ദുബായ്: ജൈവകൃഷിയും ജൈവ ഉത്പന്നങ്ങളും കേവലം പച്ചക്കറിയിൽ മാത്രമല്ല... നിത്യജീവിതത്തിൽ എന്തെല്ലാം ആവശ്യമുണ്ടോ അതെല്ലാം ജൈവകൃഷിയിലൂടെ വിപണിയിലെത്തുന്നുണ്ട് എന്ന് വിളിച്ചുപറയുന്നതാണ് ദുബായിൽ നടന്നുവരുന്ന ഓർഗാനിക് ആൻഡ് നാച്വറൽ എക്സ്പോ.
വിപണിയിൽ എന്തെല്ലാമുണ്ടോ അതിന്റെ കൃത്യമായ ജൈവഉത്പന്നങ്ങളും സമൃദ്ധമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടാവുന്നു എന്നതാണ് ദുബായ് വേൾഡ് ട്രേഡ് സെന്റർ എക്സിബിഷൻ ഹാൾ അഞ്ചിലും ആറിലും നടക്കുന്ന പ്രദർശനം പറയുന്നത്. ജൈവ കൃഷിയിലൂടെ ഉത്പാദിപ്പിക്കുന്ന വിഭവങ്ങൾ ഉപയോഗിച്ചാണ് മറ്റുത്പ്പന്നങ്ങളും ഉണ്ടാക്കുന്നത്. ജൈവ കൃഷിയിലൂടെ കാന്താരി മുളക് മുതൽ എല്ലാം ലഭ്യമാണ്. സൗന്ദര്യ വർധകവസ്തുക്കൾ മുതൽ പുരുഷന്മാർക്ക് മികച്ച ശക്തി നൽകാനുള്ള സപ്ലിമെന്റുകളും ഇവിടെ ജൈവഉത്പന്നങ്ങളായി വിപണി കീഴടക്കുന്നു.
യു.എ.ഇ. പരിസ്ഥിതി -കാലാവസ്ഥാ വ്യതിയാന വകുപ്പ് മന്ത്രി ഡോ. താനി ബിൻ അഹമ്മദ് അൽ സിയോദിയാണ് ചൊവ്വാഴ്ച കാലത്ത് മേള ഉദ്ഘാടനം ചെയ്തത്. ഐഫോം ഓർഗാനിക്സ് ഇന്റർനാഷനലിന്റെ സഹകരണത്തോടെ ഇത് പതിനേഴാം വർഷമാണ് ദുബായിൽ മിഡിൽ ഈസ്റ്റ് ഓർഗാനിക് ആൻഡ് നാച്വറൽ എക്സ്പോ അരങ്ങേറുന്നത്. 56 രാജ്യങ്ങളിൽനിന്നുള്ള ഇരുനൂറിലേറെ കമ്പനികളാണ് മേളയിൽ പങ്കെടുക്കുന്നത്. പതിനാറ്് രാജ്യങ്ങളുടെ സ്വന്തം പവലിയനുകൾ വേറെയുമുണ്ട്. ഇന്ത്യയിൽനിന്ന് ധാരാളംകമ്പനികൾ എത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 22 ശതമാനമാണ് പങ്കാളിത്തത്തിലെ വർധനയെന്ന് എക്സിബിഷൻ ഡയറക്ടർ ഷിനു പിള്ള പറയുന്നു. നേരത്തെ ഇത്തരം ഉത്പന്നങ്ങൾ പ്രാദേശികമായി വിപണനം ചെയ്യാൻ കമ്പനികൾക്കുണ്ടായിരുന്ന പ്രയാസങ്ങൾ കണക്കിലെടുത്ത് അറേബ്യൻ ഓർഗാനിക്സ് എന്ന പേരിൽ പുതിയൊരു സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. എല്ലാവരുടെയും ഉത്പന്നങ്ങൾ പ്രാദേശികമായി രജിസ്റ്റർ ചെയ്തശേഷമായിരിക്കും വിപണനമെന്നും അദ്ദേഹം വ്യക്തമാക്കി.
ട്രോളിയിൽ ഘടിപ്പിച്ചും അല്ലാതെയും യഥേഷ്ടം കൊണ്ടുപോകാവുന്ന ജൈവകൃഷിക്കുള്ള മൊബൈൽ കൃഷിയിടങ്ങളുമായി ഓസ്ട്രേലിയയിൽ നിന്നെത്തിയ വെജിപോഡ് കമ്പനിയുടെ സ്റ്റാൾ ജനങ്ങളെ ആകർഷിക്കുന്നുണ്ട്. കീടങ്ങളെ അകറ്റാനുള്ള വലയും വെള്ളത്തിന്റെ ഉപഭോഗം 85 ശതമാനം വരെ കുറച്ചുകൊണ്ടുവരാനുള്ള സംവിധാനവും ഇതിനുണ്ട്. ജൈവകൃഷിക്കാവശ്യമായ മണ്ണും ഇവർ വാഗ്ദാനം ചെയ്യുന്നു. ലൈംഗിക സംതൃപ്തിക്ക് വേണ്ടിയുള്ള പ്രത്യേക ജൈവ സപ്ലിമെന്റുകളും മിക്കവാറും എല്ലാകമ്പനികളും അവതരിപ്പിക്കുന്നു. വയാഗ്രയേക്കാൾ ഫലപ്രദമാണെന്നാണ് മിക്കവരുടെയും അവകാശവാദം.