ദുബായ്: ഉപഭോക്തൃ സേവനങ്ങളും സർക്കാറിന്റെ കാര്യക്ഷമതയും ജീവിത നിലവാരവും മെച്ചപ്പെടുത്തുന്നതിന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ )ദേശീയ നയം 2031 പ്രഖ്യാപിച്ചു. യു .എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോഗമാണ് നയം പ്രഖ്യാപിച്ചത്.

2031 ആകുമ്പോളേക്കും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികതയിൽ ലോകത്തെ നയിക്കുന്ന രാജ്യങ്ങളിലൊന്നായി യു .എ.ഇ.യെ മാറ്റുകയാണ് പുതിയ നയത്തിന്റെ ലക്ഷ്യം. ഗതാഗതം, ടൂറിസം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിൽ എ.ഐ സാങ്കേതികത ഉപയോഗിക്കുന്ന സംരംഭങ്ങളും ഇതോടൊപ്പം നടപ്പാക്കും. ആഗോളതലത്തിൽ എ.ഐ. യുടെ കേന്ദ്രസ്ഥാനമായി യു .എ.ഇ.യെ മാറ്റുക, ഉപഭോക്തൃ സേവനങ്ങളിൽ എ.ഐ. ഉപയോഗിച്ച് ജീവിതനിലവാരം ഉയർത്തുക, ഭാവിയിലെ തൊഴിലവസരങ്ങളിലേക്ക് പ്രതിഭകളെ പരിശീലിപ്പിക്കുക, ഗവേഷകരെ ആകർഷിക്കുക, എ.ഐ. ക്ക് വേണ്ടി കൃത്യമായ നിയമനിർമാണം നടത്തുക തുടങ്ങി എട്ട് ലക്ഷ്യങ്ങളാണ് യു.എ.ഇ. ദേശീയ നയത്തെ മുന്നോട്ട് നയിക്കുക. പുതിയ അവസരങ്ങൾ തുറക്കുന്നതിനൊപ്പം രാജ്യത്തെ സമ്പത്ഘടനയുടെ വളർച്ചക്കും എ.ഐ സാങ്കേതികത സഹായമാകും.

ആദ്യ ഘട്ടത്തിൽ ഊർജം, ആരോഗ്യം, ടൂറിസം, ഹോസ്പിറ്റാലിറ്റി, ഗതാഗതം, സൈബർസുരക്ഷ എന്നീ മേഖലകളിലാണ് എ.ഐ. നയം നടപ്പാക്കുക. ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ ഒരു യു.എ.ഇ. ബ്രാൻഡ് നിർമിക്കാനും പദ്ധതിയുണ്ട്.

Content Highlights: Dubai artificial intelligence strategy