ദുബായ്: അത്യാവശ്യസമയങ്ങളിൽ ചുവന്ന ട്രാഫിക് സിഗ്നലുകളെ പച്ചയാക്കി മാറ്റുന്നതിനും രോഗികളുടെ വിശദാംശങ്ങൾ ആശുപത്രികളിൽ തത്സമയം അറിയിക്കുന്നതിനും ആംബുലൻസുകളിൽ പ്രത്യേക സ്മാർട്ട് സംവിധാനങ്ങൾ നടപ്പാക്കുന്നു. ദേശീയ ആംബുലൻസ് സേവനങ്ങളും ആശുപത്രികളും തമ്മിലുള്ള സ്മാർട്ട്‌ കണക്ട്‌വിറ്റിക്കായി ഇത്തരത്തിലുള്ള ആദ്യപദ്ധതി യു.എ.ഇ. ആരോഗ്യപ്രതിരോധ മന്ത്രാലയമാണ് നടപ്പാക്കുന്നത്. ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ തുടരുന്ന അറബ് ഹെൽത്ത് 2020-യിലാണ് ആരോഗ്യവകുപ്പ് ഇക്കാര്യം പുറത്തുവിട്ടത്. ഭാവിയിലെ ആരോഗ്യസംരക്ഷണത്തിനും അടുത്ത 50 വർഷത്തേക്കുള്ള ലക്ഷ്യം കൈവരിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ പദ്ധതിയെന്ന് വകുപ്പ് പത്രക്കുറിപ്പിൽ അറിയിച്ചു.

പുതിയ സംവിധാനത്തിൽ വിളിക്കുന്നയാൾക്ക് ഏറ്റവും അടുത്തുള്ള ആംബുലൻസ് എവിടെയെന്ന് കണ്ടെത്താനും ആശുപത്രിയിലേക്ക് സാധ്യമായ ഏറ്റവും കുറഞ്ഞ വഴി തിരഞ്ഞെടുക്കാനും കഴിയും. ആശുപത്രികളിലെ അത്യാഹിത വിഭാഗങ്ങളുമായി സ്മാർട്ട്‌ ആംബുലൻസ് ബന്ധിപ്പിച്ചിരിക്കും. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പുമായി സഹകരിച്ച് സ്മാർട്ട് ആംബുലൻസുകളിൽ കൃത്യമായ ഡാറ്റാബേസ് സജ്ജീകരിക്കും. രോഗികളുടെ വിവരങ്ങൾ കാര്യക്ഷമമായും ഫലപ്രദമായും ലഭിക്കുന്നതിന് ആവശ്യമായ സമയം ഇത് കുറയ്ക്കും. ഇന്നൊവേഷൻ, നിർമിതബുദ്ധി ഉൾപ്പെടെ ആരോഗ്യമേഖലയിലെ ആഗോള സംഭവവികാസങ്ങളോടൊപ്പം വകുപ്പ് സഞ്ചരിക്കുന്നുവെന്ന് മന്ത്രാലയത്തിന്റെ ഹോസ്പിറ്റൽ സെക്ടറിലെ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഡോ. യൂസിഫ് അൽ സെർക്കൽ പറഞ്ഞു.

ഹൃദ്രോഗം തടയാൻ ഉപകരണം

ഹൃദ്രോഗം തടയാൻ അതിനൂതന ഉപകരണമാണ് അറബ് ഹെൽത്ത് പ്രദർശനത്തിൽ പരിചയപ്പെടുത്തുന്നത്. ഹൃദ്രോഗം ഉണ്ടാകുന്നതിന് മുൻപ് അവ തടയാൻ സഹായിക്കുന്ന നിർമിതബുദ്ധിയിൽ അധിഷ്ഠിതമായ മോണിറ്ററിങ് സിസ്റ്റം കാർഡിയാക് ആർഹൈത്മിയയാണ് പുറത്തിറക്കിയത്. ക്രമരഹിതമായ ഹൃദയമിടിപ്പ് ഇത് കണ്ടുപിടിക്കും. മിഡിലീസ്റ്റിൽ ആദ്യമായാണ് ഇത്തരമൊരു ഉപകരണം പ്രദർശിപ്പിക്കുന്നത്.

‘എനായതി’ പ്രവചിക്കും അപകട സാധ്യതകൾ

ആരോഗ്യപരമായ അപകടസാധ്യതകൾ പ്രവചിക്കുന്ന ‘എനായതി’ സാങ്കേതികവിദ്യ അറബ് ഹെൽത്തിൽ ആരോഗ്യമന്ത്രാലയം പുറത്തിറക്കി. രോഗിയുടെ ശരീരവുമായി പ്രത്യേക ആപ്ലിക്കേഷനുകളും സ്മാർട്ട് സിസ്റ്റവും ഘടിപ്പിച്ച് ആരോഗ്യലക്ഷണങ്ങൾ തിരിച്ചറിയുകയാണ് ഇതിലൂടെ ചെയ്യുന്നത്. ഗുരുതരമായ അപകടസാധ്യതകൾ നിരീക്ഷിച്ച് മുന്നറിയിപ്പും നൽകും. വിട്ടുമാറാത്ത രോഗമുള്ളവർ, ഗർഭിണികൾ, നിശ്ചയദാർഢ്യമുള്ളവർ, തൊഴിലാളികൾ, പോലീസ്, സൈനിക ഉദ്യോഗസ്ഥർ എന്നിവർക്ക്‌ ഈ സംവിധാനം പ്രയോജനപ്പെടും.

അറബ് ഹെൽത്ത് നാളെവരെ

159 രാജ്യങ്ങളിൽനിന്നും 55,000-ത്തിലധികം സന്ദർശകരെയാണ് അറബ് ഹെൽത്ത് ഇത്തവണ സ്വാഗതം ചെയ്യുക. 64 രാജ്യങ്ങളിൽ നിന്നുള്ള 4250 കമ്പനികളും പ്രദർശനത്തിന്റെ ഭാഗമാകുന്നുണ്ട്. അതിനൂതന സാങ്കേതിക വിദ്യകളാണ് അറബ് ഹെൽത്ത് പരിചയപ്പെടുത്തുക. മിഡിൽ ഈസ്റ്റിലെ ഏറ്റവുംവലിയ ആരോഗ്യ സംരക്ഷണ പരിപാടിയാണ് അറബ് ഹെൽത്ത്. രാവിലെ 10 മുതൽ വൈകീട്ട് അഞ്ചുവരെയാണ് സന്ദർശന സമയം. വ്യാഴാഴ്ചവരെയാണ് പ്രദർശനം.