ദുബായ് : മുങ്ങിമരിച്ച് 30 ദിവസത്തിലേറെ കടലിൽ പൊങ്ങിക്കിടന്ന മൃതദേഹത്തിൽ കോവിഡ് സ്ഥിരീകരിച്ചതായി ദുബായ് പോലീസിലെ ഫൊറൻസിക് ഡോക്ടർമാർ.

മരണംനടന്ന് ഒരു മാസത്തിലേറെയായി മൃതശരീരത്തിൽ കൊറോണ വൈറസ് നിലനിന്നിരുന്നതായും ഡോക്ടർമാർ അറിയിച്ചു. നടപടിക്രമങ്ങൾക്കായി 17 ദിവസം മോർച്ചറിയിൽ സൂക്ഷിച്ച മറ്റൊരു മൃതദേഹത്തിലും കൊറോണ വൈറസ് ബാധ നിലനിന്നിരുന്നതായും ദുബായ് പോലീസ് അറിയിച്ചു. എന്നാൽ, ഈ മരണം എങ്ങനെയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കിയിട്ടില്ല.

രണ്ടുകേസിലും പ്രത്യേക പഠനംനടത്തി അധികം വൈകാതെ വിവരങ്ങൾ പുറത്തുവിടുമെന്ന് ദുബായ് പോലീസ് ജനറൽ ഡിപ്പാർട്‌മെന്റ് ഓഫ് ക്രിമിനൽ എവിഡൻസ് ആൻഡ് ക്രിമിനോളജിയിലെ ഫൊറൻസിക് മെഡിസിൻ വിഭാഗം ഡയറക്ടർ മേജർ ഡോ. അഹമ്മദ് അൽ ഹാഷ്മി പറഞ്ഞു.

മിക്ക വൈറസുകളും മനുഷ്യന്റെ മരണത്തോടെ ഇല്ലാതാകുന്നുവെന്നാണ് നിലവിലുള്ള ഗവേഷണങ്ങളിലെ കണ്ടെത്തൽ. എന്നാൽ, മൃതദേഹങ്ങളിൽ വൈറസ് സജീവമായിരിക്കുന്നുവെന്നത് പഠനവിധേയമാക്കേണ്ടതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മൃതദേഹങ്ങളിൽ കോവിഡ് സാന്നിധ്യമുണ്ടോ എന്ന് കണ്ടെത്താൻ ദുബായ് പോലീസിന്റെ ഫൊറൻസിക് വിഭാഗത്തിന് പ്രത്യേക സംഘമുണ്ട്.