ദുബായ്: ഇന്ത്യക്കാരിയായ നാലുവയസ്സുകാരി കാറുകൾക്കിടയിൽപെട്ട് ദാരുണമായി മരിച്ചതിന്റെ ഞെട്ടൽ വിട്ടുമാറാതെ ദുബായ് ഇൻവെസ്റ്റ്‌മെന്റ് പാർക്കിലെ ഗ്രീൻഫീൽഡ് ഇന്റർനാഷണൽ സ്കൂൾ. സ്കൂളിലെ അധ്യാപകരും വിദ്യാർഥികളും രക്ഷിതാക്കളും ഉൾപ്പെടെയുള്ളവർക്ക്, സ്‌കൂൾവിട്ട് വീട്ടിലേക്ക് മടങ്ങാനിറങ്ങിയ നാലുവയസ്സുകാരി ഇൻസിയ വാജിയുടെ മരണം ഉൾക്കൊള്ളാനായിട്ടില്ല. കെ.ജി. ടുവിലെ വിദ്യാർഥിനിയായിരുന്നു ഇൻസിയ. സ്കൂളിന് തൊട്ടടുത്തുവെച്ചാണ് ഇൻസിയയ്ക്കും അമ്മ തസ്‌നിം വാജിക്കും അപകടമുണ്ടായത്.

തിങ്കളാഴ്ച വൈകീട്ട് 3.40-ഓടെ ക്ലാസിൽനിന്ന് മകളെ എടുക്കാനെത്തിയതാണ് തസ്‌നിം. മകളുമൊത്ത് പാർക്കിങ് പ്രദേശത്തേക്ക് എത്തിയപ്പോഴാണ് അപകടമെന്ന് ജബൽ അലി പോലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രിഗേഡിയർ ഡോ. ആദിൽ അൽ സുവൈദി അറിയിച്ചു. ആഫ്രിക്കക്കാരിയായ ഒരു സ്ത്രീയാണ് അപകടമുണ്ടാക്കിയ കാർ ഓടിച്ചിരുന്നത്. പിന്നിലേക്ക് എടുക്കുന്നതിനിടെ ബ്രേക്കിന് പകരം അബദ്ധത്തിൽ ആക്സിലറേറ്ററിൽ ചവിട്ടി. അതോടെ അതിവേഗതയിൽ എത്തിയ വാഹനം അമ്മയെയും കുഞ്ഞിനെയും ഇടിക്കുകയായിരുന്നു. അപകടമുണ്ടാക്കിയ കാറിന്റെയും നിർത്തിയിട്ടിരിക്കുകയായിരുന്ന മറ്റൊരു കാറിന്റെയും ഇടയിൽപ്പെട്ടാണ് കുഞ്ഞ് മരിച്ചത്. സംഭവസ്ഥലത്തുവെച്ചുതന്നെ കുഞ്ഞ് മരിച്ചിരുന്നു.

സമീപം പാർക്ക് ചെയ്തിരുന്ന മറ്റ് മൂന്ന് കാറുകൾക്കും അപകടത്തിൽ നാശനഷ്ടങ്ങളുണ്ടായി. ഗുരുതരമായി പരിക്കേറ്റ തസ്‌നിം വാജി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇൻസിയയുടെ ശവസംസ്കാരം ചൊവ്വാഴ്ച നടന്നു. ഇവരെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.