ദുബായ്: ആഗോളമാന്ദ്യത്തിനിടയിലും യു.എ.ഇ.യിൽ ബിസിനസ് രംഗം 2.1 ശതമാനം വളർച്ച നേടിയതായി റിപ്പോർട്ട്. ദുബായിൽ ബിസിനസ് സംരംഭങ്ങൾ ആരംഭിക്കാൻ ഈ വർഷം കൂടുതൽ നിക്ഷേപകർ തയ്യാറെടുക്കുന്നതായാണ് വിവരം.
ദുബായ് സാമ്പത്തിക വികസന വകുപ്പിന്റെ (ഡി.ഇ.ഡി) ബിസിനസ് രജിസ്‌ട്രേഷൻ, ലൈസൻസിങ് (ബി.ആർ.എൽ) മേഖല പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ടിൽ 2019 ആദ്യ പകുതിയിൽ 14,737 പുതിയ ലൈസൻസുകൾ നൽകിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 11,059 ആയിരുന്നു. 33.25 ശതമാനമാണ് വാർഷിക വളർച്ച.
ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ നൽകിയ മൊത്തം ലൈസൻസുകളിൽ 52 ശതമാനവും വാണിജ്യ മേഖലയിലാണ്. 45 ശതമാനം പ്രൊഫഷണൽ രംഗത്തും ടൂറിസം രണ്ട് ശതമാനവും വ്യവസായവുമായി ബന്ധപ്പെട്ട് ഒരു ശതമാനവുമാണ്.