ദുബായ്: ആരോഗ്യമേഖലയിലെ സഹകരണംതേടി ഇന്ത്യയിലെ പ്രമുഖ ആശുപത്രികൾ ദുബായ് ആരോഗ്യ വിഭാഗം (ഡി.എച്ച്.എ.) സന്ദർശിക്കുന്നു. ഡി.എച്ച്.എ. ഡയറക്ടർ ജനറൽ ഹുമൈദ് അൽ ഖത്താമിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘമാണ് സന്ദർശനം നടത്തുന്നത്. കേരളം, ബെംഗളൂരു, മുംബൈ എന്നിവിടങ്ങളിലെ പ്രധാന ആശുപത്രികളിലാണ് സന്ദർശനം.

മെഡിക്കൽ ഗവേഷണം, അർബുദ പരിചരണം, കാർഡിയോളജി, അവയവമാറ്റ ശസ്ത്രക്രിയ, ആരോഗ്യ നവീകരണം, മാനസികാരോഗ്യ സേവനങ്ങൾ, വയോജന സേവനങ്ങൾ എന്നിവയിൽ സഹകരണം ഉറപ്പുവരുത്തുകയാണ് ലക്ഷ്യമെന്ന് അൽ ഖത്താമി പറഞ്ഞു. ഇന്ത്യയിലെ പ്രധാന ആരോഗ്യ സംഘടനകളുമായുള്ള പങ്കാളിത്തം വളർത്തും. ദുബായിലെ ആരോഗ്യ സംരക്ഷണ സംവിധാനം കൂടുതൽ മെച്ചപ്പെടുത്തി, രോഗികൾക്ക് ലോകോത്തര നിലവാരമുള്ള പരിചരണം നൽകുകയും ലക്ഷ്യമിടുന്നുണ്ടെന്ന് അൽ ഖത്താമി വ്യക്തമാക്കി. ആരോഗ്യസേവനങ്ങളുടെ ആഗോള ലക്ഷ്യസ്ഥാനം എന്ന നിലയിൽ ദുബായിയുടെ സ്ഥാനം ഉറപ്പിക്കാൻ ഇതിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ ആരോഗ്യ കുടുംബക്ഷേമ വകുപ്പിലെ അംഗങ്ങളുമായി സംഘം ചർച്ച നടത്തി. കൊച്ചി ആസ്റ്റർ മെഡ്‌സിറ്റി, വി.പി.എസ്. ലേക്ക്ഷോർ, അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് റിസർച്ച് സെന്റർ എന്നിവ സന്ദർശിച്ചു. അവയവമാറ്റ ശസ്ത്രക്രിയയിലെ നൂതന സാങ്കേതികവിദ്യകളെക്കുറിച്ചും അതിസങ്കീർണമായ ശസ്ത്രക്രിയകളെക്കുറിച്ചും വിദഗ്ധരടങ്ങുന്ന സംഘം ചർച്ച ചെയ്തു.

കൊച്ചി ആസ്റ്റർ മെഡ്‌സിറ്റിയിലെത്തിയ ദുബായ് ആരോഗ്യവിഭാഗം സംഘത്തെ ആസ്റ്റർ ഡി.എം. ഹെൽത്ത് കെയർ സ്ഥാപക ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ, മെഡ്‌സിറ്റി ടീമംഗങ്ങൾ എന്നിവർ ചേർന്ന് സ്വീകരിച്ചു. ദുബായ് ഹെൽത്ത് കെയർ കോർപ്പറേഷൻ സി.ഇ.ഒ. ഡോ. യൂനസ് കാസിം, ദുബായ് ആശുപത്രി സി.ഇ.ഒ. ഡോ. മറിയം അൽ റഹീസി, ലത്തീഫ ആശുപത്രി സി.ഇ.ഒ. ഡോ.മ ോന തഹ് ലക്ക്, റാഷിദ് ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ. മൻസൂർ നത്താരി, യു.എ.ഇ. പ്രധാനമന്ത്രിയുടെ ഓഫീസിലെ ഇൻഫർമേഷൻ ആൻഡ് സ്മാർട്ട് ഹെൽത്ത് ഡയറക്ടർ ഡോ. മുഹമ്മദ് അൽ റെദാ എന്നിവരോടൊപ്പമാണ് അൽ ഖത്താമി ആസ്റ്റർ മെഡ്‌സിറ്റിയിൽ എത്തിയത്. ആരോഗ്യമേഖലയിലെ സാങ്കേതിക മുന്നേറ്റങ്ങൾ, അടിയന്തരസേവനം, റോബോട്ടിക് ചികിത്സ തുടങ്ങി ആസ്റ്റർ മെഡ്‌സിറ്റിയുടെ സവിശേഷതകൾ മെഡ്‌സിറ്റി സംഘം വിശദീകരിച്ചുനൽകി.