ദുബായ്: ത്യാഗസ്മരണ പുതുക്കി യു.എ.ഇ.യിൽ വിശ്വാസികൾ വെള്ളിയാഴ്ച ബലിപെരുന്നാൾ ആഘോഷിക്കുന്നു. കോവിഡിന്റെ പശ്ചാത്തലത്തിൽ നിശബ്ദമായി ഫ്ളാറ്റുകളിലാണ് പ്രവാസികളുടെ ഇത്തവണത്തെ ആഘോഷം. നാട്ടിൽ നിന്നെത്തുന്ന ഗായക സംഘത്തിന്റെ ഗാനമേളകളും പാർക്കുകളിലെയും സംഘടനാ കാര്യാലയങ്ങളിലെയും ഒത്തുചേരലുകളും വിനോദയാത്രയുമെല്ലാമായി നാലുദിവസം ആഘോഷം പൊടിപൊടിച്ചിരുന്ന പ്രവാസികൾക്ക് ഇത്തവണത്തേത് വേറിട്ട അനുഭവം. പൊതുസ്ഥലത്തും സ്വകാര്യയിടങ്ങളിലും കൂട്ടം കൂടലുകൾക്ക് കനത്ത പിഴ ശിക്ഷയാണ് ഇത്തവണ യു.എ.ഇ.യിലുള്ളത്. അതിനാൽ ആഘോഷങ്ങൾ താമസകേന്ദ്രങ്ങളിൽ ഒതുങ്ങി. ഓൺലൈനായി ബന്ധുക്കളെ കണ്ട്‌ സംസാരിച്ചു. ഇഷ്ടവിഭവങ്ങൾ വീടുകളിൽ തന്നെ പാകം ചെയ്തു.

സാധാരണ ബാച്ചിലർജീവിതം നയിക്കുന്നവർ സുഹൃത്തുക്കൾക്കൊപ്പം ബലിപെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമാവാറാണ് പതിവ്. ഇത്തവണ ഹോട്ടലുകളിൽ പെരുന്നാൾ വിഭവങ്ങൾ ഓർഡർചെയ്ത് തനിച്ചുള്ള ആഘോഷമായി. നാലുദിവസത്തെ അവധിക്ക് നാട്ടിലേക്കോ, വിദേശ രാജ്യങ്ങളിലേക്കോ വിനോദയാത്രയ്ക്ക് പോകുന്നതും ഒട്ടേറെപ്പേരുടെ പെരുന്നാൾ പതിവായിരുന്നു. ഇത്തവണ ആ പതിവും തെറ്റി. പുതുവസ്ത്രങ്ങളും പാദരക്ഷകളും വാങ്ങുന്നതും പെരുന്നാളിന്റെ പ്രത്യേകതയാണ്. എന്നാൽ അവശ്യവസ്തുക്കളൊഴികെ മറ്റുള്ളവ വാങ്ങാനും ആളുകൾ മടിച്ചു.

വ്യാഴാഴ്ച പുലർച്ചെ മുതൽ വൈകീട്ട് ഇശാഅ നമസ്കാരം വരെ നീണ്ടുനിന്ന വ്രതാചരണവും പ്രാർഥനകളുമെല്ലാം വൈറസ് മുക്തമായ പുതുലോകത്തിനായുള്ളതായിരുന്നു. പള്ളികളിൽ ഒന്നിച്ചിരുന്നുള്ള പ്രാർഥനകൾക്ക് പകരമാവില്ലെങ്കിലും അവരവരുടെ സ്വകാര്യതയിൽ ഏവരും സർവശക്തനോട് ബലിപെരുന്നാൾ പ്രാർഥനകളും നമസ്കാരവും നടത്തി. നമസ്കാരത്തിന് മുന്നോടിയായി രാജ്യത്തുടനീളമുള്ള പള്ളികളിൽ തക്ബീർ മുഴങ്ങും. കോവിഡ് നിയന്ത്രണങ്ങൾ ഉള്ളതിനാൽ രാജ്യത്തെ പള്ളികളിലും ഈദ് മുസല്ലകളിലും കൂട്ടപ്രാർഥനകൾ സംഘടിപ്പിക്കരുതെന്ന് മുന്നറിയിപ്പുണ്ട്. വ്യക്തിപരമായോ കുടുംബമായോ പ്രാർഥന നിർവഹിക്കണമെന്നായിരുന്നു നിർദേശം.

ആശംസകൾ നേർന്ന് യു.എ.ഇ. ഭരണാധികാരികൾ

യു.എ.ഇ. ജനതയ്ക്ക് ബലിപെരുന്നാൾ ആശംസകൾ നേർന്ന് ഭരണാധികാരികൾ. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തും അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധസേന ഉപ സർവ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവർ സാമൂഹികമാധ്യമങ്ങളിലൂടെ ആശംസയറിയിച്ചു. ‘ഏവർക്കും സന്തോഷം നിറഞ്ഞ ഈദ് ആശംസിക്കുന്നു, നമ്മുടെ രാജ്യത്തിനും ജനങ്ങൾക്കും ഈദ് ആശംസകൾ. നമ്മുടെ ഭാവി പ്രസന്നമാവട്ടെ. ലോക ജനതയിൽ സന്തോഷവും ഐക്യവും നിലനിൽക്കട്ടെ’ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തും ട്വിറ്ററിൽ കുറിച്ചു. ‘ഈ ഈദ് നിങ്ങളിൽ സമാധാനവും ആരോഗ്യവും ദീർഘായുസ്സും പ്രദാനം ചെയ്യട്ടെ, നിങ്ങൾക്കും കുടുംബങ്ങൾക്കും എല്ലാ നന്മകളും നേരുന്നുവെന്നും’ ശൈഖ് മുഹമ്മദ് കുറിച്ചു.