ദുബായ് : പാചകവാതകം ചോർന്ന് ദുബായ് ഖിസൈസിലെ റെസ്റ്റോറന്റിൽ വൻസ്ഫോടനം. തിങ്കളാഴ്ച പുലർച്ചെ ദമാസ്കസ് സ്ട്രീറ്റിന് സമീപത്തെ കെട്ടിടത്തിലായിരുന്നു അപകടം. ആളപായമോ പരിക്കോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. അപ്പാർട്ട്‌മെന്റ് കെട്ടിടത്തിന്റെ താഴെ നിലയിൽ പ്രവർത്തിച്ചിരുന്ന റെസ്റ്റോറന്റിലാണ് സ്ഫോടനമുണ്ടായത്. സമീപത്ത് പ്രവർത്തിച്ചിരുന്ന ഫാർമസിയും സലൂണും അടുത്തുണ്ടായിരുന്ന മൂന്ന് കാറുകളും സ്ഫോടനത്തിൽ തകർന്നു.

പുലർച്ചെ നാല് മണിയോടെയാണ് സംഭവം. റെസ്റ്റോറന്റ് അടച്ചിരുന്നപ്പോഴാണ് സ്ഫോടനമുണ്ടായതെന്ന് പോലീസ് സ്റ്റേഷൻ ആക്ടിങ് ഡയറക്ടർ ബ്രിഗേഡിയർ അബ്ദുൽ ഹലീം അൽ ഹാഷിമി അറിയിച്ചു. സംഭവം നടന്ന ഉടൻതന്നെ പോലീസ് പട്രോൾ സംഘവും സിവിൽ ഡിഫൻസും സ്ഥലത്തെത്തി.

കെട്ടിടത്തിൽ ഉണ്ടായിരുന്ന ആളുകളെയെല്ലാം സുരക്ഷ മുൻനിർത്തി ഒഴിപ്പിച്ചു.

പാചകവാതകം ചോർന്നതിനെ തുടർന്നാണ് സ്ഫോടനമുണ്ടായതെന്ന് ബ്രിഗേഡിയർ അബ്ദുൽ ഹലീം അൽ ഹാഷിമി സ്ഥിരീകരിച്ചു.

അതേസമയം, ഫോറൻസിക് ആൻഡ് ക്രിമിനോളജി വകുപ്പിൽനിന്നുള്ള ഉദ്യോഗസ്ഥരെത്തി തെളിവുകൾ ശേഖരിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തും. ഹോട്ടൽ, റെസ്റ്റോറന്റ് ഉടമകൾ തങ്ങളുടെ സ്ഥാപനങ്ങളിൽ ആവശ്യമായ എല്ലാ സുരക്ഷാ സംവിധാനങ്ങളും ഏർപ്പെടുത്തണമെന്നും ഉപകരണങ്ങളുടെ പരിശോധനകൾ കൃത്യസമയത്ത് നടത്തണമെന്നും പോലീസ് അറിയിച്ചു.