ദുബായ്: സാധ്യതകൾ നിറഞ്ഞ ഒരു പുതുയുഗപ്പിറവിക്കായി സ്വയം തയ്യാറാകാൻ ആഹ്വാനംചെയ്ത് യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ദുബായ് കൗൺസിൽ യോഗത്തിന്റെ രണ്ടാംദിനത്തിലായിരുന്നു ശൈഖ് മുഹമ്മദിന്റെ ആഹ്വാനം. യോഗത്തിൽ സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള പുതിയ പദ്ധതികളും അദ്ദേഹം പ്രഖ്യാപിച്ചു. സമ്പദ്‌വ്യവസ്ഥയുടെ വികസനത്തിന് ദുബായ് ഫ്യൂച്ചർ ഡിസ്ട്രിക്ട് ആരംഭിച്ചു. പുതിയ നിക്ഷേപകമ്പനികളെ സഹായിക്കുന്നതിനായി 100 കോടി ദിർഹവും നീക്കിവെക്കും. ഡി.ഐ.എഫ്.സി., എമിറേറ്റ്‌സ് ടവേഴ്‌സ്, ദുബായ് വേൾഡ് ട്രേഡ് സെന്റർ എന്നിവയുമായി ദുബായ് ഫ്യൂച്ചർ ഡിസ്ട്രിക്ട്‌ ബന്ധിപ്പിക്കും.

2025-ഓടെ ദുബായിലെ എണ്ണയിതര വിദേശവ്യാപാരം ഇരട്ടിയാക്കാനുള്ള നിർദേശങ്ങൾ നൽകിയതായും ശൈഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു. എണ്ണയിതര വിദേശവ്യാപാരം ഉയർത്തുന്നതിനോടൊപ്പം അഞ്ച് ഭൂഖണ്ഡങ്ങളിലെ സമ്പദ് വ്യവസ്ഥയുടെ മേഖലകളിൽ ദുബായ് 50 ഓഫീസുകൾ തുറക്കും. ദുബായിലെ ടൂറിസം, നിക്ഷേപ അവസരങ്ങൾ ഈ ഓഫീസുകൾ വഴി അതത് ഭൂഖണ്ഡങ്ങളിൽ പ്രോത്സാഹിപ്പിക്കും. പുതിയ സമ്പദ് വ്യവസ്ഥയുടെ ലോക തലസ്ഥാനമായി ദുബായ് മാറും. വലിയ മാറ്റങ്ങളുടെയും യഥാർഥ പരിവർത്തനത്തിന്റെയും വർഷമായിരിക്കും 2020. ഒരു വികസനക്കുതിപ്പിന് തുടക്കമാകുമെന്നും അടുത്ത ദശകത്തിലേക്ക് പൂർണമായും നയിക്കുന്ന വർഷമാണിതെന്നും ശൈഖ് മുഹമ്മദ് വിശദീകരിച്ചു.

Content Highlights: Dubai becoming the world capital of new economy