്കാനെത്തിയ ഷിക്കാഗോ എൻജിനിയറിങ് കമ്പനിയുടെ സാന്നിധ്യമായിരുന്നു. അവിടെത്തന്നെയായിരുന്നു ഷിക്കാഗോ ബീച്ച് ഹോട്ടലും.

prasanth mukundan
പ്രശാന്ത് മുകുന്ദന്‍ 

ദുബായ് ആധുനികതയിലേക്ക് കുതിക്കുന്നതിന്റെ ആദ്യഘട്ടത്തിലായിരുന്നു ഷിക്കാഗോ ബീച്ച് ഹോട്ടൽ നിർമിച്ചത്. ഏഴ് നിലയിലുള്ള ആ നക്ഷത്ര ഹോട്ടൽ 1997-ലാണ് പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് ഇല്ലാതാക്കിയത്. ദുബായ് ആധുനീകരിക്കപ്പെട്ടതോടെയാണ് ഹോട്ടലിന് പ്രസക്തി നഷ്ടമായത്. മുപ്പത് സെക്കൻഡിനകം കെട്ടിടമാകെ ഭൂമിക്കടിയിലേക്ക് താണുപോവുകയായിരുന്നു. 1997 ജൂൺ 27 നായിരുന്നു ഏറെ ഒരുക്കങ്ങൾക്കുശേഷം ഷിക്കാഗോ ഹോട്ടൽ പൊളിച്ചുനീക്കിയത്. 1979-ൽ പണിത അക്കാലത്തെ ദുബായിലെ ആദ്യത്തെ റിസോർട്ട് ഹോട്ടലായിരുന്നു ഷിക്കാഗോ ബീച്ച് ഹോട്ടൽ.

1966-ൽ അമേരിക്കയിൽ നിന്നെത്തിയ ഷിക്കാഗോ ബ്രിഡ്ജ് എൻജിനിയറിങ് ആൻഡ് അയൺ കമ്പനി ഇന്നത്തെ ജുമേറ കടൽത്തീരത്തായിരുന്നു ദുബായിയുടെ മൂന്ന് എണ്ണ സംഭരണികൾ പണിതത്. ഇതിനായെത്തിയവർക്ക് താമസിക്കുന്നതിനായി ബീച്ചിൽ തന്നെ നൂറ് പാർപ്പിടങ്ങളും അവർ പണിതു. അത് ഷിക്കാഗോ ബീച്ച് വില്ലേജ് എന്ന പേരിൽ അറിയപ്പെട്ടു. ഷിക്കാഗോ കമ്പനിയുടെ സാന്നിധ്യവും വില്ലേജും എല്ലാമായതോടെ അവിടം ഷിക്കാഗോ ബീച്ചായി മാറി. ഇന്നത്തെ ജുമേറ ബീച്ചിന്റെ ആദ്യരൂപം അതായിരുന്നു. കമ്പനിയിലെ ഉന്നത ഉദ്യാഗസ്ഥർക്കും സമ്പന്നർക്കുമായി 1979-ലാണ് ഷിക്കാഗോ ബീച്ച് ഹോട്ടൽ നിർമിച്ചത്. ആധുനികതയിലേക്ക് പതുക്കെ കടക്കുകയായിരുന്ന ദുബായിയുടെ ആദ്യ റിസോർട്ട് ഹോട്ടലായിരുന്നു ഷിക്കാഗോ. എണ്ണസംഭരണി നിർമാണ പ്രവർത്തനങ്ങൾക്കായി ഷിക്കാഗോ കമ്പനി ഉയർത്തിയ കൂറ്റൻ ക്രെയിനിന്റെ മുകളിൽ ഷിക്കാഗോയുടെപേരും പതിച്ചിരുന്നു. ഏറെ ദൂരെ നിന്നുപോലും കാണാമായിരുന്ന ആ ക്രെയിൻ അക്കാലത്ത് ആ ഭാഗത്തെ വഴികാട്ടി കൂടിയായിരുന്നു. അങ്ങനെയാണ് ഷിക്കാഗോ ബീച്ച് ദുബായിയുടെ ഓർമകളിൽ നിറഞ്ഞത്.

കാലത്തിന് മുന്നേ പിറന്ന ഹോട്ടലായിരുന്നു ഷിക്കാഗോ ബീച്ച് ഹോട്ടൽ എന്ന് ഇന്നും പഴമക്കാർ ഓർക്കുന്നു. 615 മുറികളും പ്രത്യേക ബീച്ചുമെല്ലാമായിരുന്നു ഷിക്കാഗോയുടെ പ്രത്യേകതകൾ. ഉല്ലാസത്തിനായി വിദേശികൾക്കൊപ്പം സ്വദേശി പ്രമുഖരും ഹോട്ടലിലെ സന്ദർശകരായിരുന്നു. ഇതിനിടയിലാണ് ജുമേറ ഗ്രൂപ്പിന്റെ വിപുലമായ സംവിധാനങ്ങൾ ബീച്ചിൽ പ്രവർത്തനം തുടങ്ങുന്നത്. ബീച്ചിന്റെ നവീകരണം പ്രദേശത്തെ മനോഹരമാക്കി. ഷിക്കാഗോ ബീച്ച് ഹോട്ടലിന് തൊട്ടടുത്തായി വിപുലമായ ആധുനിക സംവിധാനങ്ങളോടെ ഉയർന്ന ജുമേറ ബീച്ച് ഹോട്ടൽ ഇതിനകം ഏറെ പ്രശസ്തമായി. ലോകത്തെ അത്ഭുതപ്പെടുത്തിക്കൊണ്ട് അത്യാഢംബര ഹോട്ടലായി ബുർജ് അൽ അറബും വൈകാതെ സമീപത്ത് ഉയർന്നു. ഇതിനിടയിൽ പ്രദേശം ജുമേറാ ബീച്ച് എന്ന പേര് സ്വീകരിച്ചിരുന്നു. ഷിക്കാഗോ ബീച്ച് എന്നത് പഴമക്കാരുടെ മാത്രം ഓർമയായി.

ഏറെ പഴക്കമൊന്നും ഉണ്ടായിരുന്നില്ലെങ്കിലും ആധുനികമുഖം സ്വീകരിച്ചുകഴിഞ്ഞ ജുമേറ ബീച്ചിൽ ഒരു ഓർമത്തെറ്റ് പോലെ ഷിക്കാഗോ ഹോട്ടലിന്റെ പ്രാധാന്യം കുറഞ്ഞുവന്നു. ലോകത്തിലെ ഏറ്റവുംമികച്ച സുഖസൗകര്യങ്ങളുമായി ബുർജ് അൽ അറബ് കൂടി യാഥാർഥ്യയമായതോടെ ഷിക്കാഗോ ഹോട്ടൽ പൊളിക്കാൻ തീരുമാനിക്കുകയായിരുന്നു. പരിസ്ഥിതിക്ക് കോട്ടം വരാതെ തന്നെ ഹോട്ടൽ പൊളിച്ചുനീക്കാനായിരുന്നു പരിപാടി. കൺട്രോൾഡ് ഡിമോളിഷൻ ഗ്രൂപ്പ് ലിമിറ്റഡ് എന്ന കമ്പനിയിലെ വിദഗ്്ധരാണ് അന്ന് ഇതിനായി എത്തിയത്. സംഘത്തിൽ ഇംഗ്ലീഷുകാരും ജർമൻകാരുമുണ്ടായിരുന്നു. ഷാർജയിലെ ഗൾഫ് ടുഡെ എന്ന പത്രത്തിനായി ഇതിന്റെ ചിത്രങ്ങൾ പകർത്തിയ കണ്ണൂർ സ്വദേശി പ്രശാന്ത് മുകുന്ദന്റെ ഓർമകളിൽ ഇപ്പോഴുമുണ്ട് ആ നിമിഷങ്ങൾ.

മാധ്യമപ്രവർത്തകർക്കൊന്നും പരിസരത്തേക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല. എന്നാൽ ജർമൻ സംഘത്തിലൊരാളായി ബുർജ് അൽ അറബിന്റെ ഹെലിപാഡിൽ നിന്നുകൊണ്ടായിരുന്നു പ്രശാന്ത് അന്ന് ആ ചിത്രങ്ങൾ പകർത്തിയത്. മുപ്പത് സെക്കന്റിൽ തന്നെ കെട്ടിടം മണ്ണിനടിയിലേക്ക് മറഞ്ഞു. സ്ഫോടനത്തിന്റെ പ്രകമ്പനം എന്ന പോലെ വലിയ തോതിൽ പൊടിപടലങ്ങൾ ചുറ്റും നിറഞ്ഞു. പൊടി പടരുന്നത് തടയാൻ ചുറ്റിലും നിരവധി ഫയർ എൻജിനുകൾ വെള്ളം ചീറ്റിക്കൊണ്ട് നിലയുറപ്പിച്ചിരുന്നതും പ്രശാന്ത് ഓർക്കുന്നു. ഏതാനും സമയത്തിനകം ഷിക്കാഗോ ബീച്ച് ഹോട്ടൽ നിന്ന സ്ഥലം ശൂന്യമായി മാറി. ദുബായിയുടെ ചരിത്രത്തിൽനിന്ന് അത് അപ്രത്യക്ഷമായി. മദീനത് അൽ ജുമേറ എന്ന നക്ഷത്ര ഹോട്ടലും വൈൽഡ് വാദി എന്ന അമ്യൂസ്‌മെന്റ് പാർക്കും പിന്നീട് ഈ സ്ഥലത്ത് ഉയർന്നുവന്നത് ദുബായിയുടെ പുതിയ ചരിത്രം.