ദുബായ്: വിനോദ സഞ്ചാരം, ഹോട്ടൽ-ഹോസ്പിറ്റാലിറ്റി മേഖലയിലെ മിഡിൽ ഈസ്റ്റിലെ ഏറ്റവുംവലിയ മേളയായ അറേബ്യൻ ട്രാവൽമാർക്കറ്റ് ഞായറാഴ്ച ദുബായിൽ തുടങ്ങും. ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നടക്കുന്ന മേളയിൽ വിവിധരാജ്യങ്ങളിൽനിന്നുള്ള 2500 പ്രദർശകർ പങ്കെടുക്കും. 150 രാജ്യങ്ങളിൽ നിന്നുള്ള 40,000 പ്രതിനിധികൾ മേളയുടെ ഭാഗമാകും. ടൂറിസം മേഖലയിലെ പുതിയ സാധ്യതകൾ, സാങ്കേതികതകൾ, പുത്തൻ ട്രെൻഡുകൾ എന്നിവയെല്ലാം ഒരു കുടക്കീഴിൽ കൊണ്ടുവരുന്ന മേള മിഡിൽ ഈസ്റ്റിന്റെ വിനോദസഞ്ചാരമേഖലയ്ക്ക് പുത്തൻ ഉണർവേകും.

ഇത്തവണ ആദ്യമായി അറേബ്യ-ചൈന ടൂറിസം ഫോറവും നടക്കും. ആഗോള ഹലാൽ ടൂറിസം ഉച്ചകോടി, എ.ടി.എം. ഹോട്ടൽ ഇൻഡസ്ട്രി ഉച്ചകോടി, ട്രാവൽ ടെക്ക് പ്രദർശനം എന്നിവയാണ് മറ്റ് പ്രധാന പരിപാടികൾ. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയുള്ള പദ്ധതികൾക്കും, സാങ്കേതികതയിലൂന്നിയുള്ള ടൂറിസം വികസനത്തിനുമാകും ഇക്കുറി യു.എ.ഇ. മുൻതൂക്കം നൽകുക. ടൂറിസം കമ്പനികൾക്ക് പുതിയ പങ്കാളികളെയും നിക്ഷേപകരെയും കണ്ടെത്താനും വിവിധ രാജ്യങ്ങളിൽനിന്നുള്ള വ്യത്യസ്ത സംരംഭങ്ങൾ പരിചയപ്പെടാനും മേള വേദിയാകും. മേള ബുധനാഴ്ച സമാപിക്കും.