ദുബായ്: മധ്യപൂർവേഷ്യയിലെ ഏറ്റവും വലിയ ഷിപ്പിങ് കോൺഫറൻസിനും പുരസ്കാരദാന ചടങ്ങിനും ദുബായ് വേദിയാകും. ഏപ്രിൽ 16, 17 തീയതികളിൽ ദുബായ് ഡ്യുസിറ്റ് താനി ഹോട്ടലിലാണ് പത്താമത് ഷിപ്‌ടെക് അന്താരാഷ്ട്ര കോൺഫറൻസും പുരസ്കാരദാന ചടങ്ങും.

മാരിടൈം, ഒഫ്‌ഷോർ, ഓയിൽ ഗ്യാസ് മേഖലകളുമായി ബന്ധപ്പെട്ട ലോകത്തെ തന്നെ ഏറ്റവും വലിയ കോൺഫറൻസുകളിലൊന്നാണിത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും.

സമുദ്ര സമുദ്രാനുബന്ധ മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ചർച്ചകൾ നടക്കും. സമുദ്ര, കപ്പൽ ഇന്ധന ഗ്യാസ് മേഖലകളിൽ വരും വർഷങ്ങളിൽ സ്വീകരിക്കേണ്ട വ്യാവസായിക നയങ്ങളും വിപണി സാധ്യതകളും പ്രയോജനപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഷിപ്‌ടെക് അന്താരാഷ്ട്ര കോൺഫറൻസ് സംഘടിപ്പിക്കുന്നത്. ഷിപ്പിങ് മേഖലയിലെ പ്രമുഖ കമ്പനികളെല്ലാം കോൺഫറൻസിന്റെ ഭാഗമാകുമെന്ന് സംഘാടകരായ ബിസ് ഈവന്റ് മാനേജ്‌മെന്റ് അറിയിച്ചു. കഴിഞ്ഞ തവണ ഹോങ്കോങ്ങാണ് കോൺഫറൻസിന് വേദിയായത്.