ദുബായ്: യു.എ.ഇ. ദേശീയദിനത്തിൽതന്നെ പിറന്നുവീഴാൻ ഭാഗ്യം ലഭിച്ച കുരുന്നുകൾ ദിനത്തെ കൂടുതൽ അവിസ്മരണീയമാക്കി. ഡിസംബർ രണ്ടിന് പുലർച്ചെ 12.01-നാണ് അബുദാബി ബുർജീൽ ആശുപത്രിയിൽ റയാൻ ഫൗക്കജ്ദി എന്ന ആദ്യകുരുന്നിന്റെ ജനനം. മൊറോക്കൻ-ഫിലിപ്പീൻസ് ദമ്പതിമാരുടെ കുഞ്ഞിന് മൂന്ന് കിലോയായിരുന്നു ഭാരം. ജീവിതത്തിലെ ഏറ്റവും വിലയേറിയ മുഹൂർത്തം അഭിമാനമായ രാജ്യത്തിന്റെ ദേശീയദിനത്തിൽ തന്നെ വന്നുചേർന്നതിൽ അവർ അതിയായ സന്തോഷം പ്രകടിപ്പിച്ചു. ഷാർജ അൽ സഹ്‌റ ആശുപത്രിയിൽ 12.12 നായിരുന്നു ദിയാബ് എന്ന ഇമറാത്തി കുഞ്ഞിന്റെ ജനനം. അതേ ആശുപത്രിയിൽ 12.32-ന് മറ്റൊരു ഇമറാത്തി കുഞ്ഞുകൂടി പിറന്നു.

ദുബായ് ആസ്റ്റർ ആശുപത്രിയിൽ പുലർച്ചെ 2.05-ന് ഇന്ത്യൻ ദമ്പതിമാരായ തൻവീർ അബ്ബാസിനും ഷബാന ബാനോയ്ക്കും കുഞ്ഞ് ജനിച്ചു. അബുദാബി ബറീൻ ഇന്റർനാഷണൽ ആശുപത്രിയിൽ വെച്ചായിരുന്നു രാവിലെ 8.54-ന് മറ്റൊരു ഇമറാത്തി കുഞ്ഞായ ഹമീദിന്റെ ജനനം. അജ്മാൻ തുംബെ ഹോസ്പിറ്റലിൽ പാലസ്തീൻ ദമ്പതിമാർക്ക്‌ ദേശീയദിനത്തിൽ തന്നെ ഒരാൺകുഞ്ഞും ജോർദാൻ ദമ്പതിമാർക്ക് ഒരു പെൺകുഞ്ഞും പിറന്നു. നവജാതശിശുക്കളെ അജ്മാൻ പോലീസ് സന്ദർശിച്ചു.

രാവിലെ 10.15-ന് ദുബായ് പ്രൈം ആശുപത്രിയിൽ ഫിലിപ്പീൻ ദമ്പതിമാർക്ക്‌ കുഞ്ഞ് ജനിച്ചു. മക്കളുണ്ടാവുക എന്നത് ഏത് സമയവും ആഹ്ലാദം തരുന്ന അനുഭവമാണ്. പക്ഷെ മഹത്തായ രാജ്യത്തിന്റെ ദേശീയദിനത്തിൽതന്നെ കുഞ്ഞ് പിറന്നതിൽ അഭിമാനിക്കുന്നതായി രക്ഷിതാക്കൾ പറഞ്ഞു.